ജിദ്ദ : ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഹെൽത്ത് പാസ്പോർട്ട് നിലവിൽ രാജ്യത്തുനിന്ന് പുറത്തേക്കുള്ള യാത്രക്ക് നിർബന്ധമില്ല.
‘തവക്കൽനാ’ ആപ്ലിക്കേഷനിൽ ഉൾക്കൊള്ളിച്ച ഹെൽത്ത് പാസ്പോർട്ട് കോവിഡ് വാക്സിനേഷൻ എടുത്തവർക്കുള്ള സർട്ടിഫിക്കറ്റാണ്. ഇത് നിലവിൽ രാജ്യത്തിന് പുറത്തേക്ക് യാത്രാനുമതിക്കുള്ള രേഖയാണോ എന്ന ഗുണഭോക്താവിന്റെ ചോദ്യത്തിന് മറുപടിയായി തവക്കൽനാ അധികൃതർ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
വിദേശയാത്രക്ക് നിലവിൽ ഹെൽത്ത് പാസ്പോർട്ട് ഉപാധിയായി നിശ്ചയിട്ടില്ല. എന്നാൽ, കോവിഡ് വാക്സിനെടുത്തെന്ന് ഉറപ്പുവരുത്താൻ ചില രാജ്യങ്ങൾ ഭാവിയിൽ അത് പ്രവേശനത്തിന് ഉപാധിയാക്കിയേക്കാം.
യാത്രയുമായി ഹെൽത്ത് പാസ്പോർട്ടിനെ ബന്ധപ്പെടുത്തുന്ന പുതിയ വിവരങ്ങളുണ്ടാക്കുകയാണെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളിലൂടെ അത് പ്രഖ്യാപിക്കുമെന്നും പറഞ്ഞു.
വ്യാഴാഴ്ചയാണ് സൗദി ആരോഗ്യവകുപ്പ് കോവിഡ് വാക്സിൻ കുത്തിവെപ്പ് രണ്ടും എടുത്തവർക്ക് തവക്കൽനാ ആപ്ലിക്കേഷൻ വഴി ഹെൽത്ത് പാസ്പോർട്ട് നൽകാൻ ആരംഭിച്ചത്.