ഖത്തറിലെ അല്‍ ഹിലാല്‍ പുതിയ പബ്ലിക് പാര്‍ക്ക് തുറന്നു

ദോഹ: അല്‍ ഹിലാല്‍ മേഖലയില്‍ പുതിയ പബ്ലിക് പാര്‍ക്ക് നഗരസഭ പരിസ്ഥിതി മന്ത്രാലയം തുറന്നു. ഖത്തര്‍ ചാരിറ്റിക്കും ദ് മാളിനും സമീപമുള്ള സ്ഥലത്തു പബ്ലിക് പാര്‍ക്സ് വകുപ്പാണു പൊതു ജനങ്ങള്‍ക്കായി പുതിയ പാര്‍ക്ക് തുറന്നത്. പ്രഭാത നടത്തത്തിനും വ്യായാമത്തിനും ഇറങ്ങുന്നവര്‍ക്കു പ്രയോജനകരമാണ് ഈ പാര്‍ക്ക്. 1.5 കിമീ നീളവും 50 മീറ്റര്‍ വീതിയുമുണ്ട് പാര്‍ക്കിന്. പാര്‍ക്കിന്റെ വിസ്തൃതി 75,000 ചതുരശ്ര മീറ്ററാണ്. ഹൈവേകളോടും, സ്ട്രീറ്റുകളോടും ചേര്‍ന്നുള്ള ഇത്തരം ഭാഗങ്ങള്‍ നഗരസഭ, പരിസ്ഥിതി മന്ത്രാലയം പാര്‍ക്കുകളായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് അല്‍ ഹിലാല്‍ മേഖലയിലും പുതിയ പാര്‍ക്ക് തുറന്നത്. ഒട്ടേറെ പ്രവാസികള്‍ താമസിക്കുന്ന മേഖലയായ ഹിലാലില്‍ പുതിയതായി തുറന്ന പാര്‍ക്കില്‍് പൂക്കളും മറ്റും വെച്ചുപിടിപ്പിച്ചു മനോഹരമാക്കിയിട്ടുണ്ട്. മനോഹരവും നീളമേറിയതുമായ നടപ്പാതകളാണു മറ്റൊരു പ്രത്യേകത. നടത്തത്തിനിടയില്‍ അല്‍പമൊന്നു വിശ്രമിക്കണമെങ്കില്‍ അതിനുള്ള ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

പരിസ്ഥിതി ബോധവല്‍ക്കരണം മുന്‍നിര്‍ത്തി ഖത്തറിലെ 7 പബ്ലിക് പാര്‍ക്കുകളില്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയം കുടുംബ വിനോദ പരിപാടികള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 22 വരെ എല്ലാ വെള്ളിയാഴ്ചകളിലും ഇസ്ഗാവ, അല്‍ ഖുതെയ്ഫിയ, അല്‍ വക്റ, സിമെയ്സ്മ, അല്‍ ഷഹാനിയ, അല്‍ ഷമാല്‍, അല്‍ ഖോര്‍ എന്നിവിടങ്ങളിലെ പാര്‍ക്കുകളിലാണു പരിപാടികള്‍ നടക്കുക. വിനോദ മത്സരങ്ങള്‍, ഗെയിമുകള്‍, കാര്‍ഷിക പരീക്ഷണങ്ങള്‍, കായിക പരിപാടികള്‍ തുടങ്ങിയ പരിപാടികളില്‍ കൂടുതലും കുട്ടികളെ ലക്ഷ്യമിട്ടാണ്.

ഇതിനു പുറമെ, ഫോട്ടോഗ്രഫി ശില്‍പശാലയും സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയുള്ള സുസ്ഥിര പരിസ്ഥിതി സംസ്‌കാരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിക്കുന്നതെന്നു പബ്ലിക് പാര്‍ക്ക്സ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖൗരി പറഞ്ഞു. ഖത്തര്‍ ഇ- നേച്ചര്‍ ആപ്ലിക്കേഷനില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മത്സരങ്ങളിലെ ചോദ്യങ്ങള്‍.

സസ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയവയെ കുറിച്ചാണു ചോദ്യങ്ങള്‍. ഖത്തര്‍ പരിസ്ഥിതി വൈവിധ്യത്തെ കുറിച്ചു വിശദമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഖത്തര്‍ ഇ-നേച്ചര്‍. പാര്‍ക്കിന്റെ ഈ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം തന്നെ ബോധവല്‍ക്കരണ ക്ലാസുകളിലും പങ്കാളിയാവാന്‍ അവസരമൊരുക്കുകയാണ് ഈ പാര്‍ക്കുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *