---
title: "ഈ വർഷം ഹജ്ജിന് 20 ലക്ഷം തീർത്ഥാടകർ, കൂടുതൽ വിദേശികൾക്ക് ഹജ്ജിനെത്താം"
english_title: "20 lakh pilgrims for Hajj this year and more foreigners will come for Hajj"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/90558/20-lakh-pilgrims-for-hajj-this-year-and-more-foreigners-will-come-for-hajj"
published_at: "2023-01-16T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4d26d94d54_hajj.jpg"
keywords: []
---

# ഈ വർഷം ഹജ്ജിന് 20 ലക്ഷം തീർത്ഥാടകർ, കൂടുതൽ വിദേശികൾക്ക് ഹജ്ജിനെത്താം

> **Lead Summary:** **റിയാദ്: **ഈ വർഷം 20 ലക്ഷം പേർ ഹജ്ജ് നിർവ്വഹിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു. മുൻവർഷങ്ങളിൽ കൊറോണ സാഹചര്യത്തെ തുടർന്ന് തീർത്ഥാടകരുടെ തീർത്തും വെട്ടിക്കുറച്ചിരുന്നു.

## Article Content

**റിയാദ്: **ഈ വർഷം 20 ലക്ഷം പേർ ഹജ്ജ് നിർവ്വഹിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു. മുൻവർഷങ്ങളിൽ കൊറോണ സാഹചര്യത്തെ തുടർന്ന് തീർത്ഥാടകരുടെ തീർത്തും വെട്ടിക്കുറച്ചിരുന്നു.

അതിന് പിന്നാലെ കഴിഞ്ഞ വർഷം 10 ലക്ഷം തീർത്ഥാടകരെ അനുവദിച്ചു. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷം പേരും സൗദി അറേബ്യക്ക് അകത്തു നിന്നുള്ള രണ്ടു ലക്ഷത്തോളം പേരുമാണ് ഹജ്ജ് നിർവ്വഹിക്കുക.

കൊറോണ മഹാമാരിക്കു മുമ്പുണ്ടായിരുന്നതു പോലെ പൂർണ ശേഷിയിൽ ഇത്തവണ ഹജ്ജ് തീർഥാടകരെ സ്വീകരിക്കും. ഈ വർഷത്തെ ഹജ്ജിന് ഇമ്മ്യൂണൈസേഷൻ, പ്രായ വ്യവസ്ഥകൾ ബാധകമല്ല. ഇത്തവണത്തെ ഹജ്ജിന് കൂടുതൽ മെച്ചപ്പെട്ട ഗുണനിലവാരത്തിലുള്ള സേവനങ്ങൾ ലഭിക്കും.

ഹജ്ജ് തീർത്ഥാടകർക്ക് ലഭ്യമായ ഓപ്ഷനുകൾ വിപുലമാക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് അംഗീകരിച്ചതു പ്രകാരം ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യയിൽ ആയിരം പേർക്ക് ഒന്ന് എന്ന അനുപാതത്തിലാണ് ഹജ്ജ് ക്വാട്ട നിർണയിക്കുന്നതെന്നും ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/90558/20-lakh-pilgrims-for-hajj-this-year-and-more-foreigners-will-come-for-hajj)