2022 ലോകകപ്പ് മത്സരത്തോടെ ലോകത്തെ ഞെട്ടിക്കാന്‍ ഖത്തര്‍…ഒരുങ്ങുന്നത് ലോകം ഇതു വരെ കാണാത്ത വ്യത്യസ്തമായൊരു ലോകകപ്പ്; ആവേശത്തോടെ സ്റ്റേഡിയ നിര്‍മാണങ്ങളില്‍ പങ്കാളികളായി പ്രവാസി മലയാളികളും…

ഇതുവരെയുള്ള ലോകകപ്പ് പോലെയാവില്ല മലയാളികള്‍ക്കു ഖത്തര്‍ ലോകകപ്പ്; അതു നമ്മുടെ സ്വന്തം ലോകകപ്പാണ്. മലയാളികള്‍ ആഘോഷിക്കുന്ന ലോകകപ്പ്. മലപ്പുറത്തെയും കോഴിക്കോട്ടെയുമൊക്കെ ഫുട്‌ബോള്‍ ആരാധകര്‍ ഇപ്പോള്‍ തന്നെ ഖത്തറിലെ ബന്ധുക്കളോടും ചങ്ങാതിമാരോടുമൊക്കെ പറഞ്ഞു വച്ചിട്ടുണ്ട്, 2022ലെ ലോകകപ്പിനൊരു ടിക്കറ്റ്. ആദ്യമായാണു നമുക്കു തൊട്ടടുത്ത് ലോകകപ്പെത്തുന്നത്. കേരളത്തില്‍ നിന്ന് യാത്രയ്ക്കു നാലര മണിക്കൂര്‍ മാത്രം മതി. ഖത്തറില്‍ നാട്ടുകാരും ബന്ധുക്കളുമൊക്കെ ഇഷ്ടം പോലെ ഉള്ളതുകൊണ്ടു താമസമൊരു പ്രശ്‌നമല്ല. ഓണ്‍ അറൈവല്‍ വീസ ഉള്ളതുകൊണ്ടു വീസ പ്രശ്‌നവുമില്ല. വിമാന ടിക്കറ്റും, കളികാണാനുള്ള ടിക്കറ്റുമുണ്ടെങ്കില്‍ നമുക്കു ലോകകപ്പ് കാണാം. അതുകൊണ്ടു തന്നെ 2022ലെ ഖത്തര്‍ ലോകകപ്പ് മലയാളികളുടേതു കൂടിയാവും.

Loading...

നാട്ടിലെ ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം ഖത്തറിലേക്ക് ക്ഷണിക്കാന്‍ ഇപ്പോഴേ തയാറായിക്കൊള്ളൂ. പ്രിയപ്പെട്ടവര്‍ക്ക് ഈ ജീവിത കാലയളവില്‍ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാവും ലോകകപ്പ് ടിക്കറ്റ്. ആവേശത്തിന്റെ കോപ്പ നിറയ്ക്കാന്‍ ഇനി വേറെ വല്ലതും വേണോ? അതുകൊണ്ട് പാസ്‌പോര്‍ട്ടും മറ്റു കാര്യങ്ങളുമൊക്കെ ഇപ്പോഴേ റെഡിയാക്കാന്‍ കൂട്ടുകാരോടു പറയാന്‍ മറക്കേണ്ട. മെസ്സിയും റൊണാള്‍ഡോയും നെയ്മറുമെല്ലാം അടുത്ത ലോകകപ്പിന് ഉണ്ടാകുമോയെന്ന് ഉറപ്പില്ല; ഏതായാലും മ്മ്ക്കു പോവാം. സ്റ്റേഡിയത്തിലിരുന്ന് ആവേശത്തിന്റെ കൊടി പാറിക്കാം. 2022ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്ന രാജ്യമായി ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടി. ഈയൊരു ചെറു രാജ്യത്തിന് ഇതൊക്കെ കഴിയുമോ? പക്ഷേ, അന്നുമുതല്‍ ഖത്തറിന്റെ മനസ്സില്‍ ഒരേയൊരു വര്‍ഷമേയുണ്ടായിരുന്നുള്ളൂ, 2022.

റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിനു പന്തുരുളുന്നതിന് എത്രയോ മുന്‍പു തന്നെ 2022ലെ ലോകകപ്പ് ഫുട്‌ബോളിനുള്ള ആദ്യ സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. ദോഹയിലെ പുതുക്കിപ്പണിത ഖലീഫ രാജ്യാന്തര സ്റ്റേഡിയം എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയതാണ്. റഷ്യന്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറില്‍ ഒരുക്കിയ ഫാന്‍ സോണുകളിലൊന്ന് ഈ സ്റ്റേഡിയത്തിലായിരുന്നു. സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ കൂറ്റന്‍ സ്‌ക്രീനില്‍ റഷ്യയിലെ മല്‍സരങ്ങളുടെ തല്‍സമയ സംപ്രേഷണം. അടുത്ത ലോകകപ്പ് നടക്കുന്ന സ്റ്റേഡിയത്തിലിരുന്ന് ഇത്തവണത്തെ ലോകകപ്പ് മല്‍സരങ്ങള്‍ കണ്ട സന്തോഷം ഒന്നു വേറെ തന്നെ. ലോകകപ്പിനുള്ള മറ്റു സ്റ്റേഡിയങ്ങളുടെ നിര്‍മാണവും 2020നുള്ളില്‍ പൂര്‍ത്തിയാവും. അതാണ് സ്പീഡ്.

കണ്ടെയ്‌നര്‍ സ്റ്റേഡിയം

അദ്ഭുതത്തിന്റെ ചെപ്പാവും 2022ലെ ലോകകപ്പ് ഫുട്‌ബോള്‍. ലോകത്താദ്യമായി ലോകകപ്പ് ഫുട്‌ബോളിനായി ഒരു കണ്ടെയ്‌നര്‍ സ്റ്റേഡിയം ഒരുങ്ങുന്നുവെന്നത് അതില്‍ ഒന്നു മാത്രം. ദോഹ റാസ് അബു അബൂദില്‍ കടല്‍ തീരത്തോടു ചേര്‍ന്നാണ് കണ്ടെയ്‌നര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രത്യേകം രൂപകല്‍പന ചെയ്ത ഷിപ്പിങ് കണ്ടെയ്‌നറുകള്‍ കൊണ്ടാണു നിര്‍മാണം. കളികഴിഞ്ഞാല്‍ ഈ സ്റ്റേഡിയം പൂര്‍ണമായും പൊളിച്ചു മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുകയുമാവാം. തീര്‍ന്നില്ല, സ്റ്റേഡിയത്തിന്റെ കഥ. അറേബ്യന്‍ ടെന്റിന്റെ മാതൃകയില്‍ അല്‍ ഖോര്‍ അല്‍ ബായ്ത്ത് സ്റ്റേഡിയം, അറബി തൊപ്പിയുടെ മാതൃകയില്‍ അല്‍ തുമാമ സ്റ്റേഡിയം, കപ്പല്‍ പായപോലെയുള്ള അല്‍ വക്‌റ സ്റ്റേഡിയം, മണല്‍ക്കൂനയെ അനുസ്മരിപ്പിക്കുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയം, ഡയമണ്ട് പോലെയുള്ള എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, ഇനിയും ഡിസൈന്‍ പുറത്തുവിടാത്ത ലുസെയ്ല്‍ സ്റ്റേഡിയം… അങ്ങനെ സ്റ്റേഡിയങ്ങളുടെ കാര്യങ്ങള്‍ പറയാന്‍ ഏറെ.

മത്സരങ്ങള്‍ ജൂണ്‍,ജൂലൈ മാസങ്ങളില്‍…

ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി മല്‍സരങ്ങളുടെ സമയക്രമം മാറുന്നുവെന്നതാണു ഖത്തര്‍ ലോകകപ്പിന്റെ മറ്റൊരു പ്രത്യേകത. ജൂണ്‍- ജൂലൈ മാസത്തിനു പകരം നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണു ഖത്തര്‍ ലോകകപ്പ് നടക്കുക. ജൂണ്‍- ജൂലൈ മാസം ഖത്തറില്‍ ചൂടാണ്. അതുകൊണ്ടാണ് ചെറുതണുപ്പുള്ള നവംബര്‍- ഡിസംബര്‍ മാസത്തിലേക്കു ലോകകപ്പ് മാറ്റിയത്. നവംബര്‍ 21നു തുടങ്ങി ഡിസംബര്‍ 18ന് അവസാനിക്കുന്ന 28 ദിനങ്ങളില്‍ ഖത്തര്‍ ലോകം കീഴടക്കും. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണു ഫൈനല്‍. എല്ലാ സ്റ്റേഡിയങ്ങളിലും അത്യാധുനിക ശീതീകരണ സാങ്കേതികവിദ്യയാണുള്ളത്. ഗാലറി മാത്രമല്ല, മൈതാനവും തണുപ്പിക്കും ഈ സംവിധാനം. അതുകൊണ്ടു തന്നെ ചൂടിനെ പേടിക്കുകയേ വേണ്ട. കളിക്കാരും കാണികളും ചൂടാകില്ല. തിരക്കിട്ട് ഓടി നടന്നുളള കളിയുമില്ല. ലോകകപ്പ് നടക്കുമ്പോള്‍ ഖത്തറിലെ ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്കു വേണമെങ്കില്‍ ഓടിയെത്താം. സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള പരമാവധി ദൂരം 55 കിമീ മാത്രം. ലോകകപ്പിനു വേണ്ടി ഖത്തറിലേക്ക് എത്താനും മടങ്ങി പോകാനും മാത്രം വിമാനം കയറിയാല്‍ മതി. പിന്നീടുള്ള യാത്രയൊക്കെ മെട്രോ ട്രെയിനിലും ബസിലും. ലാകകപ്പ് നടക്കുന്ന ഒരു മാസം കളിക്കാര്‍ക്കൊക്കെ ഒരേ ഹോട്ടലില്‍ താമസിക്കാം. ഒരേ മൈതാനത്തു പരിശീലനം നടത്താം. ആവശ്യത്തിനു വിശ്രമിക്കാം. യാത്രാ ക്ഷീണമെന്ന പ്രശ്‌നമേയില്ല. അത് കളിയിലും കാണാമെന്നു ചുരുക്കം.

ഫുട്‌ബോള്‍ മൈതാനത്തെ പുല്ലില്‍ പ്രത്യേകിച്ച് എന്തു കാര്യം. അങ്ങനെ പറയാന്‍ വരട്ടെ. ഖത്തര്‍ ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി) ഇതുവരെ പരിശോധിച്ചത് 24 ഇനം പുല്ലിനങ്ങളാണ്. ഇതിനു വേണ്ടി പ്രത്യേക കേന്ദ്രം തന്നെ എസ്സി ആരംഭിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ മൈതാനങ്ങളില്‍ വിരിക്കാനുള്ള പുല്ലിനത്തെ കുറിച്ചുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്. ഏറെ വൈകാതെ ഏതു പുല്ലിനമാണു മൈതാനത്തില്‍ വിരിക്കുകയെന്നു പ്രഖ്യാപിക്കും. സ്റ്റേഡിയത്തില്‍ പുല്ല് വിരിക്കാന്‍ 14 മണിക്കൂറില്‍ താഴെ മാത്രം സമയമാണ് എടുക്കുക. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ 13.5 മണിക്കൂര്‍ കൊണ്ടു പുല്ല് വിരിച്ച് ഇതിനകം തന്നെ ഇക്കാര്യത്തില്‍ റെക്കോര്‍ഡിട്ടു കഴിഞ്ഞു ഖത്തര്‍. പുല്ല് മാത്രമല്ല, സ്റ്റേഡിയത്തിനു ചുറ്റിലും റോഡരുകിലുമെല്ലാം പച്ചപ്പിന്റെ മെത്ത വിരിക്കാനുള്ള ഒരുക്കത്തിലാണ് എസ്സി. ഇതിനുവേണ്ടിയുള്ള ചെടികളും ഈന്തപ്പനകളും എസ്സിയുടെ നഴ്‌സറിയില്‍ ഇപ്പോള്‍ വളര്‍ന്നു വരുന്നു.</p>

റഷ്യന്‍ ലോകകപ്പിനു തിരശീല വീഴും മുന്‍പു തന്നെ ഖത്തറിന്റെ ഫുട്‌ബോള്‍ ആവേശം മോസ്‌കോയിലും സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലും ആരംഭിച്ചു കഴിഞ്ഞിരുന്നു. ഫുട്‌ബോള്‍ ആരാധകരെ മുഴുവന്‍ ഖത്തറിലേക്കു സ്വാഗതം ചെയ്ത് ‘മജ്ലിസ് ഖത്തര്‍’ എന്ന പരിപാടിയാണു സംഘടിപ്പിക്കുന്നത്. മുപ്പതിനായിരത്തോളം പേരാണ് ഇതിനകം മജ്ലിസ് ഖത്തറിലെത്തി രാജ്യത്തിന്റെ ആതിഥ്യ മര്യാദയറിഞ്ഞത്.ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും ഫുട്‌ബോള്‍ ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ‘മജ്ലിസ് ഖത്തര്‍’ സംഘടിപ്പിച്ചത്. അറേബ്യന്‍ സംഗീതവും, ഹെന്നയും, അറബിക് കാലിഗ്രഫിയും എല്ലാം ചേര്‍ന്നൊരു ആഘോഷം. മറ്റൊരു രാജ്യവും ലോകകപ്പിനു വേണ്ടി ഇത്രയേറെ തയാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നു മജ്ലിസ് ഖത്തര്‍ സന്ദര്‍ശിച്ചവരുടെ സാക്ഷ്യം.

മോസ്‌കോയിലെ മോസ്‌ക്വ നദിയില്‍ പൊങ്ങിക്കിടക്കുന്ന മള്‍ട്ടിമീഡിയ മ്യൂസിയമാണു മജ്ലിസ് ഖത്തറിന്റെ പ്രത്യേകതകളിലൊന്ന്. ഖത്തറിന്റെ സാംസ്‌കാരിക പൈതൃകം വര്‍ണ വിസ്മയങ്ങളായി മള്‍ട്ടിമീഡിയ മ്യൂസിയത്തിലെ ഡിജിറ്റല്‍ ബോര്‍ഡുകളില്‍ ഒഴുകിയിറങ്ങുന്നു. ലോകകപ്പിന്റെ ആവേശത്തില്‍ പങ്കുചേരാതെ ആര്‍ക്കും മജ്ലിസ് ഖത്തറില്‍ നിന്നു മടങ്ങാനാവില്ല. ഖത്തറിലെ ലോകകപ്പ് ഫാന്‍ സോണുകളുമായി സംവദിക്കാനുള്ള അവസരവും ഈ മജ്‌ലിസ് ഖത്തറിലുണ്ടായിരുന്നു.

1950ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കളിക്കാനാണ് ഇന്ത്യയ്ക്ക് അവസരമൊരുങ്ങിയത്. നിര്‍ഭാഗ്യവശാല്‍ അന്ന് ഇന്ത്യ പലകാരണങ്ങളാല്‍ ലോകകപ്പില്‍ നിന്നു പിന്‍വാങ്ങി. പറഞ്ഞു വന്നത് അതല്ല, 1950ല്‍ ഖത്തര്‍ പന്തു തട്ടി തുടങ്ങിയിട്ടേയുള്ളൂ. ഖത്തറിലെ ആദ്യത്തെ സ്റ്റേഡിയം- ദോഹ സ്റ്റേഡിയം ഔദ്യോഗികമായി തുറന്നത് 1962ലാണ്. 1970കളുടെ അവസാനമാണു ഖലീഫ സ്റ്റേഡിയം നിര്‍മിക്കുന്നത്. പക്ഷേ, ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് 1981ല്‍ ഖത്തര്‍ ഫിഫ യൂത്ത് ലോകകപ്പിന്റെ ഫൈനലിലെത്തി. ബ്രസീലിനെയും ഇംഗ്ലണ്ടിനെയും തോല്‍പിച്ചായിരുന്നു ഖത്തറിന്റെ ഫൈനല്‍ പ്രവേശം. ഫൈനലില്‍ പശ്ചിമ ജര്‍മനിയോടു തോറ്റെങ്കിലും ഖത്തറില്‍ ഫുട്‌ബോള്‍ ആവേശം ഉയര്‍ന്നു പൊങ്ങി. 1995ല്‍ ഫിഫ യൂത്ത് ലോകകപ്പിനു ഖത്തര്‍ ആതിഥ്യം വഹിച്ചു. വലിയ സ്വപ്നങ്ങള്‍ കാണുന്ന കൊച്ചു രാജ്യമാണ് എന്നും ഖത്തര്‍. അതുകൊണ്ടു തന്നെ 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ ഒരു മഹാ സംഭവമാകും. 2022 ആകുന്നതിനു രണ്ടു വര്‍ഷം മുന്‍പു തന്നെ ലോകകപ്പ് ഫുട്‌ബോളിനു പൂര്‍ണ സജ്ജമാകാനാണു ഖത്തര്‍ തയാറെടുക്കുന്നത്. ഫിഫ ലോകകപ്പ് മുദ്രയുമായി ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ വാനില്‍ പറക്കാന്‍ തുടങ്ങിക്കഴിഞ്ഞു. അദ്ഭുതങ്ങളുടെ ചെപ്പു തുറക്കുമ്പോള്‍ അമ്പരക്കാന്‍ ഒരുങ്ങിക്കോളൂ.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *