ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍…ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായുള്ള താമസം, ഭക്ഷണം,വൈദ്യപരിശോധന,നിയമങ്ങള്‍ തുടങ്ങിയവയെല്ലാം അറിയാം

ജിദ്ദ: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ചസേവനം നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. മക്കയില്‍ ഇന്ത്യന്‍ ഹജ്ജ്മിഷന്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാജിമാരുടെ താമസം, ആരോഗ്യം എന്നീകാര്യങ്ങള്‍ക്ക് മുന്തിയപരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

ഇന്ത്യന്‍ ഹാജിമാരേയുംവഹിച്ചുള്ള വിമാനങ്ങള്‍ മദീനയിലും ജിദ്ദയിലും ഷെഡ്യൂള്‍ അനുസരിച്ചുതന്നെ എത്തുന്നുണ്ട്. 84,472 ഹാജിമാരാണ് കഴിഞ്ഞദിവസംവരെ ഇന്ത്യയില്‍നിന്ന് പുണ്യഭൂമിയിലെത്തിയത്. 14,194 പേര്‍ മദീനവഴിയും 70,278 പേര്‍ ജിദ്ദവഴിയുമാണ് എത്തിയതെന്നും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് അറിയിച്ചു.

ഹറമിന്റെ ആയിരംമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ ഗ്രീന്‍, അസീസിയ എന്നീ രണ്ട് കാറ്റഗറിയിലായാണ് മക്കയില്‍ ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്നത്. മക്കയിലെ ഗ്രീന്‍ കാറ്റഗറിയിലും മദീനയിലും ഹാജിമാരുടെ താമസസ്ഥലങ്ങളില്‍ ഭക്ഷണം പാകംചെയ്യുന്നതിന് വിലക്കുണ്ട്. സുരക്ഷ കണക്കിലെടുത്താണ് സൗദി അധികൃതര്‍ പാചകനിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ അസീസിയയില്‍ ഹാജിമാര്‍ താമസിക്കുന്ന എല്ലാകെട്ടിടങ്ങളിലും പാചകത്തിന് സൗകരൃമുണ്ട്. അസീസിയയില്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്കരികെനിന്ന് ഹറമിലേക്ക് ബസ് സൗകര്യം ലഭ്യമാണ്. നാനൂറോളം പുതിയമോഡല്‍ ബസുകളാണ് ഹാജിമാരെ അസീസിയയില്‍നിന്ന് ഹറമിലേക്കും തിരികെയുമുള്ള യാത്രയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. ബസുകളുടെ സേവനത്തിനായി മൂന്ന് കമ്പനികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഹാജിമാരുടെ സേവനം ലക്ഷ്യമാക്കിയുള്ള ഹജ്ജ് ഓഫീസും മെഡിക്കല്‍ വിഭാഗവും പ്രവത്തിച്ചുവരുന്നുണ്ട്. 14 ബ്രാഞ്ച് ഓഫീസുകളാണ് മക്കയിലുള്ളത്. ഹാജിമാരുടെ ആവശ്യത്തിനായി ഇന്ത്യന്‍ ഹജ്ജ്മിഷനുകീഴില്‍ തുറന്ന ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഓഫീസുകളും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. ആദ്യമായി ഈ വര്‍ഷം വനിതാ ഉദ്യോഗസ്ഥരും സേവനത്തിന് എത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മെഡിക്കല്‍ ടീമില്‍ മാത്രമാണ് വനിതാ ഹജ്ജ് വൊളന്റിയര്‍മാര്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ കോ-ഓര്‍ഡിനേറ്റര്‍മാരായും മറ്റും വനിതാ ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍ എത്തിയിട്ടുണ്ട്. ഇത് ഹജ്ജ്കര്‍മത്തിനെത്തിയ വനിതാ തീര്‍ഥാടകര്‍ക്ക് ഏറെ സഹായകരമാവുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയില്‍നിന്ന് ഡപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പുറമേ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് പ്രദേശികാടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്ത ജോലിക്കാരും ഹാജിമാരുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഹാജിമാര്‍ക്ക് വിമാനത്താവളം മുതല്‍ ഇന്ത്യന്‍ ഹജ്ജ്മിഷന്‍ സേവനം നല്‍കുന്നുണ്ട്. ഹാജിമാരുടെ ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഇലക്ട്രോണിക്ക് മെഡിക്കല്‍ അസിസ്റ്റന്റ് സിസ്റ്റം ഫോര്‍ ഹാജീസ് എന്ന സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

ഈ സംവിധാനത്തിലുടെ ഹാജിമാരുടെ രോഗവിവരം മരുന്നുകള്‍ എന്നിവയുടെ ഡാറ്റ സൂക്ഷിക്കാനും അത്യാവശ്യഘട്ടത്തില്‍ അവ റഫര്‍ ചെയ്യാന്‍ ഉപയോഗിക്കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം, മക്ക ഹജ്ജ് ഇന്‍ ചാര്‍ജ് ആസിഫ് സെയ്ദ്, മെഡിക്കല്‍വിഭാഗം ഇന്‍ ചാര്‍ജ് മുഹമ്മദ് കാസര്‍ തുടങ്ങിയവരും സംബന്ധിച്ചു. ഇന്ത്യന്‍ ഹാജിമാര്‍ക്കായി നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് ഇന്ത്യന്‍ ഹജ്ജ്മിഷന്‍ ഒരുക്കിയിട്ടുള്ളതെന്ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. ഹാജിമാരുടെ ആരോഗ്യകാരൃങ്ങളില്‍ മുന്തിയ പരിഗണനയാണ് ഇന്ത്യാ ഗവര്‍മ്മെണ്ട് നല്‍കുന്നത്. ഇന്ത്യന്‍ ഹജ്ജ്മിഷന്‍ ഒരുക്കിയ മൊബൈല്‍ ആപ്പ് ഹാജിമാര്‍ക്ക് ഏറെ പ്രയോജനകരമാണ്. ഒരുലക്ഷത്തിലധികം പേരാണ് ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മിഷന്‍ ഉപയോഗിക്കുന്ന ആപ്പ് അടിസ്ഥാനമാക്കിയാണ് ഹാജിമാരുടെ താമസസ്ഥലവും മറ്റും കണ്ടെത്തുന്നതിനുള്ള ഈ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *