ആ പ്രവാസി ഡോക്ടര്‍മാരുടെ ചെറിയ പിഴവ്…നല്‍കേണ്ടത് 2 ല്ക്ഷം ദിര്‍ഹം ബ്ലഡ് മണി

അബുദാബി: രോഗം കണ്ടെത്തുന്നതില്‍ ഡോക്ടര്‍മാര്‍ക്കുണ്ടായ പിഴവ് കാരണം കുട്ടി മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ രണ്ട് ലക്ഷം ദിര്‍ഹം (37 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ബ്ലഡ് മണി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഇതിന് പുറമെ ഓരോരുത്തരും 40,000 ദിര്‍ഹം വീതം (7.4 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയടയ്ക്കുകയും വേണം.

യുഎഇ പ്രാഥമിക ക്രിമിനല്‍ കോടതിയുടെയും അപ്പീല്‍ കോടതിയുടെയും വിധി കഴിഞ്ഞ ദിവസം ഫെഡറല്‍ സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങിയ സമിതി സംഭവം അന്വേഷിച്ച് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. അശ്രദ്ധമൂലം ഡോക്ടര്‍മാര്‍ തെറ്റായി രോഗനിര്‍ണയം നടത്തിയതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയത്.

ശ്വസന സംബന്ധമായ അസ്വസ്ഥതകളോടെ ആശുപത്രിയിലെത്തിച്ച അറബ് ബാലനാണ് പിന്നീട് മരിച്ചത്. കുട്ടിയെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം കുറച്ച് നേരം ഓക്‌സിജന്‍ നല്‍കുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നെന്ന് കോടതി രേഖകളില്‍ പറയുന്നു. ആശുപത്രി വിട്ട ശേഷം കുട്ടിയുടെ നില വഷളാവുകയും പിന്നീട് മരിക്കുകയുമായിരുന്നു.

എന്നാല്‍ കുട്ടിക്ക് ‘ഹൈപോക്‌സിസ’ എന്ന അവസ്ഥയായിരുന്നെന്നും ഇത്തരം രോഗികള്‍ക്ക് എത്രയും വേഗം ഓക്‌സിജന്‍ നല്‍കുകയും രക്തത്തിലെ ഓക്‌സിജന്റെ അളവ് കൃത്യമാണെന്ന് ഉറപ്പാക്കുകയും വേണമായിരുന്നു. ചികിത്സയുടെ തുടക്കത്തില്‍ തന്നെ ഇക്കാര്യം മനസിലാക്കി ഉചിതമായ തീരുമാനമെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെയാണ് കുട്ടിയുടെ നില വഷളായത്. അന്വേഷണത്തിനൊടുവില്‍ ഡോക്ടര്‍മാക്കെതിരെ പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. എന്നാല്‍ തങ്ങളുടെ ഭാഗത്ത് പിഴവൊന്നും വന്നിട്ടില്ലെന്നും തങ്ങളുടെ ജോലി കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ വാദിച്ചത്.

എന്നാല്‍ പിന്നീട് കോടതി നിയോഗിച്ച വിദഗ്ദ ഡോക്ടര്‍മാരുടെ സമിതിയും ചികിത്സിച്ച ഡോക്ടര്‍മാര്‍ അശ്രദ്ധ കാണിച്ചുവെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. വിദഗ്ദ പരിശീലനം ലഭിച്ച ഡോക്ടര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഇവരില്‍ നിന്ന് ഉണ്ടായില്ലെന്നും പരിശോധനാ സമയത്ത് അശ്രദ്ധമായാണ് കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.

കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണിക്ക് പുറമെ ഡോക്ടര്‍മാര്‍ ഓരോരുത്തരും 40,000 ദിര്‍ഹം പിഴയടയ്ക്കണമെന്നുമായിരുന്നു ആദ്യം പ്രാഥമിക ക്രിമിനല്‍ കോടതി വിധിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍, അപ്പീല്‍ കോടതി തള്ളിയതോടെ ഡോക്ടര്‍മാര്‍ ഫെഡറല്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇവിടെയും അപ്പീല്‍ തള്ളിയതോടെ ഇനി പിഴയും ബ്ലഡ് മണിയും നല്‍കേണ്ടിവരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *