---
title: "ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു; ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകര്‍"
english_title: "India and Saudi Arabia sign Hajj agreement for this year; One and three quarter lakh pilgrims from India this year"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/89341/india-and-saudi-arabia-sign-hajj-agreement-for-this-year-one-and-three-quarter-lakh-pilgrims-from-india-this-year"
published_at: "2023-01-10T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcd1dba7048_hajj.jpg"
keywords: []
---

# ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു; ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകര്‍

> **Lead Summary:** **സൗദി : **ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കും.

## Article Content

**സൗദി : **ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കും.

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമും സൌദി ഹജ്ജ് ഉംറ സഹമന്ത്രി ഡോ.അബ്ദുള്‍ഫത്താഹ് സുലയിനുമാണ് ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചത്. ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ഹജ്ജ് എക്സ്പോയില്‍ വെച്ചാണ് ഇതുസംബന്ധമായ ചര്‍ച്ച നടന്നത്.

കരാര്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും 1,75,025 തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും. 2019-ല്‍ 2 ലക്ഷം തീര്‍ഥാടകര്‍ക്ക് ഇന്ത്യയില്‍ നിന്നും ഹജ്ജിന് അവസരം ലഭിച്ചിരുന്നു. 2020-ലും 21-ലും കൊവിഡ് വ്യാപനം മൂലം വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം ഉണ്ടായിരുന്നില്ല.

2022-ല്‍ വിദേശ തീര്‍ഥാടകര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ 79,237 പേര്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തി.ഇന്ത്യയുമായുള്ള ഹജ്ജ് കരാറില്‍ ഒപ്പുവെച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജ് കരാറിലായ രാജ്യങ്ങളുടെ എണ്ണം 19 ആയി.

ഇന്തോനേഷ്യ, ഇറാന്‍, തുര്‍ക്കി, യമന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഹജ്ജ് കരാറായി. കൊവിഡ് കാരണം 2020-ല്‍ ആയിരവും 21-ല്‍ 60,000-വും ആഭ്യന്തര തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിച്ചത്.

2022-ല്‍ വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ 10 ലക്ഷം പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു. ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് വിദേശ രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ അനുവദിക്കുന്ന ഹജ്ജ് ക്വാട്ട നല്‍കുന്ന സൂചന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/89341/india-and-saudi-arabia-sign-hajj-agreement-for-this-year-one-and-three-quarter-lakh-pilgrims-from-india-this-year)