നാല് സ്ത്രീകള്‍ മാറി മാറി കുട്ടിയെ പരിചരിച്ചു…ചിലവേറിയതോടെ കൈവിടാന്‍ തീരുമാനം; ദുബായ് മാളില്‍ കണ്ടെത്തിയ കുട്ടിയുടെ കേസിന്റെ ചുരുളഴിച്ച് പോലീസ്‌

ദുബായ്: മാളില്‍ ഒറ്റപ്പെട്ടനിലയില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ദുബായ് പോലീസ് പുറത്തുവിട്ടു. ജനിച്ച്‌ രണ്ടാംദിവസം കുഞ്ഞിനെ ഒരു ഏഷ്യന്‍ സുഹൃത്തിനെയേല്‍പ്പിച്ച്‌ അമ്മ രാജ്യം വിടുകയായിരുന്നുവെന്ന് മുറാഖാബത്ത് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഘനേം പറഞ്ഞു. അനധികൃതമായി കുട്ടിയെ വളര്‍ത്തിയതിന് നാലുസ്ത്രീകളെയും പോലീസ് അറസ്റ്റുചെയ്തു.

Loading...

സെപ്റ്റംബര്‍ ഏഴിനാണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ അല്‍ റീഫ് മാളിന് സമീപം കുട്ടിയെ കണ്ടെത്തിയത്. തനിച്ചുനടക്കുന്ന കുട്ടിയെ ഒരു ഫിലിപ്പൈന്‍ സ്വദേശി മുറാഖാബത്ത് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തിരിച്ചറിയാന്‍ പോലീസ് പൊതുസമൂഹത്തിന്റെ സഹായം തേടി. അഞ്ചുവയസ്സുകാരന്റെ വാര്‍ത്തയും ചിത്രവും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ച്‌ ഏകദേശം തൊണ്ണൂറ് മിനിറ്റിനുള്ളില്‍ പോലീസിനെ തേടിയെത്തിയ ഫോണ്‍വിളിയാണ് ദുരൂഹതയുടെ ചുരുളഴിച്ചത്. ഷാര്‍ജയില്‍ പലയിടത്തും ഒരു സ്ത്രീയോടൊപ്പം ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടിയെ കണ്ടതായുള്ള ഫോണ്‍വിളിയുടെ ചുവടുപിടിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. സഹായത്തിനായി ദുബായ് പോലീസ് ഷാര്‍ജ പോലീസിന്റെ സഹായവും തേടി. കുഞ്ഞിനോടൊപ്പമുണ്ടായിരുന്ന സ്ത്രീയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് മറ്റ് സ്ത്രീകളുടെയും അറസ്റ്റ്.

കുഞ്ഞ് തന്റേതല്ലെന്ന് അറസ്റ്റിലായ യുവതി പോലീസിനോട് പറഞ്ഞു. 2014-ലാണ് കുഞ്ഞിന്റെ ജനനം. അമ്മ തിരിച്ചുവരുമെന്ന് കരുതി അധികാരികളോട് പറയാതെ അഞ്ചുവര്‍ഷമായി കുട്ടിയെ പരിപാലിക്കുകയായിരുന്നു. അവരുടെ വിലാസം അറിയില്ല. മറ്റ് സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ വിവരങ്ങള്‍ തനിക്കറിയില്ലെന്നും അറസ്റ്റിലായ യുവതി പോലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ കുറെമാസങ്ങളായി പരിചരണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഭാരിച്ച ചെലവ് താങ്ങാനായില്ലെന്നും അതുകൊണ്ടാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ തയ്യാറായതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. അതിനിടയില്‍ നാലോളം സ്ത്രീകള്‍ കുഞ്ഞിനെ കൈമാറി പരിചരിച്ചു. അല്‍ മുത്തീന പ്രദേശത്തുള്ള മറ്റൊരു സ്ത്രീയും കുറച്ചുകാലം കുട്ടിയുടെ ചുമതല ഏറ്റെടുത്തിരുന്നു. ഏറെ താമസിയാതെ അവരും കുട്ടിയെ ഉപേക്ഷിച്ചു. കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പലരോടും സഹായം തേടിയെങ്കിലും ഉപേക്ഷിക്കാനായിരുന്നു ഉപദേശം. അല്ലെങ്കില്‍ കുട്ടിയുമായി പോലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയവരുണ്ടെന്നും യുവതി വെളിപ്പെടുത്തി.

അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ സംശയം തോന്നിയ നാലുസ്ത്രീകളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കി. എന്നാല്‍ അവരാരും കുട്ടിയുമായി രക്തബന്ധമില്ലെന്ന് കണ്ടെത്തിയതായും ബ്രിഗേഡിയര്‍ ഘനേം പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി ഏകദേശം പന്ത്രണ്ട് ദിവസങ്ങള്‍ക്കുശേഷമാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്റെ സംരക്ഷണയിലാണ് അഞ്ചുവയസ്സുകാരന്‍. ഇംഗ്ലീഷ് മാത്രം സംസാരിച്ചിരുന്ന കുട്ടി തന്റെ മാതാപിതാക്കളുടെ പേര് പോലും പറഞ്ഞിരുന്നില്ല. അച്ഛന്റെ പേര് ചോദിക്കുമ്ബോള്‍ സൂപ്പര്‍മാനെന്നാണ് അവന്റെ മറുപടി. തന്നെ കൊണ്ടുപോകാന്‍ സൂപ്പര്‍മാന്‍ വരുമെന്നും അവന്‍ പോലീസുകാരോട് പറഞ്ഞു. ഇത് കുട്ടിയെ മനപ്പൂര്‍വം പറഞ്ഞുപഠിപ്പിച്ചതാണെന്ന് പോലീസിന് സംശയവും തോന്നിയിരുന്നു. കുട്ടിയുടെ സംരക്ഷണം ഇനി എങ്ങനെയായിരിക്കുമെന്നകാര്യം ദുബായ് പോലീസ് വ്യക്തമാക്കിയിട്ടില്ല.

പീഡനങ്ങള്‍ക്കോ അക്രമങ്ങള്‍ക്കോ ഇരകളാകുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍. ഫൗണ്ടേഷനെ സഹായിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക് 04 6060300 എന്ന ഫോണ്‍ നമ്ബറിലോ

[email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *