ഇന്ത്യയില്‍ നിന്നും ഉംറക്ക് പതിനായിരം രൂപയിലേറെ വര്‍ധിച്ചു

മക്ക : വിദേശ രാജ്യങ്ങളില്‍ നിന്നും ഉംറ തീര്‍ഥാടനത്തിനുള്ള ചിലവില്‍ പതിനായിരം രൂപയോളം വര്‍ധിക്കും. സേവന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. തുടര്‍ച്ചയായി ഉംറ ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടായിരം റിയാല്‍ ഫീസ് പിന്‍വലിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് ഉംറ വിസ സ്റ്റാമ്ബ് ചെയ്യുന്നതിന് 2500 രൂപ വരെയാണ് ട്രാവല്‍സുകള്‍ ഈടാക്കിയിരുന്നത്. ഇതാണ് രണ്ട് ഘട്ടമായി പതിനായിരം രൂപയോളം വര്‍ധിച്ചത്. നേരത്തെ പാസ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കാന്‍ വിദേശ ഉംറ ഏജന്‍സികള്‍ക്ക് നൂറ് റിയാലായിരുന്നു ചിലവ്. അതായത് 1800 രൂപ വരെ. ഇതാദ്യം 250 റിയാലായും കഴിഞ്ഞ ദിവസം 498.16 റിയാലായും ഉയര്‍ത്തി. ഇതിന് പുറമെ സൌദി ഹോട്ടലുകളിലെ നികുതിയും ഇന്ത്യയിലെ നികുതിയും ഉള്‍പ്പെടെ ആകെ തുക 575 റിയാലിനടുത്ത് വരും. അതായത് പതിനായിരം രൂപയിലേറെ വര്‍ധന.

ഇതിന് പുറമെ ഇത്തവണ മുതല്‍ തട്ടിപ്പുകള്‍ക്ക് വിലങ്ങിടാന്‍ പ്രത്യേക പോര്‍ട്ടല്‍ വഴിയാണ് ഉംറ വിസകള്‍ ലഭിക്കുക. അതായത് മക്കയിലേയും മദീനയിലേയും താമസിക്കാനുള്ള ഹോട്ടലുകള്‍, യാത്രാ ചെലവുകള്‍ എന്നിവ മുന്‍കൂട്ടിയടച്ച്‌ രസീതി കാണിച്ചാലേ വിസ സ്റ്റാന്പ് ചെയ്യൂ. ഉന്നത നിലവാരത്തിലുള്ള ഹോട്ടലുകളും യാത്രാ സംവിധാനങ്ങളും സൌദി ഉംറ മന്ത്രാലയത്തിന്റെ പ്രത്യേക പോര്‍ട്ടലില്‍ നിന്നും തിരഞ്ഞെടുക്കണം. അതായത് സേവന നിലവാരം ഉയരുന്നതിനനുസരിച്ച്‌ ചാര്‍ജ് വര്‍ധിക്കുമെന്ന് ചുരുക്കം.

മികച്ച സേവനം ഉറപ്പ് നല്‍കി മോശം സര്‍വീസ് നല്‍കുന്ന പരാതി വര്‍ധിച്ചതോടെയാണ് പ്രത്യേക പോര്‍ട്ടല്‍ വഴി സേവനം മെച്ചപ്പെടുത്താന്‍ സൌദി അറേബ്യ തീരുമാനിച്ചത്. മുഴുവന്‍ തുകയും മുന്‍കൂട്ടിയടക്കുന്നതിനാല്‍ തീര്‍ഥാടകരെ കബളിപ്പിക്കാനാകില്ല. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും സാധാരണ നിരക്കിലാകും ഇനി മുതല്‍ സേവനം.

മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലില്‍ മാത്രമേ താമസിക്കാനാകൂ. യാത്രാ സൌകര്യവും മുന്തിയ ശ്രേണിയിലുള്ള വാഹനത്തിലാകും. ഇതിനുള്ള തുക ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രത്യേക ഐബാന്‍ മുഖാന്തരം ബാങ്കിലേക്കടക്കുന്നതിനാല്‍ പിന്നീടുള്ള ഒരു തിരിമറിയും സാധ്യമല്ല. അതേ സമയം പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ട്രാവല്‍ ഏജന്‍റ്മാര്‍ പറയുന്നു.

നേരത്തെ രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് കുട്ടികള്‍ക്കായുള്ള പ്രത്യേക നിരക്കില്‍ ഉംറ വിസ അനുവദിച്ചിരുന്നു. ഇതിനി ഉണ്ടാകില്ലെന്ന് സൌദി ഏജന്റുമാര്‍ അറിയിച്ചതായി ഇന്ത്യയിലെ ട്രാവല്‍ ഏജന്‍റ്കള്‍ പറയുന്നു, ഒപ്പം റൂം ബുക്ക് ചെയ്യുന്നതിലും പ്രായോഗിക പ്രശ്നങ്ങളുണ്ട്. അഞ്ചംഗ കുടുംബം ഉംറ ചെയ്യുകയാണെങ്കില്‍ മൂന്ന് പേര്‍ക്ക് ഒരു റൂമും രണ്ട് പേര്‍ക്ക് മറ്റൊരു റൂമും ബുക്ക് ചെയ്യണം. ഇല്ലെങ്കില്‍ വിസ ഇഷ്യൂ ചെയ്ത് ലഭിക്കുന്നില്ലെന്നും മുംബൈയിലെ ഏജന്‍റ്മാര്‍ പറയുന്നു. പ്രായോഗിക പ്രശ്നങ്ങള്‍ പദ്ധതി പൂര്‍ണ തോതിലാകുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *