പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണമെന്ന് സിബിഎസ്ഇ ഗൾഫ് കൗൺസിൽ

അബുദാബി : കോവി‍ഡ് വ്യാപനം കുറഞ്ഞ യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണമെന്ന് സിബിഎസ്ഇ ഗൾഫ് കൗൺസിൽ (സഹോദയ) ആവശ്യപ്പെട്ടു.

ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കുമെന്ന അഭ്യൂഹം പ്രചരിച്ചതോടെയാണ് ഗൾഫ് കൗൺസിൽ ഈ ആവശ്യം ഉന്നയിച്ചത്.

ഇന്ത്യയ്ക്കു വെളിയിൽ 22 രാജ്യങ്ങളിൽ സിബിഎസ്ഇ പരീക്ഷ നടക്കുന്നുണ്ട്.

രാജ്യത്തിനു പുറത്തെ കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷയ്ക്കു വ്യത്യസ്ത ചോദ്യ പേപ്പറായതിനാൽ ഇവിടങ്ങളിൽ പരീക്ഷ നടത്തുന്നതിന് പ്രയാസമുണ്ടാകില്ലെന്ന് സിബിഎസ്ഇ ഗൾഫ് കൗൺസിൽ ചെയർമാൻ സജീവ് ജോളി ബോർഡിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ അനിശ്ചിതമായി വൈകുന്നതും  റദ്ദാക്കുന്നതും പ്രവാസി വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കും.

ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നവരെയും നീറ്റ്, ജെഇഇ തുടങ്ങിയ പ്രവേശന പരീക്ഷകൾ എഴുതുന്നവരെയും പ്രതികൂലമായി ബാധിക്കും.

അതുകൊണ്ടുതന്നെ ഗൾഫിൽ സമയബന്ധിതമായി പരീക്ഷ നടത്തണമെന്നാണ് ഭൂരിഭാഗം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

നാട്ടിൽനിന്നു വ്യത്യസ്തമായി ഗൾഫിലെ സ്കൂളുകളിൽ പ്രീ–മോഡൽ, മോഡൽ പരീക്ഷകൾ നടത്തി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷം പരീക്ഷ റദ്ദാക്കുന്നതു നന്നായി പഠിക്കുന്ന വിദ്യാർഥികളെ പ്രയാസത്തിലാക്കുമെന്ന് അബുദാബി എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി സ്കൂൾ പ്രിൻസിപ്പൽ സജി ഉമ്മൻ പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് കുടുംബസമേതം നാട്ടിലേക്കു പോകാനിരുന്നവരും ഇതുമൂലം കുടുങ്ങി.

‌സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയ ശേഷം ‌ഓരോ വിഷയത്തിലും കഴിഞ്ഞ 3 വർഷത്തെ സ്കൂൾ ശരാശരിയും കുട്ടിയുടെ പഠന മികവും അടിസ്ഥാനത്തിൽ മാർക്കിട്ട് ബോർഡിനു നൽകാനാണ് അറിയിപ്പ്.

പന്ത്രണ്ടാം ക്ലാസ് റദ്ദാക്കിയാൽ ഇതേ മാതൃകയിലായിരിക്കും മാർക്ക് നൽകുക.

ഇതിൽ പക്ഷേ കുട്ടികൾ തൃപ്തരാകുമോ എന്ന് കണ്ടറിയണമെന്ന് അബുദാബി സൺറൈസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീല ജോൺ പറഞ്ഞു.

രാപപകലില്ലാതെ പഠിച്ചു പരീക്ഷ എഴുതി ലഭിക്കുന്ന മാർക്കിന് തുല്യമാകുമോ ബോർഡിന്റെ ഔദാര്യത്തിൽ ലഭിക്കുന്നത് എന്ന് കുട്ടികളും രക്ഷിതാക്കളും ചോദിക്കുന്നു.

റദ്ദാക്കുകയാണെങ്കിലും നീട്ടുകയാണെങ്കിലും തീരുമാനം പെട്ടന്നുണ്ടാകണമെന്ന്  സൺറൈസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി കൊച്ചി കാക്കനാട് സ്വദേശി സിദ്ധാർഥ് സുരേഷ് പറഞ്ഞു.

പല പ്രവേശന പരീക്ഷകൾക്കും പ്ലസ് ടു മാർക്കു കൂടി പരിഗണിക്കുന്നതിനാൽ പരീക്ഷ അനന്തമായി നീട്ടി ഒരു വർഷം നഷ്ടപ്പെടുത്തുന്നതിനു പകരം റദ്ദാക്കുന്നതായിരിക്കും ഉചിതമെന്ന് സിദ്ധാർഥ് പറഞ്ഞു.

മാസങ്ങളോളം നീളുന്നത് പഠിക്കാനുള്ള താൽപര്യം നഷ്ടപ്പെടുത്തും. മാത്രവുമല്ല കോളജ് അഡ്മിഷനും പ്രശ്നമാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *