---
title: "നോ​ര്‍ക്ക പ്ര​വാ​സി കാ​ര്‍ഡു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം; കാമ്പയിന് തുടക്കം "
english_title: "You can apply for Norka Pravasi Cards"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95117/you-can-apply-for-norka-pravasi-cards"
published_at: "2023-02-06T17:18:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0e98eda740_NORKA_ROOTS.jpg"
keywords: []
---

# നോ​ര്‍ക്ക പ്ര​വാ​സി കാ​ര്‍ഡു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം; കാമ്പയിന് തുടക്കം 

> **Lead Summary:** **മസ്കത്ത്:** പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ ലഭ്യമാക്കുന്നതിനായുള്ള രജിസ്ട്രേഷൻ കാമ്പയിന് തുടക്കമായി. ഫെബ്രുവരി 28 വരെയാണ് പരിപാടി പ്രവാസി ഐ.ഡി, സ്റ്റുഡൻസ് ഐ.ഡി, എൻ ആർ കെ ഇൻഷുറൻസ്, പ്രവാസി രക്ഷ ഇൻഷുറൻസ് എന്നീ സേവനങ്ങൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കാനാണ് പ്രത്യേക കാമ്പയിൻ നടപ്പാക്കുന്നത്.

## Article Content

**മസ്കത്ത്:** പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ ലഭ്യമാക്കുന്നതിനായുള്ള രജിസ്ട്രേഷൻ കാമ്പയിന് തുടക്കമായി. ഫെബ്രുവരി 28 വരെയാണ് പരിപാടി പ്രവാസി ഐ.ഡി, സ്റ്റുഡൻസ് ഐ.ഡി, എൻ ആർ കെ ഇൻഷുറൻസ്, പ്രവാസി രക്ഷ ഇൻഷുറൻസ് എന്നീ സേവനങ്ങൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കാനാണ് പ്രത്യേക കാമ്പയിൻ നടപ്പാക്കുന്നത്.

സംശയങ്ങൾ ദൂരീകരിക്കാനും കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണന്ന് നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ലോകത്തെമ്പാടുമുള്ള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഉതകുന്നതിനാണ് ഐ.ഡി കാർഡ് സേവനങ്ങൾ. വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18നും 70നും ഇ ടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം.

വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർഥികൾക്ക് സ്റ്റുഡന്റ് ഐ.ഡി കാർഡ് ലഭിക്കും. ആറുമാസമോ അതിൽ കൂടുതലോ വിദേശത്ത് താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുള്ള വിസ പാസ്പോർട്ട് എന്നിവയുള്ള പ്രവാസികൾക്ക് പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാം. മേൽ സേവനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://norkaroots .org വഴി സേവനങ്ങൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂ റും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽനിന്നും), +91 8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കാൾ സർവീസ്), അല്ലെങ്കിൽ നോർക്ക റൂട്ട്സ് ഹെഡ് ഓഫീസ് 0471 2770543, 0471 2770528 (പ്രവൃത്തി ദിവസങ്ങളിൽ ഓഫിസ് സമയത്ത്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95117/you-can-apply-for-norka-pravasi-cards)