ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച തുടങ്ങും

ദോഹ :  ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച തുടങ്ങും. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ വാക്‌സീന്‍ നല്‍കുകയുള്ളു.

ആദ്യ ഘട്ടം ഡിസംബര്‍ 23 മുതല്‍ 2021 ജനുവരി 31 വരെ. വിതരണം 7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി.

വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍, ബയോടെക്കുമായി ചേർന്നു വികസിപ്പിച്ച കോവിഡ് വാക്സീന്‍ ആണ് വിതരണം ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന്  പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ്സ് നിയന്ത്രണ വകുപ്പ് അനുമതി നല്‍കിയത്.

ഇന്നലെ രാത്രിയാണ് ആദ്യ ബാച്ച് വാക്‌സീന്‍ രാജ്യത്തെത്തിയത്. ബുധനാഴ്ച മുതല്‍ 7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് കോവിഡ്-19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ വാര്‍ത്താസമ്മേളനത്തിലാണ്  വിശദീകരിച്ചത്.

70 വയസ്സിനു മുകളിലുള്ളവർ,  വിട്ടുമാറാത്ത ഒന്നിലധികം  രോഗങ്ങൾ ഉള്ളവർ, കോവിഡ് ബാധിതരുമായി അടുത്തു ഇടപെടുന്ന പ്രധാന ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുക.

അല്‍ വജ്ബ, ലിബെയ്ബ്, അല്‍ റുവൈസ്, ഉംസലാല്‍, റൗദത്ത് അല്‍ ഖെയ്ല്‍, അല്‍ തുമാമ, മൈതര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ വിതരണം.

വാക്‌സിനേഷന് തിരഞ്ഞെടുക്കപ്പെടുന്ന രോഗികളെ ഫോണ്‍ വിളിച്ചോ അല്ലെങ്കില്‍ എസ്എംഎസ് മുഖേനയോ അറിയിക്കും. വാക്‌സിനേഷന്‍ എടുക്കാനുള്ള നിശ്ചിത സമയവും നല്‍കും.

മൂന്നാഴ്ചക്കുള്ളില്‍ 2 ഡോസ് ആണ് നല്‍കുക. ആദ്യ ബാച്ച് വാക്‌സീന്‍ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് നല്‍കുക.

അടുത്ത വര്‍ഷം രാജ്യത്തെ എല്ലാവര്‍ക്കും നല്‍കാന്‍ പര്യാപ്തമായ അളവില്‍ വാക്‌സീന്‍ ലഭിക്കുമെന്ന് മന്ത്രാലയം ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോ.ഹമദ് ഈദ് അല്‍ റുമൈഹി പറഞ്ഞു.

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്‌സീന്‍ സൗജന്യമാണ്. പ്രാഥമികപരിചരണ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ.മറിയം അബ്ദുള്‍ മാലിക്കും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കോവിഡ് വാക്സീന്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം പുതിയ വെബ്പേജും ആരംഭിച്ചിട്ടുണ്ട്. വെബ് പേജ് ലിങ്ക്: https://covid19.moph.gov.qa/EN/Covid19-Vaccine/Pages/Priority-groups.aspx

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *