മകനെ കാണണമെന്ന അമ്മയുടെ ആഗ്രഹത്തെയും നാട്ടിലെത്തണമെന്ന മകന്റെ മോഹത്തിനും വിധി വില്ലനായി…17 വര്‍ഷമായി ബഹ്‌റൈനിലുള്ള ജോസഫ് ഇനി ഓര്‍മ

മനാമ: ചില ജീവിതങ്ങള്‍ അങ്ങനെയാണ്. പല ആഗ്രഹങ്ങളും നടക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വരും. പിറന്ന നാടും വീടും മാതാപിതാക്കളുമെല്ലാം അവര്‍ക്ക് ചിലപ്പോള്‍ വര്‍ഷങ്ങളായി കാണാന്‍ കഴിഞ്ഞെന്ന് വരില്ല. പിറന്ന മണ്ണിലേക്ക് മടങ്ങണമെന്ന് കഴിഞ്ഞ 17 വര്‍ഷമായി ഉള്ളില്‍ കൊണ്ടുനടന്ന മോഹം സാക്ഷാത്കരിക്കപ്പെടാതെ പോയ ജോസഫ് കോരുതിന് അവസാനം ബഹ്റൈനില്‍ അന്ത്യവിശ്രമം. 17 വര്‍ഷമായി നാടു കാണാതെ, യാതൊരു രേഖയുമില്ലാതെ ബഹ്റൈനില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി ജോസഫ് കോരുത് (54) അസുഖങ്ങളോടു മല്ലിട്ട്, കഴിഞ്ഞ മെയ് 17ന് ബഹ്റൈനില്‍ മരണമടയുകയായിരുന്നു.

Loading...

ഇയാളുടെ അമ്മയുടെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലയക്കാനുള്ള യത്നത്തിലായിരുന്നു സാമൂഹികപ്രവര്‍ത്തകന്‍ സിയാദ് ഏഴംകുളവും സുബൈര്‍ കണ്ണൂരും സുഹൃത്തുക്കളും. അതിനായി നാട്ടില്‍നിന്ന് സമ്മതപത്രവും ഇന്ത്യന്‍ എംബസിയില്‍നിന്ന് രേഖകളും വാങ്ങി എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ നാട്ടിലയക്കാനിരിക്കവേയാണ് ഇനി മൃതദേഹം അയക്കേണ്ടതില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചത്. പിന്നീട് മൃതദേഹം ഇന്നലെ സല്‍മാബാദിലെ സെമിത്തേരിയില്‍ സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ സംസ്‌കരിച്ചു.

31 വര്‍ഷങ്ങള്‍ക്കു മുമ്പ് ബഹ്റൈനിലെത്തി ജോസഫ് 17 വര്‍ഷമായി നാട്ടിലുള്ള ബന്ധുക്കളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ബഹ്റൈനില്‍ പലവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ജോസഫിന് ശരീരത്തിന് തളര്‍ച്ച ബാധിച്ച് ഗുദൈബിയയിലെ താമസസ്ഥലത്ത് അവശനിലയില്‍ കഴിയുകയായിരുന്നു. സിപിആര്‍, പാസ്പോര്‍ട്ട് തുടങ്ങി യാതൊരു രേഖയും കൈവശമില്ലാതിരുന്ന ജോസഫിന് അവസാനമായി ജോലി ചെയ്ത കമ്പനിയേതാണെന്നോ എവിടെയാണെന്നോ പോലും ഓര്‍മയുണ്ടായിരുന്നില്ല. ഔദ്യോഗിക രേഖകളൊന്നും ഇല്ലാത്തത് കൊണ്ടുതന്നെ നാട്ടിലേക്ക് പോകാന്‍ നിര്‍വാഹമില്ലായിരുന്നു.

മൃതദേഹമെങ്കിലും ഒരുനോക്കു കാണാനായി കാത്തിരിക്കുകയായിരുന്നു 79 വയസ്സായ മാതാവ് അമ്മിണിയും കിഡ്നി തകരാറിലായി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന സഹോദരന്‍ കുര്യന്‍ ജോസഫും ജോസഫ് കോരുതിന്റെ ഭാര്യ, മകന്‍ മറ്റു കുടുംബാഗങ്ങള്‍ എന്നിവരും. ചലനമറ്റ ശരീരവുമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജോസഫിനെ നാട്ടിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പി കെ ബിജു എംപി ബഹ്റൈന്‍ സന്ദര്‍ശക്കവെയാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ എംബസിയുടെ സഹായത്താല്‍ നാട്ടിലേക്ക് കൊണ്ടുപോവാനുള്ള തയ്യാറെടുപ്പിലായിരുന്നു സാമൂഹ്യപ്രവര്‍ത്തകര്‍.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *