ഇപ്പോള്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയാല്‍ വന്‍ ലാഭം…

ദുബായ് : അന്താരാഷ്‌ട്ര തലത്തില്‍ യുഎസ് – ചൈന വ്യാപാര യുദ്ധത്തിനിടെ നടന്ന സന്ധി സംഭാഷണങ്ങളും വിവിധ രാജ്യങ്ങളുടെ നിലപാടുകളിലെ അയവും മൂലം സ്വര്‍ണവില ദുബായില്‍ വളരെ താഴ്ന്നു. അതിനാല്‍ തന്നെ ഈ സാഹചര്യം പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്ത ആഴ്ചയില്‍ വരുന്ന ദീപാവലി മൂലവും വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ ധാരാളം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സമയവുമാണിത്.

ദീപാവലി അവധിക്കായി നാട്ടിലേക്ക് പോകുന്നവര്‍ സ്വര്‍ണം വാങ്ങിപ്പോകുന്നത് ലാഭകരമാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് പറയുന്നു.

ഈ സമയം ഒരു പവന്‍ സ്വര്‍ണം വാങ്ങിപ്പോകുന്ന ആള്‍ക്ക് 3500-3750 രൂപയുടെ വരെ ലാഭം ഉണ്ടാകും. മാത്രമല്ല വിനോദ സഞ്ചാരത്തിന് എത്തി മടങ്ങുന്നവര്‍ക്ക് വാറ്റ് തുക തിരികെ ലഭിക്കുമെന്ന ആനുകൂല്യം കൂടി കണക്കിലെടുത്താല്‍ കുറഞ്ഞത് 12.5% ലാഭം വരെ നേടാന്‍ സാധിക്കും.

ഇന്ത്യയിലെ ഇപ്പോഴത്തെ സ്വര്‍ണവില ഗ്രാമിന് 3725 രൂപയാണ്. ദുബായിലാവട്ടെ ഇന്നലെ 169 ദിര്‍ഹമാണ് (3261 രുപ). 464 രൂപയുടെ വ്യത്യാസം. ഈ റേറ്റില്‍ ഒരു പവനാകുമ്ബോള്‍ 3700 രൂപയുടെ ലാഭം ഉണ്ടാകും.

അതായത് പത്തുപവന്‍ സ്വര്‍ണം വാങ്ങിപ്പോകുന്ന ഒരാള്‍ക്ക് വാറ്റ് ഉള്‍പ്പെടെ 45,000 രൂപ ലാഭിക്കാം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ യോജ്യമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ ജോയ് ആലുക്കാസും പറയുന്നു.

മുന്‍ മാസങ്ങളെഅപേക്ഷിച്ച്‌ വില അല്‍പം താഴ്ന്നു നില്‍ക്കുകയാണെന്നും ഡിസംബര്‍ ആകുമ്പോഴേക്കും സ്വര്‍ണ വിപണിയില്‍ അഞ്ചു മുതല്‍ പത്തു ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദീപാവലി ആയതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന പദ്ധതി മിക്ക സ്വര്‍ണക്കടകളും നല്‍കുന്നുണ്ടെന്നും വാങ്ങുന്നവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഏറ്റവും പറ്റിയ സമയമാണിതെന്നും സ്കൈ ജ്വല്ലറി ജനറല്‍ മാനേജര്‍ സിറിയക് വര്‍ഗീസ് പറഞ്ഞു.

വിവിധ ലോകരാജ്യങ്ങളിലെ വ്യത്യസ്തമായ ഫാഷനുകള്‍ ദുബായില്‍ എത്തുമെന്നതിനാല്‍ വാങ്ങാനെത്തുന്നവര്‍ക്ക് ധാരാളം ഡിസൈനുകള്‍ തിരഞ്ഞെടുക്കാനാകുമെന്ന് ഷംലാല്‍ ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തും ഇറക്കുമതി സ്വര്‍ണം കിട്ടുമെങ്കിലും നികുതി ഏറെയായതിനാല്‍ വില വളരെ കൂടും. ഇതിനെല്ലാം പുറമെ സുതാര്യതയും ദുബായിയെ സ്വര്‍ണ പ്രേമികളുടെ ഇഷ്ടകേന്ദ്രമാക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഏകദേശം21.5% ലാഭമാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയം സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ കണക്കാകുമ്പോൾ ലഭിച്ച നേട്ടം. വേറെ ഒരു മേഖലയിലും നിക്ഷേപം നടത്തിയാല്‍ ഈ നേട്ടമുണ്ടാകില്ലെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *