റമസാനും വോട്ടും വേനലവധിയും…ഇത്തവണ അറവ് കൂടും; പെടുന്നത് പ്രവാസി യാത്രക്കാര്‍ തന്നെ

ദുബായ്; ജെറ്റ് എയര്‍വേയ്‌സ് കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് ഗള്‍ഫ് മേഖലയിലെ യാത്രക്കാരെ കാര്യമായി ബാധിക്കും. റമസാനും വേനലവധിയും അടുത്തുവരുന്ന സാഹചര്യത്തില്‍ വിമാനയാത്രാനിരക്കു കുതിച്ചുയരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. നാട്ടിലേക്കു തിരക്കുകൂടി വരുന്നതിനാല്‍ യാത്രാനിരക്ക് ഉയരുകയാണ്. അടുത്തമാസം റമസാന്‍ തുടങ്ങുന്നതിനാല്‍ ഹോട്ടലുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലെ ജോലിക്കാരില്‍ വലിയൊരു വിഭാഗം നാട്ടില്‍ പോകും. അതിനാല്‍ യാത്രാനിരക്കു കൂടിയതായി ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. നാട്ടിലേക്കുള്ള വണ്‍വേ ടിക്കറ്റിന് അടുത്തമാസം പല വിമാനങ്ങളിലും 1000 ദിര്‍ഹത്തിനു മുകളിലാണ് നിരക്ക്. ജെറ്റ് സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് അറിയിപ്പെങ്കിലും സാധ്യതയില്ലെന്നാണു സൂചനകള്‍.

Loading...

അബുദാബി ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് ജെറ്റിന്റെ 49% ഓഹരികള്‍ വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തിയേക്കുമെന്നു റിപ്പോര്‍ട്ടുണ്ടെങ്കിലും അതിനു സാധ്യത കുറവാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇത്തിഹാദുമായി കോഡ്‌ഷെയറിങ് അടിസ്ഥാനത്തിലാണു ജെറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ജെറ്റിന്റെ രാജ്യാന്തര ഹബ്ബുകളിലൊന്നും അബുദാബിയിലാണ്. ജെറ്റിന്റെ 12 വിമാനങ്ങളില്‍ പത്തും സര്‍വീസ് നിര്‍ത്തുകയാണ്. 2 എടിആര്‍, 3 ബോയിങ് 737, 6 ബോയിങ് 777, ഒരു എ 330 വിമാനങ്ങളാണ് നിലവിലുള്ളത്. 119 വിമാനങ്ങളാണ് നേരത്തെ സര്‍വീസ് നടത്തിയിരുന്നത്. രാജ്യാന്തര സര്‍വീസുകള്‍ നടത്താന്‍ ഒരു കമ്പനിക്ക് ചുരുങ്ങിയത് 20 വിമാനങ്ങള്‍ ഉണ്ടാകണമെന്നാണു നിയമം.

അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും ജെറ്റ് എയര്‍വെയ്‌സ് നിര്‍ത്തിവച്ചിരിക്കുകയാണ്. ദുബായില്‍നിന്ന് അവശേഷിക്കുന്ന ഡല്‍ഹി, മുംബൈ സെക്ടറുകളിലേക്കുള്ള സര്‍വീസുകളും ജെറ്റ് എയര്‍വെയ്‌സ് വെട്ടിക്കുറച്ചിരുന്നു. മുംബൈയിലേക്ക് ആഴ്ചയില്‍ 7 സര്‍വീസുണ്ടായിരുന്നത് 5 ആക്കിയും ഡല്‍ഹിയിലേക്ക് 4 സര്‍വീസുണ്ടായിരുന്നത് 2 ആക്കിയുമാണ് കുറച്ചത്. ദുബായില്‍നിന്ന് കൊച്ചി, തിരുവനന്തപുരം സെക്ടറിലേക്കും ഷാര്‍ജയില്‍നിന്ന് കൊച്ചിയിലേക്കുമുണ്ടായിരുന്ന ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നേരത്തെ നിര്‍ത്തിവച്ചിരുന്നു. മസ്‌കത്തിലേക്ക് 4 സര്‍വീസുകളാണ് ജെറ്റിന് ഉണ്ടായിരുന്നത്. ഇതില്‍ കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി സര്‍വീസുകള്‍ ഒന്നരമാസം മുന്‍പും മുംബൈ സര്‍വീസ് അതിനുശേഷവും നിര്‍ത്തി.

പ്രതിസന്ധി മൂലം ഡിസംബര്‍ മുതല്‍ കേരളത്തിലേക്കുള്ള പ്രതിദിന സര്‍വീസുകളെല്ലാം ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തിയിരുന്നു. ഡിസംബര്‍ 2ന് കോഴിക്കോട്, തിരുവനന്തപുരം സര്‍വീസുകളും 3ന് കൊച്ചി സര്‍വീസും അവസാനിപ്പിച്ചു. ടിക്കറ്റ് മുന്‍കൂര്‍ ബുക് ചെയ്തവര്‍ക്ക് മുംബൈ വഴി കേരളത്തിലേക്ക് കണക്ഷന്‍ ഫ്‌ലൈറ്റ് സൗകര്യം ഒരുക്കിയിരുന്നെങ്കിലും സമയനഷ്ടം മൂലം ഏറെപ്പേരും പണം മടക്കി വാങ്ങി. കേരള സര്‍വീസുകള്‍ മാര്‍ച്ച് 30ന് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതു നടന്നില്ല. മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന ജെറ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദായതോടെ മറ്റ് എയര്‍ലൈനുകളുടെ ടിക്കറ്റ് നിരക്ക് 40% വരെ കൂടിയിരുന്നു. കുവൈത്ത്- മുംബൈ റൂട്ടില്‍ പ്രതിദിനം 2 സര്‍വീസുകളാണ് ജെറ്റ് എയര്‍വെയ്‌സിനുണ്ടായിരുന്നത്. മാര്‍ച്ച് 24 മുതല്‍ മേയ് 5വരെ ഇവ നിര്‍ത്തിവച്ചിരിക്കുകയാണ്. രാത്രി 11നും ഒന്നിനും കുവൈത്തില്‍ നിന്നു മുംബൈയിലേക്കുള്ള വിമാനം മുംബൈയില്‍നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗലൂരു വിമാനത്താവളങ്ങളിലേക്കുള്ള യാത്രികര്‍ക്ക് സൗകര്യപ്രദമായിരുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *