ഗൾഫ് രാജ്യങ്ങളുടെ യാത്രാവിലക്ക് ; ആശങ്കയിൽ പ്രവാസികൾ

ദുബായ് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയത് പ്രവാസികളെ ആശങ്കയിലാക്കി.

നേരിട്ട് സൗദി അറേബ്യയിലേക്കും പ്രവേശനമില്ല.

നേരത്തെ 10 ദിവസത്തേക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്കാണ് യുഎഇ അനിശ്ചിത കാലത്തേക്കു നീട്ടിയത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 24 മുതൽ 10 -ദിവസത്തേക്കാണ് യുഎഇ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

അതാണ് ഇപ്പോൾ അനിശ്ചിത കാലത്തേക്കു നീട്ടിയത്.

യുഎഇയിൽ നിന്ന് കുറഞ്ഞ ദിവസത്തെ അവധിക്കു നാട്ടിലെത്തി തിരിച്ചു പോകാനിരുന്നവരാണു പ്രയാസത്തിലായത്.

വീസ കാലാവധി തീരുന്നവരും ബുദ്ധിമുട്ടിലായി.

6 മാസത്തിൽ കൂടുതൽ നാട്ടിൽ കഴിഞ്ഞാൽ തിരിച്ചു പോകാൻ പ്രയാസവുമുണ്ട്.

മേയ് 3 വരെ കണ്ണൂരിൽ നിന്ന് യുഎഇലേക്ക് ഷെഡ്യൂൾ ചെയ്തത് 32 സർവീസുകളായിരുന്നു. 3000 പേരുടെ യാത്ര മുടങ്ങി.

ഏപ്രിൽ 24ന് 7 സർവീസുകളിലായി കണ്ണൂർ-ഷാർജ സെക്ടറിൽ 1225 പേർ യാത്ര ചെയ്തിട്ടുണ്ട്.

അതിനു ശേഷമാണ് വിലക്കു വന്നത്.

നേരത്തേ നിയന്ത്രണം ഏർപ്പെടുത്തിയ 10 ദിവസം യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ ടിക്കറ്റ് റീഫണ്ട്, റീ ഇഷ്യൂ സംബന്ധിച്ച് നിലവിൽ നിർദേശങ്ങൾ ഒന്നും വന്നില്ലെന്ന് വിമാന കമ്പനി പ്രതിനിധികൾ അറിയിച്ചു.

ടിക്കറ്റ് ബുക്ക് ചെയിതിരുന്നവർക്ക് അത് റദ്ദാക്കി പണം തിരിച്ചു വാങ്ങാനോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റാനോ കഴിയുന്നില്ല.

യാത്രാ വിലക്ക് ദീർഘിപ്പിച്ചതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടവർക്കാണ് ഏറ്റവും പ്രയാസം നേരിടുന്നത്. ‍

നിയന്ത്രണം നീങ്ങിയതിനു ശേഷം പോകാൻ കഴിഞ്ഞാലും അതതു രാജ്യങ്ങളിലെ ക്വാറന്റീൻ വ്യവസ്ഥ പാലിക്കേണ്ടതിനാൽ ജോലിയിൽ പ്രവേശിക്കുന്നത് വീണ്ടും വൈകുമെന്ന ആശങ്കയുണ്ട്.

പ്രവാസികളുടെ യാത്രാ പ്രശ്നം സംബന്ധിച്ച് യുഎഇ സർക്കാരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയാറാവണം.

ജോലി നഷ്ടപ്പെടുന്നവരുടെ കാര്യത്തിലും വീസ കാലാവധി തീരുന്നവരുടെ കാര്യത്തിലും അനുകൂല നിലപാട് നേടിയെടുക്കാൻ കഴിയണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *