ഇന്ത്യന്‍ സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായി ഖത്തര്‍…സന്ദര്‍ശകരുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധന

ദോഹ;ഇന്ത്യയില്‍നിന്നു ഖത്തറിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ 18% വര്‍ധന. 2018 ജനുവരിമുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 33,529 പേരുടെ വര്‍ധനയാണുണ്ടായത്. ഇന്ത്യക്കാര്‍ക്കു ഖത്തറിലുള്ള വീസ ഇളവാണു സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയ്ക്കു കാരണമായത്. വേനലവധിക്കാലത്ത് ഇന്ത്യയില്‍നിന്നു ഖത്തറിലേക്കു ധാരാളം മലയാളികളും സന്ദര്‍ശകരായെത്തി. യുഎന്നിനു കീഴിലെ സ്‌പെഷലൈസ്ഡ് ഏജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) റിപ്പോര്‍ട്ടു പ്രകാരം (വീസ ഓപ്പണ്‍നെസ് റാങ്കിങ്) വീസ സൗകര്യങ്ങളുടെ കാര്യത്തില്‍ മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും തുറന്ന രാജ്യമാണു ഖത്തര്‍. രാജ്യാന്തരതലത്തില്‍ ഇക്കാര്യത്തില്‍ ഖത്തര്‍ എട്ടാമതാണ്. 88 രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കു സൗജന്യമായും വീസയില്ലാതെയും ഖത്തറിലേക്കു പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതുള്‍പ്പെടെ ടൂറിസം മേഖലയില്‍ സ്വീകരിച്ച ശക്തമായ നടപടികളാണു രാജ്യത്തിന്റെ ഓപ്പണ്‍നെസ് റാങ്കിങ്ങില്‍ വന്‍ വര്‍ധനയുണ്ടാക്കിയത്. ഈ വര്‍ഷം ആദ്യപകുതിയില്‍ ചൈനയില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 43 ശതമാനവും റഷ്യയില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 366 ശതമാനവും വര്‍ധനയുണ്ടായി.

Loading...

ഖത്തര്‍ സന്ദര്‍ശിക്കുന്ന ക്രൂസ് സഞ്ചാരികളുടെ എണ്ണത്തിലും ഈ വര്‍ഷം ആദ്യപകുതിയില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ആദ്യ നാലുമാസങ്ങളില്‍ 47,162 ക്രൂസ് സഞ്ചാരികളാണു ഖത്തറിലെത്തിയത്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഓപ്പണ്‍നെസും പ്രവേശിക്കാനുള്ള എളുപ്പവും നിര്‍ണായകമായ കാര്യങ്ങളാണെന്നു ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. എല്ലാ സന്ദര്‍ശക വീസ നടപടിക്രമങ്ങളും ഇലക്ട്രോണിക്കും സുതാര്യവുമാക്കുന്നതു രാജ്യം ഉറപ്പുവരുത്തും. ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഹസന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. നടപടിക്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി സന്ദര്‍ശകര്‍ക്കു മികച്ച അനുഭവം നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നു ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ് പറഞ്ഞു. ഓപ്പണ്‍നെസിലുണ്ടായ മുന്നേറ്റം ഏറെ സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്കു സന്തോഷം പകര്‍ന്ന പദ്ധതി 2016 സെപ്റ്റംബറില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി, ആഭ്യന്തരമന്ത്രാലയം, ഖത്തര്‍ എയര്‍വേയ്‌സ്, വിഎഫ്എസ് ഗ്ലോബല്‍ എന്നിവ ചേര്‍ന്ന് ഇവീസ നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനു രൂപം നല്‍കാന്‍ കരാറിലെത്തിയിരുന്നു. 2017ല്‍ നടപ്പാക്കിയ ഈ പദ്ധതി ഖത്തറിലേക്കുള്ള വീസ നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയും വീസ അപേക്ഷാ സംവിധാനം സുതാര്യമാക്കുകയും ചെയ്തു. തുടര്‍ന്നു 96 മണിക്കൂര്‍ സൗജന്യ ട്രാന്‍സിറ്റ് വീസ പദ്ധതിയും അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 80ലേറെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു സൗജന്യ വീസ പദ്ധതി ഖത്തര്‍ നടപ്പാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഈ പദ്ധതി ഏറെ പ്രയോജനപ്പെടുത്തി. പ്രവാസികളില്‍ പലര്‍ക്കും നാട്ടിലുള്ള കുടുംബത്തെ ഒരു തവണയെങ്കിലും ഖത്തറിലെത്തിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *