ഭയം ഉടലെടുത്ത് തുടങ്ങി, എത്ര നാൾ ഇങ്ങനെ? സൗദിയിൽ നിന്ന് മലയാളിയുടെ കുറിപ്പ്

ദമാം : സൗദിയാണ് ഗൾഫിൽ ഏറ്റവുമധികം കോവിഡ് 19 നിയന്ത്രണമുള്ള രാജ്യങ്ങളിലൊന്ന്. മിക്ക നഗരങ്ങളും പൂർണമായും വിജനമായി.

ഇതിനിടയിൽ വീടകങ്ങളിൽപ്പെട്ട് പലരും മാനസിക വിഷമങ്ങൾ നേരിട്ടു തുടങ്ങിയിട്ടുണ്ട്.

പ്രവാസ ലോക് ഡൗണിലെ തന്റെ അവസ്ഥയും ചുറ്റുവട്ടത്തെ ജീവികളുടെ ദുരിതങ്ങളും വിവരിക്കുകയാണ് എഴുത്തുകാരിയും അഭിഭാഷകയുമായ എറണാകുളം പെരുമ്പാവൂർ സ്വദേശിനി ആർ.ഷാഹിന:

‘അതിരുകളില്ലാത്ത ഒരു ഇരുണ്ടകാലത്തിലേയ്ക്ക് മനുഷ്യരെ വൈറസ് കൊണ്ടെത്തിച്ചു കഴിഞ്ഞിരിക്കുന്നു. ക്യത്യമായി പറഞ്ഞാൽ കഴിഞ്ഞ ഒരു മാസമായിട്ട് ഫ്ലാറ്റുകളിലും വീടുകളിലും തളച്ചിട്ട മനുഷ്യർ മാത്രമേ ചുറ്റുമുള്ളൂ.

ഗവണ്മെന്റ്, പ്രൈവറ്റ് കമ്പനികളും വർക്ക് ഫ്രം ഹോം ആക്കിയിട്ടുണ്ട്. ഇന്ത്യൻ എംബസി സ്കൂൾ പരീക്ഷകൾ മുടക്കി‌ കൊണ്ട് മാർച്ച് 8 നു അടച്ചിട്ടു. ആദ്യമൊന്നും ഈ മാറ്റങ്ങൾ വലിയ പ്രശ്നമായി തോന്നിയില്ല എന്നതാണു സത്യം.

മൂന്നുവർഷമായി പ്രവാസി വീട്ടമ്മ റോളിൽ‌ കൂടിയായതുകൊണ്ട് ദിനചര്യകളിൽ‌ സ്വന്തം ഇഷ്ടത്തിനായിരുന്നു‌ പ്രധാനം. സിനിമയും എഴുത്തും വായനയും പാചകവും കുടുംബവുമായി സ്വസ്ഥമായി പോകുന്ന എന്റെ ജീവിതത്തിൽ മാറ്റമായി തോന്നിയത് പകൽ സമയങ്ങളിൽ കൂടി ഭർത്താവും മോളും കൂടെയുണ്ടാകുന്നു എന്നത് മാത്രമാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

എന്നാൽ ദിനം കഴിയും തോറും അനീഷിന്റെ ജോലിയുടെ ടെൻഷനും വീട്ടിൽ ഇരുന്നുള്ള പണിയുടെ പ്രഷറും. മോൾക്ക് ബോറടിക്കുന്നതിന്റെ പരാതികളും കൊറോണയുടെ മാറ്റങ്ങളെ മനസ്സിലാക്കി തന്നു തുടങ്ങി.

അനീഷിന്റെ ഉമ്മിച്ചിയും എയർപോർട്ട് അടച്ചതിനാൽ നാട്ടിൽ പോകാനാവാതെ ഇവിടെയായി.

‘സഹജീവികളെ’ സംരക്ഷിക്കണം

ഞങ്ങൾക്ക് ഒപ്പം കിളികളും കുറച്ച് മീനുകളും ജീവിക്കുന്നുണ്ട്. മീനുകളുടെ ഭക്ഷണം തീർന്നു. അതുവാങ്ങാൻ പോയിട്ട് കിട്ടിയതുമില്ല.

saudi-shahina12

ചില പരീക്ഷണങ്ങളിൽ (ക്യാരറ്റും ഗ്രീൻപീസും മിക്സ്) അവയുടെ ജീവനെ പിടിച്ചു നിർത്തുന്നു. കിളികളിൽ പ്രിയപ്പെട്ടയാൾ ഇതിനിടെ ചത്തു പോയി. കൊക്കീമ എന്ന കൊക്കീടെയിൽ! ഫിഞ്ച് വർഗത്തിൽപ്പെട്ടവയിൽ ഉള്ളവ ഇതിനിടെ മുട്ടയിട്ട് വിരിഞ്ഞു 3 കുഞ്ഞിക്കിളികൾ കൂടി

സർഗരചനയും പാചകവും

എഴുത്തിൽ സ്വയം ഒളിച്ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. നാടകത്തിന്റെ ഒരു‌ സ്ക്രിപ്റ്റ് എഴുതിയെന്നതും ഇതിനിടയിലെ സന്തോഷം. പുറത്തേയ്ക്ക് ഇറങ്ങാൻ കഴിയാത്തത് കൊണ്ട് ഫ്ലാറ്റിന്റെ മുകളിൽ ചെന്ന് ആകാശം നോക്കി നിൽക്കും.

വെറുതെ കാറ്റ് കൊണ്ട് നിൽക്കുമ്പോൾ ചുറ്റും ഉയർന്നു പൊങ്ങിയ സമുച്ചയങ്ങളിലെ ജീവിതം എങ്ങനെയാകുമെന്ന് ആലോചിക്കുമ്പോൾ. അതിജീവനത്തിനായി പ്രവാസിയായ എത്രയോ ജന്മങ്ങൾ അതിൽ പെട്ട് കിടപ്പുണ്ടാകും.

അടുക്കളയിൽ പുതിയ പാചകപരീക്ഷണങ്ങളും ടിക് ടോക് രസങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമായും തുടക്ക ദിവസങ്ങൾ ഉഷാറാക്കിയെങ്കിലും, ലോകത്തിന്റെ അനിശ്ചിതാവസ്ഥ വാർത്തകളിൽ അറിയുമ്പോൾ ഉള്ളിൽ ഭയം ഉടലെടുത്ത് തുടങ്ങിയിരിക്കുന്നു. എത്രനാൾ ഇങ്ങനെ?

സൗഹൃദങ്ങളിലൂടെ സാന്ത്വനം

സൗദിയിൽ ക്യത്യമായി നിയന്ത്രണങ്ങളിൽ വൈറസിനെ പ്രതിരോധിക്കുന്നുണ്ട്. ഇപ്പോൾ 24 മണിക്കൂർ കർഫ്യൂ ആക്കിയിട്ടുള്ള സ്ഥലങ്ങളിൽ ദമാമും ഉൾപ്പെട്ടിട്ടുണ്ട്.

അടുത്ത ഫ്ലാറ്റിൽ ഉള്ളവരെ പോലും കണ്ടിട്ട് ആഴ്ചകളായിരിക്കുന്നു. പുരുഷന്മാർ മാത്രം അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാസ്ക്കും ധരിച്ചു പോകുന്നുണ്ട്.

തിരിച്ചു വരുമ്പോൾ കൈകഴുകി വ്യത്തിയാക്കുന്നതും ശീലമായി. കടകളിൽ നല്ല തിരക്കുണ്ടെന്ന് പറഞ്ഞു‌കേൾക്കുന്നു. അവശ്യസാധനങ്ങൾക്ക് വില കൂടിയിട്ടുമുണ്ട്.

സൗഹ്യദങ്ങളെ ഫോണിൽ വിളിക്കുമ്പോൾ ആശങ്കയിൽ കുതിർന്ന ശബ്ദമാണ് അധികവും. നാട്ടിൽ‌ ഇനിയെന്ന് പോകുമെന്നറിയാതെ, ഉറ്റവരേയും ഉടയവരേയും‌ ഓർത്തുള്ള വേവലാതിയും ഒക്കെ മനസ്സിനെ നീറ്റുന്നത് പരസ്പരം പങ്കുവയ്ക്കുമ്പോഴും അതിലേറെ ആശങ്ക ജോലിയിൽ വരാൻ പോകുന്ന അരക്ഷിതാവസ്ഥയാണ്.

പല കമ്പനികളും സാലറിയിൽ കുറവ് വരാനുള്ള സാധ്യതകളേയും ലീവും ഒക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ആ മുന്നറിയിപ്പുകളിൽ പലരും നിരാശയിലേക്ക് കൂപ്പുകുത്തുന്നുണ്ട്.

സാമ്പത്തിക അരാജകത്വത്തോടപ്പം മാനസിക സമ്മർദ്ധവും ജീവിതത്തിന്റെ താളം തെറ്റിക്കുമെന്ന മുന്നറിയിപ്പിലും സർക്കാരിലുള്ള പ്രതീക്ഷ കൈവെടിയുന്നില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *