പൊള്ളുന്ന ചൂടിന് അവസാനമില്ല…ബഹ്റൈനില്‍ വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം അവസാനിച്ചു

മനാമ: ബഹ്റൈനില്‍ ചൂട് വര്‍ദ്ധിക്കുന്ന ജൂലൈ, ആഗസ്ത് മാസങ്ങളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ജോലിസമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോട് ഇത്തവണ 98.5 ശതമാനം സ്ഥാപനങ്ങളും സഹകരിച്ചതായി തൊഴില്‍കാര്യമന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍. ജൂലൈ 1 മുതല്‍ ആഗസ്ത് 31 വരെയായിരുന്നു നിയന്ത്രണം. നിയന്ത്രണം ഇന്നലെ അവസാനിച്ചുവെങ്കിലും രാജ്യത്ത് ചൂടിന് യാതൊരു ശമനവുമില്ല. ജൂലൈ, ആഗസ്ത് മാസങ്ങളിലായി ആകെ 10,341 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 10,185 സ്ഥാപനങ്ങളും ഇത്തവണ സഹകരിച്ചു.

വിവിധ സൈറ്റുകളില്‍ നടന്ന പരിശോധനയില്‍ 323 തൊഴിലാളികളാണ് നിയമലംഘനം നടത്തിയതായി കണ്ടത്. ഇതുമായി ബന്ധപ്പെട്ട തൊഴിലുടമകളെ പബ്ളിക് പ്രോസിക്യൂഷനില്‍ ഹാജരാക്കി നിയമനടപടികള്‍ സ്വീകരിക്കും. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു പ്രതിബദ്ധത എന്ന നിലയിലാണ് നിയമം കര്‍ക്കശമാക്കിയത്. ചൂട് വര്‍ദ്ധിക്കുന്ന ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ഉച്ചക്ക് നാലുമണിക്കൂറാണ് പുറത്തെ സൈറ്റുകളില്‍ ജോലിചെയ്യുന്നത് നിരോധിച്ചിട്ടുള്ളത്. ഇത്തവണയും ബഹുഭൂരിപക്ഷം തൊഴിലുടമകളും ഇതുമായി സഹകരിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബഹ്റൈനില്‍ വിദേശത്തൊഴിലാളികളുടെ സുരക്ഷക്ക് തൊഴില്‍ മന്ത്രാലയം പ്രഥമസ്ഥാനം നല്‍കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാനപങ്കു വഹിക്കുന്ന തൊഴിലാളികളുടെ കാര്യത്തില്‍ മന്ത്രാലയം എപ്പോഴും ശ്രദ്ധാലുവായിരിക്കും. തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ ബാദ്ധ്യസ്ഥരാണ്. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നതിന് യാതൊരു ന്യായീകരണവുമില്ല. തൊഴിലാളികളുടെ സുരക്ഷാകാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രി ഈയിടെ സൂചിപ്പിച്ചിരുന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍വരെ ഈ നിയന്ത്രണം സഹായകരമായെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നിയന്ത്രണം അവസാനിക്കുന്ന തീയതി നീട്ടണമെന്ന ആവശ്യം വിവിധ തലങ്ങളില്‍നിന്ന് ഉയര്‍ന്നുവെങ്കിലും അക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടുമില്ല. ജൂണ്‍ പകുതി മുതലാരംഭിക്കുന്ന ചൂട് സെപ്തംബര്‍ പകുതിയാകുമ്പോഴാണ് സാധാരണയായി കുറവു വരുന്നത്. അതിനാല്‍ ഈ കാലയളവില്‍ തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അഭികാമ്യമായിരിക്കുമെന്ന് പൊതുവേ അഭിപ്രായമുയരാറുണ്ട്. ജൂലൈ ആഗസ്ത് മാസങ്ങളിലെ മധ്യാഹ്നങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അതേസമയം ഈ നിയന്ത്രണത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നത് നന്നായിരിക്കുമെന്നും സാമൂഹികപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളുടേയും അഭിപ്രായം ആരായേണ്ടതുണ്ട്. ഈയിടെയായി ജൂണ്‍ മാസത്തിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിരാവിലെ ജോലിയാരംഭിച്ച് നേരത്തേ ജോലി അവസാനിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. 2007ലാണ് ഈ ഉത്തരവ് ആദ്യമായി നടപ്പിലാക്കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *