---
title: "പിഴയിൽ ഒഴിവില്ല; ഗതാഗത നിയമലംഘനം പിടിക്കാൻ യുഎഇ– ഖത്തർ ഏകീകൃത ഇലക്ട്രോണിക് സംവിധാനം"
english_title: "There is no exemption from fines; UAE-Qatar unified electronic system to catch traffic violations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96089/there-is-no-exemption-from-fines-uae-qatar-unified-electronic-system-to-catch-traffic-violations"
published_at: "2023-02-10T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e60cdbf1310_dhoha.jpg"
keywords: []
---

# പിഴയിൽ ഒഴിവില്ല; ഗതാഗത നിയമലംഘനം പിടിക്കാൻ യുഎഇ– ഖത്തർ ഏകീകൃത ഇലക്ട്രോണിക് സംവിധാനം

> **Lead Summary:** **ദോഹ**: ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ പരസ്പര സഹകരണത്തിന് തുടക്കമിട്ട് ഖത്തറും യുഎഇയും. ഇരു രാജ്യങ്ങൾക്കിടയിലുള്ള ഗതാഗത ലംഘനങ്ങൾ കൈകാര്യം ചെയ്യാൻ പുതിയ ഏകീകൃത ഇലക്ട്രോണിക് സംവിധാനം പ്രാബല്യത്തിലായി. ഗതാഗത വിവരങ്ങളും ഡാറ്റകളും കൈമാറൽ എന്നിവ സംബന്ധിച്ച ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) ലക്ഷ്യങ്ങൾ കൈവരിക്കാനും ഗതാഗത സുരക്ഷ ശക്തിപ്പെടുത്താനുമുള്ള പരിശ്രമത്തിന്റെ ഭാഗമാണിത്.

## Article Content

**ദോഹ**: ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ പരസ്പര സഹകരണത്തിന് തുടക്കമിട്ട് ഖത്തറും യുഎഇയും. ഇരു രാജ്യങ്ങൾക്കിടയിലുള്ള ഗതാഗത ലംഘനങ്ങൾ കൈകാര്യം ചെയ്യാൻ പുതിയ ഏകീകൃത ഇലക്ട്രോണിക് സംവിധാനം പ്രാബല്യത്തിലായി. ഗതാഗത വിവരങ്ങളും ഡാറ്റകളും കൈമാറൽ എന്നിവ സംബന്ധിച്ച ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) ലക്ഷ്യങ്ങൾ കൈവരിക്കാനും ഗതാഗത സുരക്ഷ ശക്തിപ്പെടുത്താനുമുള്ള പരിശ്രമത്തിന്റെ ഭാഗമാണിത്.

ഇരു രാജ്യങ്ങളിലെയും സ്വദേശികൾക്കും പ്രവാസി താമസക്കാർക്കുമാണ് പുതിയ സംവിധാനത്തിന്റെ ഗുണം ലഭിക്കുക. ഏകീകൃത ഇലക്ട്രോണിക് സംവിധാനം പ്രാബല്യത്തിൽ വന്നതോടെ ലംഘനം നടത്തുന്ന രാജ്യത്ത് തന്നെ വാഹന ഉടമ പിഴ അടക്കേണ്ടതില്ല.ഉദാഹരണത്തിന് യുഎഇ റജിസ്‌ട്രേഷനിലുള്ള വാഹന ഉടമകൾ ഖത്തറിലാണ് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതെങ്കിലും തിരികെ യുഎഇയിൽ എത്തുമ്പോൾ പിഴ അടച്ചാൽ മതിയാകും.ഖത്തർ റജിസ്‌ട്രേഷനിലുള്ള വാഹന ഉടമകൾ യുഎഇയിലാണ് ലംഘനം നടത്തുന്നതെങ്കിലും തിരികെ ഖത്തറിൽ വന്നശേഷം പിഴ അടച്ചാലും മതിയാകും.

ചുരുക്കത്തിൽ ഏതു രാജ്യത്ത് വച്ച് നിയമ ലംഘനം നടത്തിയാലും പിഴയിൽ നിന്ന് ഒഴിവാകാനാകില്ല.നിയമ ലംഘനമുണ്ടായാൽ ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഉടൻ തന്നെ കൃത്യമായ സന്ദേശം എത്തുമെന്ന് ഗതാഗത വകുപ്പിലെ ട്രാഫിക് ബോധവൽക്കരണ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. മുഹമ്മദ് റാദി അൽ ഹജിരി വ്യക്തമാക്കി. ഖത്തർ-യുഎഇ ഗതാഗത വകുപ്പുകളുടെ ഉന്നതതല സുരക്ഷാ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96089/there-is-no-exemption-from-fines-uae-qatar-unified-electronic-system-to-catch-traffic-violations)