---
title: "നാളെകളിൽ ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങൾ സ്വരൂപിക്കുക; ആഗോള സർക്കാർ സംഗമത്തിനു പ്രൗഢോജ്വല തുടക്കം "
english_title: "A grand start to the Global Government Summit"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/96939/a-grand-start-to-the-global-government-summit"
published_at: "2023-02-14T14:18:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb4b2daa3a4_agola_sarkkar_sangamam_dubai.jpg"
keywords: []
---

# നാളെകളിൽ ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങൾ സ്വരൂപിക്കുക; ആഗോള സർക്കാർ സംഗമത്തിനു പ്രൗഢോജ്വല തുടക്കം 

> **Lead Summary:** **ദുബായ്: **ആഗോള സർക്കാർ സംഗമത്തിനു പ്രൗഢോജ്വല തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മമും ആഗോള സംഗമ വേദി സന്ദർശിച്ചു.

## Article Content

**ദുബായ്: **ആഗോള സർക്കാർ സംഗമത്തിനു പ്രൗഢോജ്വല തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മമും ആഗോള സംഗമ വേദി സന്ദർശിച്ചു.

യുഎസ്, സെർബിയ, ഇതോണിയ, ഫിൻലൻഡ്, ഫ്രാൻസ്, സിയേറ ലിയോൺ, ചിലെ, കൊളംബിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നവീന ആശയങ്ങൾ ഉൾക്കൊള്ളിച്ച് പ്രദർശനം ഇരുവരും കണ്ടു.

നാളെകളിൽ ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങൾ സ്വരൂപിക്കുകയാണ് ആഗോള സർക്കാർ സംഗമത്തിന്റെ ലക്ഷ്യം. പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന വിദഗ്ധരും മികച്ച വിദ്യാർഥികളുമാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.

വിവരങ്ങൾ ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കാൻ ഇന്നുള്ള സംവിധാനങ്ങളുടെ ശേഷിയെക്കാൾ 50 മടങ്ങ് വിവരങ്ങൾ ചെടികളുടെയും മരങ്ങളുടെയും ഡിഎൻഎകളിൽ ശേഖരിക്കാമെന്നും അതുവഴി ഡേറ്റകളുടെ വലിയ ശേഖരണ സംവിധാനം രൂപപ്പെടുത്താമെന്നുമുള്ള ആശയമാണ് നെതർലൻഡ്സ് മുന്നോട്ടു വച്ചിരിക്കുന്നത്.

വിവരങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ക്ലൗഡുകളെ നിങ്ങൾ തന്നെ വളർത്തു എന്നാണ് നെതർലൻഡ്സിന്റെ പദ്ധതിയുടെ പേര് പഠിക്കാനും ജോലി കണ്ടെത്താനും ജീവിതം സുരക്ഷിതമാക്കാൻ സഹായിക്കുന്ന ബോഗോട്ടാ ക്ഷേമ പദ്ധതിയാണ് കൊളംബിയ സർക്കാരിന്റെ നവീന ആശയം.

ഇതിനോടകം 3 ലക്ഷം പേർ ഈ സംവിധാനത്തിലൂടെ അവരുടെ ജീവിതമാർഗം കണ്ടെത്തി.താമസ സ്ഥലത്തിനു ചുറ്റും മരങ്ങൾ നട്ട് കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാനുള്ള ജനകീയ മുന്നേറ്റമാണ് സിയേറ ലിയോണി ആവിഷ്കരിച്ചിരിക്കുന്നത്.

ഫ്രീ ടൗൺ ദ് ട്രീ ടൗൺ എന്നാണ് പദ്ധതിയുടെ പേര്. നട്ട ഓരോ മരത്തിന്റെയും വിവരങ്ങൾ കംപ്യൂട്ടറിൽ സൂക്ഷിക്കും. നടുന്നതിനും പരിപാലിക്കുന്നതിനും ജനങ്ങൾക്കു സർക്കാർ ഫീസ് നൽകും. ഈ പദ്ധതി വഴി പുതിയതായി 5.6 ലക്ഷം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. 1000 പേർക്കു ജോലിയും ലഭിച്ചു. വനവൽക്കരണം ഒറ്റയടിക്ക് 82 ശതമാനമായി ഉയർന്നു. ഇത്തരത്തിലുള്ള ആശയങ്ങളുടെ പ്രദർശനമാണ് ആഗോള സർക്കാർ സംഗമത്തിൽ ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/96939/a-grand-start-to-the-global-government-summit)