ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം…കാസര്‍കോട് സംഘം വടകരയില്‍ പിടിയില്‍

വടകര: ഖത്തറിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വടകരയില്‍ അറസ്റ്റിലായി. രണ്ടുകിലോ കഞ്ചാവും പിടികൂടി. കാസര്‍കോട് താമസിക്കുന്ന മൂന്നു പേരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ദേശീയപാതയിലെ പുതുപ്പണം പാലയാട് നടയില്‍ വാഹനപരിശോധനയ്ക്കിടെയാണ് വടകര സി.ഐ. മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്.

സംഘം സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് മടിക്കൈയിലെ അരൈവട്ടത്തോട് ബി. മുനീര്‍ (33), പെരിയ ബദര്‍ പള്ളിക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇരിക്കൂര്‍ പഴയംകോടിലെ മുബാറക് മന്‍സിലില്‍ മിനിക്കല്‍ മുസ്തഫ (57), കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ സക്കീന മന്‍സിലില്‍ കെ. സിദ്ദീഖ് (26) എന്നിവരാണ് അറസ്റ്റിലായത്. ഖത്തറിലേക്ക് കടത്താന്‍ പാകത്തില്‍ പൊതിഞ്ഞ് പെട്ടിയിലെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

കാസര്‍കോട് കേന്ദ്രീകരിച്ച് ഖത്തറിലേക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കടത്തുന്ന സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. മുസ്തഫയാണ് സംഘത്തിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ഇവരെ നിയന്ത്രിക്കുന്നത് ഒരു മലപ്പുറം സ്വദേശിയാണ്. ഇപ്പോള്‍ ഖത്തറിലുള്ള ഇയാളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുസ്തഫ ഈ വര്‍ഷം മൂന്നു പ്രാവശ്യം ഖത്തറിലേക്ക് പോയതിന്റെ തെളിവ് പോലീസിന് ലഭിച്ചു. രണ്ടുകിലോ കഞ്ചാവ് കടത്തിയാല്‍ രണ്ടരലക്ഷം രൂപയാണ് സംഘത്തിന് ലഭിക്കുന്നത്. ഇതില്‍ ഒരുലക്ഷം രൂപ കഞ്ചാവ് കടത്തുന്നയാള്‍ക്ക് നല്‍കും. ബാക്കി ഒന്നരലക്ഷം രൂപ ഏജന്റിനുള്ളതാണ്. കാസര്‍കോട്ടുനിന്ന് കഞ്ചാവും ഹാഷിഷും കടത്തിയ സംഘത്തിലെ രണ്ടുപേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തര്‍ പോലീസിന്റെ പിടിയിലായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. പോലീസ് സംഘത്തില്‍ വടകര എസ്.ഐ. ജീവന്‍ ജോര്‍ജ് ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡന്‍സാഫ്) അംഗങ്ങളായ സി.എച്ച്. ഗംഗാധരന്‍, കെ.പി. രാജീവന്‍, വി.വി. ഷാജി, സിറാജ് അയനിക്കാട്, എന്‍.കെ. പ്രദീപന്‍, സുനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു. കാര്‍ബണ്‍ പേപ്പര്‍, സില്‍വര്‍ പേപ്പര്‍ തുടങ്ങിയവ ഉപയോഗിച്ച് വിമാനത്താവളത്തിലെ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ തന്ത്രപരമായിട്ടാണ് സംഘം കഞ്ചാവ് പൊതിഞ്ഞിരുന്നത്. ആദ്യം സാധാരണപൊതി, അതിനു മുകളില്‍ കാര്‍ബണ്‍ പേപ്പര്‍ കൊണ്ടുള്ള പൊതി, പിന്നീട് സില്‍വര്‍ പേപ്പര്‍. നന്നായി വരിഞ്ഞുമുറുക്കിയ ശേഷം പ്ലാസ്റ്റിക് സഞ്ചിയിലാക്കി വീണ്ടുമൊരു പൊതി. ഇതിനു ശേഷം എല്ലാഭാഗവും സെല്ലോ ടാപ്പ് കൊണ്ട് മനോഹരമായി പൊതിയും. മണം പുറത്തുവരുന്നത് തടയാനാണിത്. ശേഷം ബാഗിലെ വസ്ത്രങ്ങള്‍ക്കിടയിലാണ് വെച്ചിരുന്നത്. അതും പാന്റിനുള്ളിലേക്ക് കയറ്റിവെച്ച നിലയില്‍. വിദേശത്തേക്ക് കൊണ്ടുപോകാന്‍ തയ്യാറാക്കി വെച്ചിരുന്ന പെട്ടിയിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *