---
title: "അജ്മാനിലെ തീപിടുത്തം; കെ.എം.സി.സി. മുഖ്യമന്ത്രിയെ കാണും"
english_title: "KMCC in Ajman fire Will meet the Chief Minister"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99665/kmcc-in-ajman-fire-will-meet-the-chief-minister"
published_at: "2023-02-25T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa230d3c8f3_AJMAN_THEEPIDUTTHAM_KMCC.jpg"
keywords: []
---

# അജ്മാനിലെ തീപിടുത്തം; കെ.എം.സി.സി. മുഖ്യമന്ത്രിയെ കാണും

> **Lead Summary:** **അജ്‌മാൻ:** അജ്മാനിലെ തീപിടുത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട മലയാളി കച്ചവടക്കാര്‍ക്ക് നഷ്ടപരിഹാരം തേടി കെ.എം.സി.സി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹായമഭ്യര്‍ത്ഥിക്കുമെന്ന് കെ.എം.സി.സി ഓവര്‍സീസ് ചീഫ് ഓര്‍ഗനൈസര്‍ സി.വി.എം വാണിമേല്‍ അറിയിച്ചു.

## Article Content

**അജ്‌മാൻ:** അജ്മാനിലെ തീപിടുത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട മലയാളി കച്ചവടക്കാര്‍ക്ക് നഷ്ടപരിഹാരം തേടി കെ.എം.സി.സി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹായമഭ്യര്‍ത്ഥിക്കുമെന്ന് കെ.എം.സി.സി ഓവര്‍സീസ് ചീഫ് ഓര്‍ഗനൈസര്‍ സി.വി.എം വാണിമേല്‍ അറിയിച്ചു.

അജ്മാനിലെ ഇന്റസ്ട്രിയല്‍ ഏരിയയിലെ ലക്കീ റെസ്‌റ്റോറന്റിനടുത്താണ് തീപിടുത്തമുണ്ടായത്. ഏഴ് കടകളും ഒട്ടേറെ വാഹനങ്ങളും കത്തിനശിച്ചു. താമസസ്ഥലങ്ങളും അഗ്നിക്കിരയായി. തലനാരിഴക്കാണ് ആളപായം ഒഴിവായത്.

പാടേ നശിച്ച ഒമ്പത് മുറികളില്‍ ആറെണ്ണത്തിലും മലയാളികളാണ് താമസിക്കുന്നത്. തീപിടുത്തത്തില്‍ സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ടത് വാണിമേല്‍ സ്വദേശി ഇടപ്പള്ളിയില്‍ സഈദിനും ആലപ്പുഴ സ്വദേശി യോഹന്നാനുമാണ്.

തീപിടുത്തമുണ്ടായ കെട്ടിടത്തിന് മുന്‍വശം നിര്‍ത്തിയിട്ട വാണിമേല്‍ സ്വദേശിയായ നന്തോത്ത് നൗഷാദിന്റെ ഡെലിവറി വാനും പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐ.ഡിയും ഏഴായിരം ദിര്‍ഹവും കത്തിപ്പോയി.

അജ്മാന്‍ കെ.എം.സി.സി പ്രസിഡണ്ട് സൂപ്പി പാതിരിപ്പറ്റ, ഷാര്‍ജാ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ കുനിയില്‍, ഷാര്‍ജാ കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡണ്ട് ടി.കെ അബ്ബാസ്, അജ്‌മാൻ കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡണ്ട് കെ.പി റസാഖ് ഹാജി, വ്യവസായ പ്രമുഖന്‍ ഗഫൂര്‍ ഷാസ്, നൂര്‍ ചീറോത്ത് മുക്ക് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99665/kmcc-in-ajman-fire-will-meet-the-chief-minister)