---
title: "മാനസികാസ്വാസ്ഥ്യത്തെ തുടർന്നു കാണാതായ യുവാവിനെ കണ്ടെത്തി "
english_title: "The missing youth was found following a mental health check"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96582/the-missing-youth-was-found-following-a-mental-health-check"
published_at: "2023-02-12T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e916cc8d927_Untitled-1.jpg"
keywords: []
---

# മാനസികാസ്വാസ്ഥ്യത്തെ തുടർന്നു കാണാതായ യുവാവിനെ കണ്ടെത്തി 

> **Lead Summary:** അൽഹസ : മാനസികാസ്വാസ്ഥ്യത്തെ തുടർന്നു കാണാതായ യുവാവിനെ കണ്ടെത്തി, മലയാളി യുവാവിനെ വൈകാതെ നാട്ടിലേക്കു കൊണ്ടുപോകും.

## Article Content

അൽഹസ : മാനസികാസ്വാസ്ഥ്യത്തെ തുടർന്നു കാണാതായ യുവാവിനെ കണ്ടെത്തി, മലയാളി യുവാവിനെ വൈകാതെ നാട്ടിലേക്കു കൊണ്ടുപോകും.

അൽ ഹസയിൽ മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്പക്സൻ സെന്ററിൽ (ഫഹസുദ്ദൗരി) ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം കോട്ടക്കൽ സ്വദേശി വിജീഷ് ചെമ്മലയെയാണു കുറച്ചു ദിവസങ്ങൾക്കു മുൻപു താമസ സ്ഥലത്തു നിന്നു കാണാതായത്. സാമൂഹിക പ്രവർത്തകർ നടത്തിയ അന്വേഷണത്തിനൊടുവിൽ അൽ ഹസ മാനസികാരോഗ്യ കേന്ദ്രത്തിൽ കണ്ടെത്തുകയായിരുന്നു.

യുവാവിനെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഒഐസിസി അൽ ഹസ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ഡിസംബർ മുതൽ യുവാവ് വീട്ടുകാരെ ബന്ധപ്പെടാതായതിനെ തുടർന്ന് ബന്ധുക്കൾ ഒഐസിസി ജില്ലാ ദമാം കമ്മിറ്റി പ്രസിഡന്റ് ശ്യാം പ്രകാശിന്റെ സഹായം തേടുകയായിരുന്നു.

അതിനെതുടർന്ന് അൽ ഹസ ഒഐസിസി കമ്മിറ്റി പ്രവർത്തകരായ ഷമീർ പനങ്ങാടൻ, ഉമർ കോട്ടയിൽ, ഷാഫി കുദിർ തുടങ്ങിയവർ അൽ ഹസ ഇസ്ലാമിക് സെന്റെർ മലയാള വിഭാഗം തലവൻ നാസർ മദനിയുടെയും പ്രിൻസ് സുൽത്താൻ ഹോസ്പിറ്റലിലെ ജീവനക്കാരൻ ഷിജോമോൻ വർഗീസ് എന്നിവരുടെയും സഹായത്താൽ നടത്തിയ അന്വേഷണത്തിലാണു വിജീഷിനെ കണ്ടെത്തിയത്.

ഒഐസിസി ജീവകാരുണ്യ വിഭാഗം കൺവീനറും അൽഹസ്സാ യുഡിഎഫ് ചെയർമാനുമായ പ്രസാദ് കരുനാഗപ്പളളിയുടെ നേതൃത്വത്തിൽ, ഉമർ കോട്ടയിൽ, ഷാഫി കുദിർ, അഷറഫ് തുടങ്ങിയവർ ഹോസ്പിറ്റലിൽ വിജീഷിനെ സന്ദർശിച്ചു.

ഡോ. സാദിഖിന്റെ നേതൃത്വത്തിലുളള മെഡിക്കൽ ടീമുമായി ആരോഗ്യസ്ഥിതി ചർച്ച ചെയ്തു വീട്ടുകാരുമായി ലൈവ് വിഡിയോയിലൂടെ വിജീഷിന് സംസാരിക്കാനും അവസരമൊരുക്കി.

ബന്ധുക്കൾ അറിയിച്ചതനുസരിച്ച് വിജീഷിനെ എത്രയും പെട്ടെന്നു നാട്ടിലേക്കെത്തിക്കാൻ ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജ്മെന്റുമായി സംസാരിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ശ്രമിക്കുന്നതായി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപളളി കുടുംബാംഗങ്ങളെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96582/the-missing-youth-was-found-following-a-mental-health-check)