---
title: "അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടിക; ഖത്തറിന് രണ്ടാം സ്ഥാനം "
english_title: "List of least corrupt Arab countries; Second place for Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/94298/list-of-least-corrupt-arab-countries-second-place-for-qatar"
published_at: "2023-02-03T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dca8175eb37_QATER.jpg"
keywords: []
---

# അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടിക; ഖത്തറിന് രണ്ടാം സ്ഥാനം 

> **Lead Summary:** **ദോഹ:** അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിന് രണ്ടാം സ്ഥാനം. ട്രാൻസ്പരൻസി ഇന്റർനാഷനലിന്റെ 2022ലെ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സിൽ (സി.പി.ഐ) അറബ് ലോകത്ത് ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തുകയായിരുന്നു.

## Article Content

**ദോഹ:** അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിന് രണ്ടാം സ്ഥാനം. ട്രാൻസ്പരൻസി ഇന്റർനാഷനലിന്റെ 2022ലെ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സിൽ (സി.പി.ഐ) അറബ് ലോകത്ത് ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തുകയായിരുന്നു.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇൻഡക്സിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോർ (100ൽ 58) ആണ് ഇത്തവണ ലഭിച്ചതെങ്കിലും ഖത്തറിന് രണ്ടാം സ്ഥാനം നിലനിർത്താനായി. 2015ൽ ഇൻഡക്സിൽ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോറായ 71ൽ ഖത്തർ എത്തിയിരുന്നു. 2021ൽ 63 ആയിരുന്നു ഖത്തറിന്റെ സ്കോർ.

സി.പി.ഐ സ്കോർ 67 നേടി യു.എ.ഇയാണ് അറബ് ലോകത്ത് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാർ. 2021ൽ 69 ആയിരുന്നു യു.എ.ഇയുടെ സ്കോർ. യുദ്ധം ഉലച്ചുകളഞ്ഞ ലിബിയ (സ്കോർ 17), യെമൻ (16), സിറിയ (13) എന്നിവയാണ് ഇൻഡക്സിൽ ഏറ്റവും അഴിമതി നിറഞ്ഞ അറബ് രാജ്യങ്ങൾ.

ഗൾഫ് മേഖലയിൽ കുവൈത്ത്-42, സൗദി അറേബ്യ -51, ബഹ്റൈൻ, ഒമാൻ -44 എന്നിങ്ങനെയാണ് റാങ്കിങ്. ഒരു രാജ്യത്തിന്റെ പൊതുമേഖലാ അഴിമതിയുടെ തലം പരിശോധിക്കുന്നത് സ്കോർ 0-100 സ്കെയിലിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ സ്കോർ നേടുന്ന രാജ്യങ്ങളിൽ അഴിമതി കുറവായാണ് പരിഗണിക്കുന്നത്. സൂചികയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള സ്ഥാനമാണ് ഒരു രാജ്യത്തിന്റെ റാങ്ക് സൂചികയിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ എണ്ണം മാറുകയാണെങ്കിൽ റാങ്കുകളും മാറാം.

അതിനാൽ, രാജ്യത്തിന്റെ അഴിമതിയുടെ തോത് സൂചിപ്പിക്കുന്ന സ്കോർ ആണ് റാങ്കിനേക്കാൾ പ്രധാനമെന്ന് ട്രാൻസ്പരൻസി ഇന്റർനാഷനൽ ചൂണ്ടിക്കാട്ടുന്നു. 'അഴിമതി, സംഘർഷം, സുരക്ഷ എന്നിവ ആഴത്തിൽ കെട്ടുപിണഞ്ഞിരിക്കുന്നു. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഈ കെട്ടുപാടുകൾ കൂടുതൽ പ്രകടമാണ്. ആഗോള സമാധാന സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ പ്രദേശമെന്ന നിലയിൽ, അഴിമതിയും അക്രമവും പരസ്പരം ഇന്ധനമാവുന്നുവെന്നതിന് ഇവിടം ഉദാഹരണമായെടുക്കാമെന്നും റിപ്പോർട്ട് പറയുന്നു.

നംബിയോ ക്രൈം ഇൻഡക്സ് പ്രകാരം ഖത്തറിന് ഈയിടെ ലോകത്തിലെ 'സുരക്ഷിത രാജ്യങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ദോഹ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമായും പട്ടികയിൽ മികവുകാട്ടി. ട്രാൻസ്പരൻസി ഇന്റർനാഷനലിന്റെ ഈ വർഷത്തെ മൊത്തം സൂചികയിൽ 90 പോയന്റുമായി ഡെന്മാർക്ക് ആണ് അഴിമതി കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് 87 പോയന്റ് വീതമുള്ള ഫിൻലൻഡും ന്യൂസിലൻഡും തൊട്ടുപിന്നിലുണ്ട്.

നോർവേ (84), സിംഗപ്പൂർ (83), സ്വീഡൻ (83), സ്വിറ്റ്സർലൻഡ് (82), നെതർലൻഡ്സ് (80), ജർമനി (79), അയർലൻഡ് (17) എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങൾ. 40 പോയന്റുമായി ഇന്ത്യ ലിസ്റ്റിൽ 85-ാം റാങ്കിലാണുള്ളത്. സംഘർഷ ബാധിത രാജ്യങ്ങളായ സൊമാലിയയും ദക്ഷിണ സുഡാനും സിറിയയുമാണ് യഥാക്രമം 12, 13, 13 പോയന്റുമായി സൂചികയുടെ ഏറ്റവും താഴെയുള്ളത്. വെനിസ്വേല (14), യമൻ (16), ലിബിയ (17), ഉത്തര കൊറിയ (17), ഹെയ്തി (17), ഇക്വറ്റോറിയ ൽ ഗിനിയ (17), ബുറുണ്ടി (17) എന്നിവയാണ് അവസാന പത്തിലെ മറ്റു രാജ്യങ്ങൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/94298/list-of-least-corrupt-arab-countries-second-place-for-qatar)