---
title: "ഖത്തർ അമീറിന്റെ രൂപം കേക്കിൽ; ഒരുക്കിയത് കൊച്ചി വൈപ്പിൻ സ്വദേശി സെബാസ്റ്റ്യൻ"
english_title: "Emir of Qatar's appearance on the cake; Prepared by Sebastian, a native of Kochi Vypin"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96614/emir-of-qatars-appearance-on-the-cake-prepared-by-sebastian-a-native-of-kochi-vypin"
published_at: "2023-02-13T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9ac471a35c_cake.jpg"
keywords: []
---

# ഖത്തർ അമീറിന്റെ രൂപം കേക്കിൽ; ഒരുക്കിയത് കൊച്ചി വൈപ്പിൻ സ്വദേശി സെബാസ്റ്റ്യൻ

> **Lead Summary:** **ദോഹ**: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രൂപം കേക്കിൽ ഒരുക്കി മലയാളി യുവാവ്. കുഴുപ്പിള്ളി ചെറുവൈപ്പ് സ്വദേശിയായ സെബാസ്റ്റ്യൻ ആണ് കേക്കിൽ പുതുമയാർന്ന പരീക്ഷണം നടത്തിയിരിക്കുന്നത്.

## Article Content

**ദോഹ**: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രൂപം കേക്കിൽ ഒരുക്കി മലയാളി യുവാവ്. കുഴുപ്പിള്ളി ചെറുവൈപ്പ് സ്വദേശിയായ സെബാസ്റ്റ്യൻ ആണ് കേക്കിൽ പുതുമയാർന്ന പരീക്ഷണം നടത്തിയിരിക്കുന്നത്.

ശിൽപി കൂടിയായ ഇദ്ദേഹം 2 വർഷമായി ദോഹയിലെ കേക്ക് ഡിസൈനിങ് ഷോപ്പിൽ ഡിസൈനറായി ജോലി ചെയ്യുകയാണ്. സഹപ്രവർത്തകനായ കോഴിക്കോട് വാണിമേൽ സ്വദേശി നവാസിന്റെ പ്രോത്സാഹനമാണ് അമീറിന്റെ രൂപത്തിൽ കേക്ക് ഡിസൈൻ ചെയ്യാൻ പ്രേരിപ്പിച്ചത്.

അർധകായ രൂപത്തിലുള്ള കേക്കിന് 2 അടി ഉയരവും 11 കിലോഗ്രാം തൂക്കവുമുണ്ട്. ഷോപ്പിലെ ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ സുഹൃത്തായ രമേഷ് അയ്യമ്പിള്ളിയുടെ സഹായത്തോടെയായിരുന്നു കേക്ക് നിർമാണം.

ഒരു മാസം കൊണ്ടാണ് പൂർത്തിയായത്. കേക്ക് നേരിട്ട് അമീറിന് നൽകണമെന്നാണ് സെബാസ്റ്റ്യന്റെ ആഗ്രഹം. നാട്ടിൽ സിമന്റിലും പ്ലാസ്റ്റർ ഓഫ് പാരിസിലും സെബാസ്റ്റ്യൻ ഒരുക്കിയ ശിൽപങ്ങൾ ശ്രദ്ധ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96614/emir-of-qatars-appearance-on-the-cake-prepared-by-sebastian-a-native-of-kochi-vypin)