ഉദ്ഘാടനത്തിനൊരുങ്ങി അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റി

അബുദാബി : നിരവധി സജ്ജീകരണങ്ങളോടെ ഒരുക്കിയ അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റി ഒക്ടോബര്‍ 3ന് തുറക്കും.741 കിടക്കകളോടെ റോബോട്ടിക് സർജറി യൂണിറ്റും റോബോട്ടിക് ഫാർമസിയും ഉള്ള ആദ്യ സർക്കാർ ആശുപത്രിയാകും ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റി.

ഔട്ട്‌ പേഷ്യന്റ്  വിഭാഗത്തിൽ ദിവസേന 2,500 പേരെ ചികിത്സിക്കാൻ സൗകര്യമുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും  ഒരുപോലെ ചികിത്സ തേടാം. അബുദാബി ഹെൽത്ത് സർവീസ് കമ്പനിയായ സേഹയുടെ കീഴിലായിരിക്കും മെഡിക്കൽ സിറ്റി പ്രവർത്തിക്കുക. നൂതന ചികിത്സാ സൗകര്യങ്ങൾ മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള രോഗികളെ വരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.  18 ഓപറേഷൻ തീയേറ്റർ, 26 കിടക്കകളുള്ള നിയോനറ്റൽ ഐസിയു എന്നിവയും ആശുപത്രിയുടെ പ്രത്യേകതയാണ്.

അത്യാഹിത വിഭാഗവും തീപൊള്ളലേറ്റവർക്ക്  പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും. 380 കിടക്കകളുള്ള മഫ്റഖ് ആശുപത്രിക്കു പകരമായാണ് പുതിയ ആശുപത്രി സജ്ജമാക്കിയിരിക്കുന്നത്.  2020 ജനുവരിയിൽ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ മഫ്റഖ് ആശുപത്രിയിലെ എല്ലാ രോഗികളെയും ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുമെന്ന് ഡപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽഖാദർ അൽ മുസബി പറഞ്ഞു.

കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രൊ ഇന്‍റെസ്റ്റിനൽ, ഒഫ്താൽമോളജി എന്നീ വിഭാഗങ്ങളാണ് ഉദ്ഘാടന ദിനത്തിൽ തന്നെ ആരംഭിക്കുക. യൂറോളജി, സർജറി, ഇൻഫക്ഷൻ ഡിസീസസ്, നെഫ്രോളജി, ഇന്‍റേനൽ മെഡിസിൻ, ഹൽമോനറി, സ്ലീപ് മെഡിസിൻ, എൻഡൊക്രിനോളജി എന്നിവയുടെ ഔട്ട്പേഷ്യൻറ് വിഭാഗവും ഉദ്ഘാടനത്തോടൊപ്പം തുടങ്ങും. ഇഎൻടി ഔട്ട്പേഷ്യന്‍റ് ക്ലിനിക് നവംബർ 3നാണ് ആരംഭിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *