യുഎഇയിൽ ആഞ്ഞുവീശീ ഷമാൽ; തണുപ്പു കൂടി, ഫെറി സർവീസ് തടസ്സപ്പെട്ടു

ദുബായ് : വടക്കു പടിഞ്ഞാറൻ കാറ്റായ ഷമാൽ വീശിയടിക്കുന്ന യുഎഇയിൽ തണുപ്പു കൂടി.

2 ദിവസമായി ശക്തമായ കാറ്റാണു വീശുന്നത്. ചില മേഖലകളിൽ ഇന്നലെ നേരിയ തോതിൽ മഴപെയ്തു.

ചൊവ്വാഴ്ച വിവിധ എമിറേറ്റുകളിൽ സാമാന്യം ശക്തമായ മഴയുണ്ടായി. ഗൾഫ് മേഖലയിൽ പൊതുവേ നല്ല തണുപ്പനുഭവപ്പെടുന്നു.

കുവൈത്തിൽ ഇന്നലെ പുലർച്ചെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ബഹ്റൈനിൽ 10 ഡിഗ്രി സെൽഷ്യസ്. യുഎഇയിൽ ഇന്നലെ ഉച്ചയ്ക്കു പോലും ശീതക്കാറ്റ് ശക്തമായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കമ്പിളിക്കുപ്പായവും ലതർ ജാക്കറ്റും ധരിച്ചാണ് ആളുകൾ പുറത്തിറങ്ങിയത്. മൂടിക്കെട്ടിയ കാലാവസ്ഥയാണ്. കടൽ പ്രക്ഷുബ്ധം. ഇന്നും കാര്യമായ മാറ്റമുണ്ടാകില്ലെന്നു കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

തീരപ്രദേശങ്ങളിലും പർവതമേഖലകളിലും അതിശക്തമായ കാറ്റാണു വീശുന്നതെന്നു താമസക്കാർ പറഞ്ഞു. അതേസമയം, ചിലയിടങ്ങളിൽ ദൂരക്കാഴ്ച കുറച്ചു പൊടിക്കാറ്റു വീശി.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മണലും മറ്റും റോഡിലേക്ക് അടിച്ചുകയറാൻ സാധ്യതയുണ്ട്.

വാഹനങ്ങൾ തെന്നിമറിയാൻ സാധ്യതയുള്ളതിനാൽ വേഗം കുറയ്ക്കണം.

ശ്വാസംമുട്ടലും പനിയും കൂടി

അനിശ്ചിത കാലാവസ്ഥയെ തുടർന്ന് രോഗബാധിതരുെട എണ്ണം കൂടി. ആശുപത്രികളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നു. പനിയും ജലദോഷവും മൂലം പലരും ബുദ്ധിമുട്ടുന്നു.

തണുപ്പുകൂടിയത് ആസ്മ രോഗികളെയും വലയ്ക്കുന്നു. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.

മാറ്റിവയ്ക്കാം, അമിതഭയം

രോഗം വരുമെന്ന അമിത ഭയമാണ് ആദ്യം ഉപേക്ഷിക്കേണ്ടതെന്നു ഹോമിയോ ഡോക്ടറായ ഇക്ബാൽ കുറ്റിപ്പുറം പറഞ്ഞു. ഏതു കാലാവസ്ഥയിലും അന്തരീക്ഷത്തിൽ ബാക്ടീരിയകളും വൈറസുകളുമുണ്ടാകും.

വ്യായാമം പ്രധാനമാണ്. ജോലി കഴിഞ്ഞെത്തിയാൽ സ്വന്തം കാര്യത്തിന് 4 മണിക്കൂറെങ്കിലും മാറ്റിവയ്ക്കണം. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ വീടിനുള്ളിൽ വ്യായാമം ചെയ്യാം.

വീട്ടുകാരുമായി സംസാരിക്കാനും പാട്ടുകേൾക്കാനോ മറ്റ് ഉല്ലാസത്തിനോ സമയം കണ്ടെത്തണം. കുളി പ്രധാനമാണ്. ചൂടുവെള്ളത്തിൽ ദേഹം കഴുകി തലയിൽ തണുത്തവെള്ളം ഒഴിക്കുന്നതാണ് നല്ലത്.

ഫെറി സർവീസ് തടസ്സപ്പെട്ടു

ദുബായ് ∙ ശക്തമായ കാറ്റിനെ തുടർന്നു ദുബായ്-ഷാർജ ഫെറി സർവീസ് തടസ്സപ്പെട്ടു. പല സർവീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചു. താൽക്കാലികമായാണ് നിർത്തിവച്ചതെന്നും വിവരങ്ങൾക്ക് ഉപഭോക്തൃ സേവന കേന്ദ്രത്തിൽ വിളിക്കാമെന്നും ആർടിഎ അറിയിച്ചു. ഫോൺ: 800 9090

ഒമാനിൽ മാത്രം തണുപ്പ് കുറഞ്ഞു

ഒമാനിൽ ഇന്നലെ താപനില അൽപം ഉയർന്നു. ചിലയിടങ്ങളിൽ 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായാണു റിപ്പോർട്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *