---
title: "സൗദിയിൽ സ്കൂൾ ബസുകൾ നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് സംവിധാനം വരുന്നു"
english_title: "Automated system to monitor school buses coming in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86843/automated-system-to-monitor-school-buses-coming-in-saudi-arabia"
published_at: "2022-12-23T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a567be1a93f_schoolbus.jpg"
keywords: []
---

# സൗദിയിൽ സ്കൂൾ ബസുകൾ നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് സംവിധാനം വരുന്നു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ സ്‌കൂള്‍ ബസുകളുടെയും പ്രത്യേക ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന ബസുകളുടെയും പ്രവർത്തനം നിരീക്ഷിക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനം നടപ്പാക്കുന്നു.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ സ്‌കൂള്‍ ബസുകളുടെയും പ്രത്യേക ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന ബസുകളുടെയും പ്രവർത്തനം നിരീക്ഷിക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനം നടപ്പാക്കുന്നു.

അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതല്‍ സംവിധാനം നിലവില്‍ വരും. ഓപ്പറേറ്റിംഗ് ലൈസൻസുകളുടെ കാലാവധി, ബസുകളുടെ പ്രവർത്തന കാലാവധി എന്നിവ പ്രോഗ്രാം വഴി നിരീക്ഷിക്കും. പൊതു ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഗുണനിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം.

ഗതാഗത അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും സാങ്കേതിക സജ്ജീകരണങ്ങളും പാലിക്കുന്നുണ്ടെന്ന് പുതിയ സംവിധാനം വഴി ഉറപ്പ് വരുത്താന്‍ സാധിക്കും. ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സിസ്റ്റം വഴി സ്‌കൂള്‍ ബസുകളെയും സ്‍പെഷ്യലൈസ്ഡ് ബസുകളെയും നിരീക്ഷിക്കുന്നതാണ് സംവിധാനം.

പദ്ധതി അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതൽ നിലവിൽ വരുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. പ്രധാനമായും മൂന്ന് നിയമ ലംഘനങ്ങളാണ് ആദ്യഘട്ടത്തിൽ നിരീക്ഷിക്കുക. ബസ് ഓപ്പറേഷന്‍ അനുമതി, ഓപ്പറേഷന്‍ അനുമതിയുടെ കാലാവധി, ബസുകളുടെ പ്രവർത്തന കാലാവധി എന്നിവയാണ് ഇത് വഴി നിരീക്ഷിക്കുക. കൂടുതൽ പ്രവർത്തനങ്ങളുടെ നിരീക്ഷണം പിന്നീട് കൂട്ടിച്ചേർക്കുമെന്നും അത് പിന്നീട് അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86843/automated-system-to-monitor-school-buses-coming-in-saudi-arabia)