‘ആദ്യം ആരും വിശ്വസിച്ചില്ല ; ഡോ. രേഖയ്ക്ക് എങ്ങനെ ഇസ്‌ലാം മതപ്രമാണമറിയാം?’

ദുബായ് : ‘ലാഹിലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ്’ (അല്ലാഹു അല്ലാതെ വേറൊരു ദൈവവുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു)–ഡോ.രേഖ കാതിൽ ചൊല്ലിക്കൊടുത്ത ‘ശഹാദത് കലിമ’ അഥവാ എകത്വത്തിന്റെ വചനം കേട്ട് കോവിഡ്19 രോഗിയായ ആ ഉമ്മ സമാധാനത്തോടെ ദൈവത്തിലേയ്ക്ക് മടങ്ങി.

കേട്ടവരൊന്നും ആദ്യമത് വിശ്വസിച്ചില്ല. അവർ പരസ്പരം ചോദിച്ചു, ‍ഡോ. രേഖയ്ക്ക് എങ്ങനെ ഇസ്‌ലാം മതപ്രമാണമറിയാം? പക്ഷേ, യുഎഇയിൽ ജനിച്ച് 18 വയസുവരെ ഇവിടെ തന്നെ പഠിച്ചുവളർന്ന മലയാളി യുവ ഡോക്ടർ അറബിക് ഭാഷയും ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളും മറ്റാരേക്കാളും സ്വായത്തമാക്കിയിരുന്നു, അതിലുപരി മനുഷ്യനെ മനസിലാക്കിയിരുന്നു എന്നറിയാവുന്നവർക്ക് അതിൽ അത്ഭുതം തോന്നിയില്ല.

പാലക്കാട് പട്ടാമ്പി സേവന ആശുപത്രിയിലാണ് അതേ നാട്ടുകാരിയായ ഡോ.രേഖ സേവനമനുഷ്ഠിക്കുന്നത്. രണ്ടാഴ്ചയിലേറെയായി കോവിഡ് ബാധിതയായ തൃത്താല പട്ടിത്തറ കക്കാട്ടിരി സ്വദേശിനിയായ വയോധിക അവിടെ വെന്റിലേറ്ററിൻ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അവർ മരിച്ചു.

മരണാസന്ന സമയത്ത് ഇസ്‌ലാം വിശ്വാസപ്രകാരമുള്ള ശഹാദത് കലിമ (സാക്ഷ്യം– കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം) ചൊല്ലിക്കൊടുത്ത് അവരെ സമാധാനത്തോടെ ഇൗ ലോകത്ത് നിന്ന് ഇൗ യുവ ഡോക്ടർ യാത്രയാക്കുകയായിരുന്നു.

‘കലിമ’ മരിക്കാൻ പോകുന്ന രോഗിയുടെ ചെവിയിൽ ചൊല്ലി കേൾപ്പിക്കുകയും അതവർ ഏറ്റു ചൊല്ലുകയും ചെയ്യുന്നത് ഇസ്‌ലാം മത വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ളതാണ്.

ഒരാളുടെ അവസാന വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹുവല്ലാതെ ആരാധ്യനക്കര്‍ഹാനായി മറ്റാരുമില്ല)’ എന്നായാൽ ആ വ്യക്തിക്ക് സ്വര്‍ഗപ്രവേശം എളുപ്പമാണെന്നാണ് വിശ്വാസം.

കോവിഡ് രോഗികളുടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആ ഉമ്മയുടെ ബന്ധുക്കൾ ആരും തന്നെ അടുത്തില്ലായിരുന്നു.

ഇത് മനസിലാക്കിയ തനിക്ക് യുഎഇയിൽ പഠിച്ച ഇസ്‌ലാം വിശ്വാസപ്രമാണങ്ങൾ ഒാർമ വരികയും ഒരു മകളുടെ സ്ഥാനത്ത് നിന്ന് കലിമ ചൊല്ലി കൊടുക്കുകയുമായിരുന്നുവെന്ന് ഡോ.രേഖ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

ആ വയോധിക അതേറ്റു ചൊല്ലിയാണ് കണ്ണടച്ചത് എന്നറിഞ്ഞ ബന്ധുക്കളുടെ കണ്ണുകൾ നന്ദിപുരസ്സരം ഇൗറനായത് ഡോ.രേഖ ഒാർക്കുന്നു.

സമാധാനത്തോടെ ഒരു വിടപറയൽ

ഉമ്മയെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ബന്ധുക്കളുടെ അഭിപ്രായം കണക്കിലെടുത്ത് അവരെ വെന്റിലേറ്ററിൽ നിന്ന് മാറ്റുകയായിരുന്നു. അതോടെ ഹൃദയമിടിപ്പും രക്തസമ്മർദവും നാഡിമിടിപ്പുമെല്ലാം കുറഞ്ഞു തുടങ്ങി.

ജീവന്റെ അവസാന ഘട്ടത്തിലായതിനാൽ അവരെ സമാധാനത്തോടെ പറഞ്ഞയക്കുക എന്നതായിരുന്നു എല്ലാവരുടെയും ഉദ്ദേശ്യം. വെന്റിലേറ്ററിലായതിനാൽ അവരുടെ കണ്ണുകളിൽ നീരുണ്ടായിരുന്നു. അത് അടച്ചുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അരികിലേയ്ക്ക് ചെന്നത്. അവർ ശ്വാസമെടുക്കുന്ന ദൈന്യത കണ്ടപ്പോൾ മനസിൽ വല്ലാത്ത വിഷമം തോന്നി.


dr-rekha-from-uae

ആ വയോധിക പത്ത് പതിനേഴ് ദിവസമായി ഒറ്റയ്ക്ക് കിടക്കുന്നു. അവരുടെ കുടുംബാംഗങ്ങളാരും അടുത്തില്ല. നമുക്കാർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. അവർക്ക് വേണ്ടി പ്രാര്‍ഥിക്കാനായിരുന്നു ആദ്യം തോന്നിയത്.

എന്തുകൊണ്ട് അവരുടെ തന്നെ വിശ്വാസപ്രകാരമുള്ള വിടപറച്ചിലായിക്കൂടാ എന്ന് അനന്തരം ഉള്ളിൽ നിന്നാരോ ചോദിച്ചു. ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു അവരപ്പോൾ. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന ഖേദകരമായ സ്ഥിതിവിശേഷത്തിൽ ഞാൻ അവരുടെ കണ്ണുകളടച്ച് ചെവിയിൽ ശഹാദത് കലിമ ചൊല്ലിക്കൊടുക്കുകയായിരുന്നു. ഇതിനിടെ എന്നെ സ്പർശിച്ച ഒരു കാര്യമുണ്ടായി.

ഞാൻ ചൊല്ലിക്കൊടുക്കാൻ തുടങ്ങിയപ്പോൾ അവർ രണ്ടു പ്രാവശ്യം നീണ്ട ശ്വാസമെടുത്തു. അതോടുകൂടി നാഡിമിടിപ്പ് സമരേഖയായി. ആ ഉമ്മയ്ക്ക് ഭൂമിയിൽ നിന്ന് പോകാൻ തടസ്സമുള്ളപ്പോൾ ആരോ നമ്മളെ അങ്ങനെ തോന്നിപ്പിച്ച് ചെയ്യിപ്പിച്ചതാണെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.

കോവിഡ് രോഗികളുടെ ബന്ധുക്കൾ ഡോക്ടര്‍മാരും നഴ്സുമാരും

‘ഇന്ന് കോവി‍ഡ് രോഗികളുടെ കുടുംബം പോലും ഡോക്ടർമാരും നഴ്സുമാരുമാണ്. കുടുംബാംഗങ്ങൾക്ക് ആർക്കും കോവിഡ‍് രോഗിയുടെ അരികെ നിൽക്കാൻ പോലും സാധ്യമല്ല. ആ ഒരു അവസ്ഥയിൽ ആ ഉമ്മയുടെ മകളുണ്ടായിരുന്നെങ്കിൽ എന്തു ചെയ്യും, അതു മാത്രമേ ഞാൻ ചെയ്തുള്ളൂ”–‍ഡോ.രേഖ വ്യക്തമാക്കുന്നു.

1984ൽ ദുബായിലാണ് ഡോ.രേഖ ജനിച്ചത്. കെജി മുതൽ പ്ലസ് ടു വരെ ദുബായ് ഇന്ത്യൻ സ്കൂളിലായിരുന്നു പഠിച്ചത്. യുഎഇയിൽ ഏത് സിലബസാണെങ്കിലും പത്താം ക്ലാസ് വരെ അറബിക് ഭാഷ പഠിക്കുക നിർബന്ധമാണ്.

ഡോ. രേഖയ്ക്ക് അറബിക് വായിക്കാനറിയാം. കൂടാതെ, ഖുർആൻ പാരായണ രീതിയൊക്കെ ശ്രദ്ധിച്ച് മനസിലാക്കിയിട്ടുമുണ്ട്. അതുകൊണ്ടാണ് തനിക്ക് ശഹാദത് കലിമ ചൊല്ലാനും ആ ഉമ്മയെ സ്വർഗത്തിലേയ്ക്ക് യാത്രയയക്കാൻ സാധിച്ചതെന്നും ഡോ.രേഖ അഭിമാനത്തോടെ പറയുന്നു.

വിവിധ രാജ്യക്കാരും മതവിഭാഗക്കാരുമായ കുട്ടികളോടൊപ്പമാണ് വളർന്നത് എന്നതും ഡോ.രേഖയ്ക്ക് വേറിട്ട ജീവിത പാഠങ്ങൾ പകർന്നു. ന‍ൃത്തം, സംഗീതം എന്നിവയിലും തത്പരയായിരുന്നു. ദുബായ് ആസ്ഥാനമായുള്ള കൊച്ചിൻ ലയൺസ് ക്ലബിൽ അംഗമായിരുന്നു.

ഒട്ടേറെ ലോക നേതാക്കളുമായും പ്രസംഗകരുമായും ഇടപെഴകാൻ സാധിച്ചതിലൂടെ മനുഷ്യനെ മനസിലാക്കാൻ സാധിച്ചതായി ഡോ.രേഖ പറയുന്നു.

സേലം വിനായക മിഷന് കീഴിലുള്ള മെഡിക്കൽ കോളജിലാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. തുടർന്ന് ബംഗ്ലുരുവിലെ മണിപാൽ മെഡിക്കൽ കോളജിൽ മാസ്റ്റർ ഡിഗ്രിയും പൂർത്തിയാക്കി. ഡോ.രേഖയുടെ കുടുംബം 48 വർഷമായി യുഎഇയിലായിരുന്നു.

പിതാവ് പട്ടാമ്പി ചേമ്പ്ര മേലേമഠത്തിൽ ഹൗസിൽ രാമകൃഷ്ണൻ മഠത്തിൽ 38 വർഷം ദുബായ് ഡിഎച് എല്ലിൽ ജോലി ചെയ്തു. കോർപറേറ്റ് പ്രോർമെന്റ് വൈസ് പ്രസിഡന്റായിരിക്കെ 2018 ഡിസംബറിൽ വിരമിച്ചു. ഇപ്പോൾ സ്വന്തമായി ബിസിനസ് ചെയ്യുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *