ബഹ്‌റൈന് ഇനി നല്ലകാലം…സാമ്പത്തികനില കുതിച്ചുയരുമെന്ന് ഹമദ് രാജാവ്

മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ദിവസം വന്‍തോതില്‍ എണ്ണ, വാതക ശേഖരം കണ്ടെത്തിയത് രാജ്യത്തിന്റെ സാമ്പത്തിക നിലയില്‍ കാതലായ മാറ്റമുണ്ടാക്കുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ. ആഹ്ളാദകരമായ പ്രഖ്യാപനത്തിന്റെ ഭാഗമായി സഖീര്‍ കൊട്ടാരത്തില്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഹമദ് രാജാവ് തന്റെ സന്തോഷം പങ്കുവെച്ചത്.

രാജ്യത്തെ പൗരന്മാരുടെ സമ്പത്തിനും ശ്രേയസ്സിനും ഉയര്‍ച്ചയുണ്ടാക്കുന്ന ഈ മാറ്റം തങ്കലിപികളില്‍ എഴുതപ്പെടേണ്ടതാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ താങ്ങിനിര്‍ത്തുന്നതില്‍ മേലില്‍ ഈ കണ്ടുപിടിത്തത്തിനും പങ്കുണ്ടായിരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി സമസ്ത മേഖലയിലും വളര്‍ച്ച കൈവരിച്ച രാജ്യം ഇനി എണ്ണയുല്‍പാദനത്തിലും മുന്നോട്ടു വരികയാണ്. നാം കാത്തിരുന്ന നിമിഷമാണിത്. 1932ല്‍ മിഡിലീസ്റ്റില്‍ ആദ്യമായി പെട്രോള്‍ കണ്ടെത്തിയത് ബഹ്റൈനിലായിരുന്നു. പിന്നീട് ഇതാദ്യമായാണ് ഇത്രയും വലിയ ഒരു ശേഖരം കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബഹ്റൈന്റെ വികസന ചരിത്രത്തില്‍ ഇതോടെ ഒരു പുതിയ അധ്യായം രചിക്കപ്പെട്ടിരിക്കയാണ്. ഇന്ന് ലോകരാജ്യങ്ങളിലെ വാര്‍ത്താമാധ്യമങ്ങളില്‍ ബഹ്റൈന്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ സന്തോഷം രാജ്യത്തെ പൗരന്മാരുമായി പങ്കുവെക്കുന്നുവെന്നും ഹമദ് രാജാവ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഭരണകര്‍ത്താക്കള്‍ക്ക് ഇന്നലെയും അഭിനന്ദന പ്രവാഹമായിരുന്നു.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഖലീജ് അല്‍ ബഹ്റൈന്‍ എന്ന സ്ഥലത്താണ് ശേഖരം കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബഹ്റൈന്‍ എണ്ണ വകുപ്പുമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

എണ്‍പതു ബില്ല്യണ്‍ ബാരല്‍ ശേഷിയുള്ള എണ്ണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനകം ഉല്‍പ്പാദനമാരംഭിക്കാനാവുമെന്നാണു പ്രതീക്ഷ. ഈ വര്‍ഷം തന്നെ രണ്ട് എണ്ണക്കിണറുകള്‍ കുഴിക്കാനാകുമെന്നും ഇതുമായി ബന്ധപ്പെട്ട കരാര്‍ നല്‍കിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *