---
title: "ഖത്തറിൽ ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞു; കഴിഞ്ഞ ഡിസംബറിൽ രജിസ്റ്റർ ചെയ്തത് 16,160 കേസുകൾ "
english_title: "Violations of traffic laws have reduced in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98580/violations-of-traffic-laws-have-reduced-in-qatar"
published_at: "2023-02-21T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f481970debe_QATER_ROAD.jpg"
keywords: []
---

# ഖത്തറിൽ ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞു; കഴിഞ്ഞ ഡിസംബറിൽ രജിസ്റ്റർ ചെയ്തത് 16,160 കേസുകൾ 

> **Lead Summary:** **ദോഹ: **രാജ്യത്തെ ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞു തുടങ്ങി. കഴിഞ്ഞ ഡിസംബറിൽ രജിസ്റ്റർ ചെയ്തത് 16,160 കേസുകൾ മാത്രം. വർഷാടിസ്ഥാനത്തിൽ 61.2 ശതമാനമാണ് കുറവ്.

## Article Content

**ദോഹ: **രാജ്യത്തെ ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞു തുടങ്ങി. കഴിഞ്ഞ ഡിസംബറിൽ രജിസ്റ്റർ ചെയ്തത് 16,160 കേസുകൾ മാത്രം. വർഷാടിസ്ഥാനത്തിൽ 61.2 ശതമാനമാണ് കുറവ്.

2021 ഡിസംബറിൽ 196,185 ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2022 ഡിസംബറിൽ 76,160 ലംഘനങ്ങളായി ചുരുങ്ങിയതിലൂടെ റോഡ് സുരക്ഷ വർധിക്കുന്നുവെന്നതാണ് പ്രതിഫലിക്കുന്നത്.മാസാടിസ്ഥാനത്തിൽ നോക്കുമ്പോൾ 2022 നവംബറിനെ അപേക്ഷിച്ച് 35.5 ശതമാനമാണ് കുറവ്.

കഴിഞ്ഞ നവംബറിൽ 1,18,117 ഗതാഗത ലംഘനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. പുതിയ വാഹന രജിസ്ട്രേഷനുകൾ വർധിക്കുന്നതിനിടയിൽ ഗതാഗത ലംഘനങ്ങളും അപകടങ്ങളും ഗണ്യമായി കുറയുന്നുവെന്നത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ സ്വീകരിക്കുന്ന സമഗ്ര നടപടികൾ ഫലപ്രദമാണെന്നതാണ് ചൂണ്ടിക്കാട്ടുന്നത്.

റോഡ് അപകട മരണ നിരക്ക് കുറയാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഗതാഗത വകുപ്പ് സ്വീകരിച്ചു വരുന്നത്. ഗതാഗത ലംഘനങ്ങളിൽ അമിത വേഗക്കാരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവുള്ളത്. 2021 ഡിസംബറിൽ 1,45,226 കേസുകളായിരുന്നത് 2022 ഡിസംബറിൽ 27,818 കേസുകളായി കുറഞ്ഞു.

80.9 ശതമാനമാണ് വർഷാടിസ്ഥാനത്തിലുള്ള കുറവ്. മാസാടിസ്ഥാനത്തിൽ 56.4 ശതമാനമാണ് കുറവ്. കഴിഞ്ഞ നവംബറിൽ അമിത വേഗത്തിന്റെ 63,779 ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗതാഗത മുന്നറിയിപ്പ് അടയാളങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങളിലും വർഷാടിസ്ഥാനത്തിൽ 54.6 ശതമാനമാണ് കുറവ്. 202 ഡിസംബറിൽ 2,428 കേസുകൾ ആയിരുന്നത് കഴിഞ്ഞ ഡിസംബറിൽ 2,169 ആയാണ് കുറഞ്ഞത്.

ഗതാഗത മൂവ്മെന്റ്, വേഗപരിധി എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളിലും ഡിസംബറിൽ ഗണ്യമായി കുറഞ്ഞു.27.4 ശതമാനമാണ് വാർഷിക വർധന. അതേസമയം ഡിസംബറിൽ 992 വാഹന അപകടങ്ങളാണ് നടന്നത്. 19 പേരാണ് മരിച്ചത്. 46 എണ്ണം ഗുരുതരവും 927 എണ്ണം ചെറിയ അപകടങ്ങളുമാണ്.

നവംബറിലെ അപേക്ഷിച്ച് 14.5 ശതമാനമാണ് വർധന. നവംബറിൽ 866 അപകടങ്ങളാണ് റജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ അപകടങ്ങൾ രജിസ്റ്റർ ചെയ്തത് അൽ മമ്മൂറയിലാണ് 179 എണ്ണം.അമിത വേഗം, ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ ലംഘനങ്ങൾ കണ്ടെത്താൻ രാജ്യത്തുടനീളമായി റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്.

അതിനു പുറമെ ഉദ്യോഗസ്ഥരുടെ പട്രോളിങ്ങും ശക്തമാണ്. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറയ്ക്കാനും പൊതുജനങ്ങൾ ഗതാഗത ചട്ടങ്ങൾ പാലിച്ചു വേണം വാഹനം ഓടിക്കാനെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98580/violations-of-traffic-laws-have-reduced-in-qatar)