ഹൈസ്പീഡില്‍ കുതിക്കാന്‍ ദുബായില്‍ ഹൈപ്പര്‍ലൂപ് ഹൗസ്ഫുള്‍

ദുബായ്; ഹൈടെക് ലോകം കീഴടക്കാന്‍ ഹൈസ്പീഡില്‍ കുതിക്കാനൊരുങ്ങുന്ന ഹൈപ്പര്‍ലൂപ് ‘ഹൗസ്ഫുള്‍’. കുഴലിനുള്ളിലൂടെ ലക്ഷ്യത്തിലേക്കു വിമാനവേഗത്തില്‍ പായുന്ന ഈ ന്യൂജെന്‍ വാഹനത്തിന്റെ ആദ്യ മോഡല്‍ കാണാന്‍ ഇടിച്ചുകയറിയവര്‍ തൊട്ടുമുന്നില്‍ കണ്ടത് മിനിറ്റുകളുടെ ദൂരം മാത്രമുള്ള സ്മാര്‍ട് ഭാവി. ഇന്നവേഷന്‍ വാരാചരണത്തോടനുബന്ധിച്ച് ‘സിറ്റി വോക് ടു’വില്‍ ആര്‍ടിഎ പ്രദര്‍ശിപ്പിച്ച ഹൈപ്പര്‍ലൂപ് മോഡലാണ് ആദ്യദിനത്തില്‍ തന്നെ ഹിറ്റ് ആയത്. ഹൈപ്പര്‍ലൂപ്പിന്റെ പ്രവര്‍ത്തനവും സാധ്യതകളും വിശദമാക്കുന്ന വിഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.

Loading...

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്നവേഷന്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. മേളയിലെ മുഖ്യ ആകര്‍ഷണമായ ഹൈപ്പര്‍ലൂപ് മോഡലില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായറും സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ് വണ്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണും വിശദീകരിച്ചു.

ഗതാഗതമേഖലയില്‍ ആര്‍ടിഎ അവതരിപ്പിക്കുന്ന 90 മോഡലുകള്‍ പ്രദര്‍ശനത്തിനുണ്ട്. രാജ്യത്തെ ഗതാഗതമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഹൈപ്പര്‍ലൂപ് തുടക്കം കുറിക്കുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. 2030 ആകുമ്പോഴേക്കും ദുബായില്‍ ആകെയുള്ളതില്‍ 25% ഡ്രൈവറില്ലാ വാഹനങ്ങളായിരിക്കും. 2021 ആകുമ്പോള്‍ അര്‍ബന്‍ മൊബിലിറ്റി ഇന്നവേഷന്‍ സൂചികയില്‍ ഏറ്റവും മുന്‍നിരയിലുള്ള 20 രാജ്യങ്ങളില്‍ ഒന്നായി യുഎഇ മാറുമെന്നും ചൂണ്ടിക്കാട്ടി. മേളയില്‍ ഓട്ടോണമസ് പോഡുകളെ കുറിച്ചും അറിയാനാകും. ഓട്ടോണമസ് പോഡുകളുടെ രണ്ട് കംപാര്‍ട്‌മെന്റുകള്‍ ദുബായില്‍ എത്തിച്ചിട്ടുണ്ട്.

നിര്‍ദിഷ്ട പാതകളിലൂടെയായിരിക്കും ഇവയുടെ സഞ്ചാരം. യാത്രയ്ക്കിടയില്‍ ഇത്തരം വാഹനങ്ങള്‍ 15- 20 സെക്കന്‍ഡിനുള്ളില്‍ പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കും. ഒരു കംപാര്‍ട്‌മെന്റില്‍ ആറു സീറ്റുകളാണുണ്ടാകുക. പത്തുപേര്‍ക്കു യാത്ര ചെയ്യാം. ബാറ്ററിയിലാണ് പ്രവര്‍ത്തനം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ സഞ്ചരിക്കാം.

പൂര്‍ത്തിയാകാന്‍ അഞ്ചുവര്‍ഷം

അഞ്ചുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷയെന്ന് റയില്‍ പ്ലാനിങ് ആന്‍ഡ് പ്രോജക്ട് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റിദ അബു അല്‍ ഹസ്സന്‍ പറഞ്ഞു. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ യാത്രചെയ്യാന്‍ കഴിയുന്ന പദ്ധതിയാണ് ഹൈപ്പര്‍ലൂപ്. വെറും 12 മിനിറ്റുകൊണ്ട് 126 കിലോമീറ്റര്‍ താണ്ടി ദുബായില്‍ നിന്ന് അബുദാബിയിലെത്താം. ഇരുദിശയിലുമായി മണിക്കൂറില്‍ 10,000 പേര്‍ക്കു യാത്രചെയ്യാനാകും. ദുബായിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു രൂപകല്‍പന ചെയ്ത ഹൈപ്പര്‍ലൂപ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ യുഎസിലെ നെവാദ മരുഭൂമിയില്‍ മണിക്കൂറില്‍ 310 കിലോമീറ്റര്‍ വേഗത്തില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. അല്‍ഐനും അബുദാബിക്കുമിടയിലും ഹൈപ്പര്‍ലൂപ്പിന്റെ സാധ്യതാപഠനങ്ങള്‍ നടക്കുകയാണ്. ഒന്‍പതു മിനിറ്റുകൊണ്ട് അല്‍ഐനില്‍ നിന്ന് തലസ്ഥാന നഗരത്തിലേക്കു യാത്രചെയ്യാനാകും.

1. അതിവേഗത്തില്‍ പോകുന്നതിനാല്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം.
2. ജര്‍മനിയിലെ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ആണ് സീറ്റ് രൂപകല്‍പന ചെയ്തത്.
3. ജനാലകള്‍ ഇല്ലാത്തതിനാല്‍ പുറംകാഴ്ചകള്‍ കാണാനാവില്ല.
4. നീണ്ടുനിവര്‍ന്നു സുഖമായി ഇരിക്കാനും ഇരിപ്പിടത്തോട് അനുബന്ധിച്ചുള്ള സ്‌ക്രീനില്‍ വിനോദപരിപാടികള്‍ ആസ്വദിക്കാനും സൗകര്യമുണ്ടാകും.
5. അതിവേഗത്തില്‍ പോകുമ്പോഴും ശബ്ദമുണ്ടാകില്ല.
6. ഇന്ധനലാഭവും സുരക്ഷിതത്വവും കൂടും.
7. ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ രണ്ടു ക്ലാസുകള്‍ ഉണ്ടാകും. ഗോള്‍ഡ് ക്ലാസില്‍ അഞ്ചുപേര്‍ക്കും സില്‍വര്‍ ക്ലാസില്‍ 14 പേര്‍ക്കും ഇരിക്കാം.
8. ഹ്രസ്വദൂര യാത്രയ്ക്കു മെട്രോയും ദീര്‍ഘദൂര യാത്രയ്ക്ക് ഹൈപ്പര്‍ലൂപും ഉപയോഗപ്പെടുത്താം.
9. ദുബായ്-അബുദാബി ലൈനിനു ശേഷം ഇതര എമിറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. വാണിജ്യമേഖലയുടെ വികസനത്തിനും പദ്ധതി സഹായകമാകും.

പുത്തന്‍ സാങ്കേതികവിദ്യ

രണ്ടു ഭാഗമായിട്ടാണ് ഹൈപ്പര്‍ലൂപ് ക്യാബിന്‍ ഷാസി. മുകള്‍ഭാഗത്തെ എയറോഷെല്‍ കാര്‍ബണ്‍ പാളികള്‍കൊണ്ടുണ്ടാക്കിയതാണ്. കാര്‍ബണ്‍ ഫൈബറിന് ഭാരക്കുറവും ഉരുക്കിനേക്കാള്‍ ബലവുമുണ്ട്.

പ്രത്യേകതരം അലുമിനിയം പാളികള്‍കൊണ്ടുള്ളതാണ് താഴത്തെ ഭാഗം. വായുരഹിതമായ കുഴലില്‍ കാന്തികശക്തി ഉപയോഗിച്ച് ക്യാബിനെ അതിവേഗത്തില്‍ മുന്നോട്ടു ചലിപ്പിക്കുന്നതാണ് ഹൈപ്പര്‍ലൂപ് സാങ്കേതികവിദ്യ. ഇതിനു പ്രത്യേക മോട്ടോര്‍ ഉപയോഗിക്കുന്നു. വായുരഹിത സംവിധാനത്തില്‍ ഒരു വസ്തുവിനെ പ്രതലത്തില്‍ നിന്നുയര്‍ത്തി മിസൈല്‍ വേഗത്തില്‍ മുന്നോട്ടു പായിക്കുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *