---
title: "ഖത്തർ വിപണിയിൽ ഇന്ത്യൻ മത്സ്യങ്ങൾ കിട്ടാക്കനി "
english_title: "Indian fish are in short supply in the Qatar market"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/93577/indian-fish-are-in-short-supply-in-the-qatar-market"
published_at: "2023-01-31T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8b5e161d10_FISH_QATHAR.jpg"
keywords: []
---

# ഖത്തർ വിപണിയിൽ ഇന്ത്യൻ മത്സ്യങ്ങൾ കിട്ടാക്കനി 

> **Lead Summary:** **ദോഹ: **ഖത്തർ വിപണിയിൽ ഇന്ത്യൻ മത്സ്യം കിട്ടാക്കനിയായിട്ട് മാസങ്ങളേറെ. എന്നാൽ വിപണിയിൽ പ്രാദേശിക മീൻ ഒട്ടേറെയുണ്ട്. ഇന്ത്യയിൽ നിന്നെത്തുന്ന ഫ്രഷ്, ശീതീകരിച്ച മീനുകളിൽ രാസവസ്തുക്കൾ കലർത്തിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒക്‌ടോബറിലാണ് ഇറക്കുമതി നിരോധിച്ചത്.

## Article Content

**ദോഹ: **ഖത്തർ വിപണിയിൽ ഇന്ത്യൻ മത്സ്യം കിട്ടാക്കനിയായിട്ട് മാസങ്ങളേറെ. എന്നാൽ വിപണിയിൽ പ്രാദേശിക മീൻ ഒട്ടേറെയുണ്ട്. ഇന്ത്യയിൽ നിന്നെത്തുന്ന ഫ്രഷ്, ശീതീകരിച്ച മീനുകളിൽ രാസവസ്തുക്കൾ കലർത്തിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒക്‌ടോബറിലാണ് ഇറക്കുമതി നിരോധിച്ചത്.

ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മീനുകൾക്കും വിലക്കുണ്ട്. പ്രശ്‌നം പരിഹരിക്കാൻ ഖത്തർ സർക്കാരുമായി ചർച്ച നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം ദോഹയിലെ വ്യാപാരികളും ഇന്ത്യൻ എംബസി അധികൃതരും യോഗം ചേർന്നിരുന്നു. ലോകകപ്പ് കഴിയുമ്പോൾ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

ഇന്ത്യയുടെ മാന്തൾ, ചൂട, മത്തി, കായൽ മീനുകളായ പള്ളത്തി, വരാൽ, പരൽ, കരിമീൻ എന്നിവയെല്ലാമാണ് നേരത്തെ വിപണിയിൽ സുലഭമായിരുന്നത്.നിലവിൽ പ്രാദേശിക മീനുകൾക്ക് പുറമേ ഒമാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് വിപണിയിലേക്ക് മീൻ എത്തുന്നത്. ഒമാനിൽ നിന്ന് നേരിട്ടുള്ള മീൻ ഇറക്കുമതി സുഗമമായതിനാൽ ഒമാൻ മത്തി ഉൾപ്പെടെ ഇപ്പോൾ വിപണിയിൽ സുലഭമാണ്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന മീൻ, പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ ഉപയോഗയോഗ്യമാണോ എന്ന് ഉറപ്പാക്കിയ ശേഷമാണ് വിൽപന അനുവദിക്കുന്നത്.ജനങ്ങളുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും അധികൃതർ തയാറല്ല. ഇക്കാര്യത്തിൽ പൊതുജനാരോഗ്യ മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും കർശന സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/93577/indian-fish-are-in-short-supply-in-the-qatar-market)