പ്രവാസികള്‍ക്ക് അഞ്ച് ഉംറ വീസ വരെ സ്വന്തമാക്കാം…ആതിഥേയ ഉംറ വീസയക്ക് കൈയ്യടി

റിയാദ്; സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ താമസ രേഖയിന്മേല്‍ ഉംറ വീസ അനുവദിക്കുന്ന പദ്ധതി ഉടന്‍ കൊണ്ടുവരുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍ വസാന്‍ പറഞ്ഞു. ‘ആതിഥേയ ഉംറ’ എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം സ്വന്തം ഉത്തരവാദിത്തത്തില്‍ അഞ്ചു വരെ തീര്‍ഥാടകരെ കൊണ്ടുവരാം എന്നതാണു വെളിപ്പെടുത്തല്‍. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതിന് കഴിയും. വര്‍ഷത്തില്‍ മൂന്ന് തവണയാണ് ഇതനുവദിക്കുക. സ്വദേശികള്‍ അവരുടെ സിവില്‍ ഐഡി ഉപയോഗിച്ചും വിദേശികള്‍ ഇഖാമ(താമസ രേഖ) ഉപയോഗിച്ചുമാണ് ഉംറ വീസ ഇഷ്യു ചെയ്യാനാവുക. ഇങ്ങനെ സൗദിയിലെത്തുന്നവര്‍ തിരിച്ച് പോകും വരെ അവരുടെ ചുമതല ആതിഥേയനായിരിക്കും.

ഏറ്റവും അടുത്ത ബന്ധുക്കളെ ഉംറ കര്‍മം നിര്‍വഹിക്കുന്നതിനു സൗദിയിലേക്കു കൊണ്ടുവരുന്നതിനാണു വിദേശികള്‍ക്ക് ഇത്തരം വീസകള്‍ അനുവദിക്കുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇങ്ങനെ വീസ അനുവദിക്കുന്നതിലൂടെ വര്‍ഷത്തില്‍ 18 ലക്ഷം ഉംറ തീര്‍ത്ഥാടകരെ രാജ്യത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു കൂടാതെ ഒരു കുടുബത്തിന് ഗ്രൂപ്പ് ഉംറ വീസ അനുവദിക്കാനും സൗദി വഴി യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഉംറക്കു വേണ്ടി രാജ്യത്തിറങ്ങുന്നതിന് അനുവദിക്കുന്ന നീക്കവും പരിഗണനയിലുണ്ട്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങള്‍.

തീര്‍ഥാടകര്‍ക്ക് പുണ്യ സ്ഥലങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കി വരികയാണ്. വിദേശത്ത് നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ക്ക് വീസ നടപടികള്‍ ലഘൂകരിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഏക ജാലകം വഴി വീസ നല്‍കുന്നതും ത്വരിതപ്പെടുത്തും. ‘മഖാം’ പോര്‍ട്ടല്‍ വഴില്‍ നേരിട്ട് ഉംറ ബുക്ക് ചെയ്യുന്നതിനും ഇലക്ട്രോണിക് വീസ എടുക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് കഴിയും. വിദേശ ഏജന്‍സികളെ ആശ്രയിക്കാതെ സ്വദേശി ഉംറ കമ്പനികള്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ പരിശോധിച്ച് പ്രയോജനപ്പെടുത്തുന്നതിനും ആഗ്രഹിക്കുന്നവ തിരഞ്ഞെടുക്കുന്നതിനും ഇതുവഴി കഴിയും. ഇതോടെ ഉംറ വീസ അനുവദിക്കുന്നതിന് വിദേശ എംബസികള്‍ക്കും കോണ്‍സലേറ്റിനും ഉള്ള പങ്ക് ഇല്ലാതാകും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *