ദോഹയില്‍ ഇനി സുഖയാത്ര…ദോഹ-അല്‍ ഖോര്‍ പാത യാഥാര്‍ത്ഥ്യമായി

ദോഹ; ഇരു ദിശകളിലും 5വരി ഗതാഗതം സാധ്യമാക്കുന്ന ദോഹ-അല്‍ ഖോര്‍ അതിവേഗപാതയും മൂന്നു പ്രധാന ഇന്റര്‍ചേഞ്ചുകളും പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു. ഗതാഗത,വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സായിഫ് അല്‍ സുലൈത്തി,നഗരസഭ പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസിസ് ബിന്‍ തുര്‍ക്കി അല്‍ സുബായി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ദോഹ-അല്‍ ഖോര്‍ യാത്രാസമയം 65% കുറയ്ക്കാന്‍ പുതിയ പാതയ്ക്കാകും. 20 മിനിറ്റുകൊണ്ട് ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് അല്‍ ഖോര്‍ നഗരത്തിലെത്താം. നിശ്ചയിച്ചതിലും 1 വര്‍ഷം മുന്‍പേ നിര്‍മാണം പൂര്‍ത്തിയാക്കാനായത് അഭിമാനകരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

2020 ജൂണോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു പൊതുമരാമത്തു വകുപ്പായ അഷ്ഗാലിന്റെ ആദ്യ തീരുമാനം. 33 കിലോമീറ്ററാണ് അതിവേഗപാതയുടെ ദൈര്‍ഘ്യം. സിമൈസ്മ, അല്‍ മജദ് റോഡ്, അല്‍ തുര്‍ഫ സ്ട്രീറ്റ് എന്നിവയിലേക്കു കടക്കാനുള്ള 3 ഇന്റര്‍ചേഞ്ചുകളും ഇതിനൊപ്പം പൂര്‍ണമായി തുറന്നിട്ടുണ്ട്. ദോഹ നഗരസഭയിലെ ഖത്തര്‍ യൂണിവേഴ്സിറ്റി സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച്, ലുസൈല്‍, സിമൈസ്മ വഴി അല്‍ ഖോര്‍ സിറ്റി വരെയാണ് 10 വരി പാത നീളുന്നത്. അല്‍ ഷമാല്‍ അതിവേഗ പാതയ്ക്ക് പകരമായി അല്‍ ഖോര്‍വരെ പുതിയ പാത ഉപയോഗിക്കാം. മണിക്കൂറില്‍ 8,000 വാഹനങ്ങളെന്നത് ഇപ്പോള്‍ 20,000 ആയി ഉയര്‍ന്നു. അല്‍ മജ്ദ്, അല്‍ ഷമാല്‍ റോഡുകളുമായി അല്‍ ഖോര്‍ അതിവേഗപാത സന്ധിക്കുന്നുണ്ട്. അതിനാല്‍ രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറ് മേഖലകളിലേക്കും യാത്ര സുഗമമാകുന്നു. ചില സ്ഥലങ്ങളില്‍ റോഡിനു മധ്യത്തിലൂടെയാണ് ദോഹ മെട്രോയുടെ ട്രാക്കുകള്‍ കടന്നുപോകുന്നത്.

ദോഹ മെട്രോ സര്‍വീസ് തുടങ്ങുന്നതോടെ, റോഡ് ഗതാഗതത്തിനൊപ്പം റെയില്‍ ഗതാഗത സൗകര്യവും മേഖലയിലുള്ളവര്‍ക്ക് ഒരുപോലെ ലഭിക്കുമെന്നു ഗതാഗതമന്ത്രി ജാസിം ബിന്‍ സായിഫ് അല്‍ സുലൈത്തി പറഞ്ഞു. ലുസൈല്‍, പേള്‍ ഖത്തര്‍, അല്‍ ഖീസ, അല്‍ ഇബ്, ലിയാബൈബ് തുടങ്ങി 20 പാര്‍പ്പിട മേഖലകളിലുള്ളവര്‍ക്ക് പുതിയ പാതയുടെ ഗുണം ലഭിക്കുമെന്നു നഗരസഭ പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസിസ് ബിന്‍ തുര്‍ക്കി അല്‍ സുബായി പറഞ്ഞു. ലുസൈല്‍, അല്‍ ഖോര്‍ ഫിഫ ഫുട്ബോള്‍ മല്‍സര സ്റ്റേഡിയങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സുപ്രധാന പാത നിശ്ചയിച്ചതിലും ഒരു വര്‍ഷം മുന്‍പേ തുറക്കാനായതു വലിയ നേട്ടമാണെന്ന് അഷ്ഗാല്‍ പ്രസിഡന്റ് ഡോ. സാദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി പറഞ്ഞു.

42 നടപ്പാതകള്‍ 8 പാലങ്ങള്‍< കാല്‍ നടയ്ക്കും സൈക്കിള്‍ സവാരിക്കുമായി 42 ഉപപാതകളാണ് എക്സ്പ്രസ്വേയ്ക്ക് അനുബന്ധമായി ഒരുക്കിയിരിക്കുന്നത്. കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഒരു മേല്‍പാലവും രണ്ടു അടിപ്പാതകളും ഒട്ടകങ്ങള്‍ക്കായി ഒരു തുരങ്കപാതയുമുണ്ട്. 8 പാലങ്ങളുള്ള പാതയില്‍ 10 ഇന്റര്‍ചേഞ്ചുകളുമുണ്ട്. ഇതില്‍ 6 എണ്ണം മള്‍ട്ടിലെവല്‍ ഇന്റര്‍ചേഞ്ചുകളാണ്. ഇരുവശങ്ങളിലും 5 വരികള്‍ക്കു പുറമേ അടിയന്തരാവശ്യങ്ങള്‍ക്കായി രണ്ടു പ്രത്യേകവരികളുമുണ്ട്അല്‍ മജ്ദ്, അല്‍ ഷമാല്‍ റോഡുകളുമായി അല്‍ ഖോര്‍ അതിവേഗപാത സന്ധിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *