യാത്രക്കാര്‍ക്ക് ഷോക്കായി ഇന്‍ഡിഗോയുടെ തീരുമാനം…നിര്‍ത്തലാക്കുന്നത് ദോഹ തിരുവനന്തപുരം സര്‍വീസ്

ദോഹ;ഇന്‍ഡിഗോ ദോഹ – തിരുവനന്തപുരം സര്‍വീസ് മേയ് 2 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. യാത്രക്കാരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. വേനലവധി യാത്രക്കാര്‍ കൂടുതലുള്ള സീസണില്‍ പൊടുന്നനെ സര്‍വീസ് നിര്‍ത്തുന്നതു പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലക്കാരായ പ്രവാസികളുടെ യാത്രാക്ലേശം രൂക്ഷമാക്കാനും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാനും ഇടയാക്കും. തിരുവനന്തപുരം സര്‍വീസ് മേയ് 2 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തുന്ന കാര്യം ഇന്‍ഡിഗോയുടെ ഖത്തര്‍ ഓഫിസ് സ്ഥിരീകരിച്ചു.

Loading...

വാണിജ്യ കാരണങ്ങളാലാണു സര്‍വീസ് നിര്‍ത്തുന്നതെന്നും ഓഗസ്റ്റിനുശേഷം പുനരാരംഭിക്കുമെന്നും ഓപ്പറേഷന്‍സ് വിഭാഗം മേധാവി സണ്ണി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ – ഓഗസ്റ്റ് മാസങ്ങളില്‍ ദോഹയില്‍ നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള ശരാശരി ടിക്കറ്റ് നിരക്ക് 2,500 റിയാല്‍ ആയിരുന്നത് ഇപ്പോള്‍ 3,000 – 3,200 റിയാല്‍ വരെ ഉയര്‍ന്നതായി ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. മേയില്‍ ടിക്കറ്റ് നിരക്ക് ഇനിയും ഉയരാം. ജെറ്റ് എയര്‍വേയ്‌സ് നിലച്ചതോടെ കേരളത്തിന് നഷ്ടമായ സീറ്റുകള്‍ മറ്റു വ്യോമയാന കമ്പനികളിലൂടെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതിനു പിന്നാലെ ഇന്‍ഡിഗോയുടെ തിരുവനന്തപുരം സര്‍വീസ് കൂടി റദ്ദാക്കുന്നതു കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരെ ദുരിതത്തിലാക്കും. എയര്‍ ഇന്ത്യയ്ക്ക് തിരുവനന്തപുരത്തേക്കു സര്‍വീസ് ഉണ്ടെങ്കിലും കോഴിക്കോടു വഴിയാണ്.

ഖത്തര്‍ എയര്‍വേയ്‌സിന് നേരിട്ടു സര്‍വീസ് ഉണ്ടെങ്കിലും നിരക്ക് ഉയര്‍ന്നതാണ്. താരതമ്യേന നിരക്കു കുറവുള്ള ശ്രീലങ്കന്‍ എയര്‍വേയ്‌സില്‍ ദോഹയില്‍ നിന്ന് ഒട്ടേറെപ്പേര്‍ തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു. എന്നാല്‍ ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ സ്‌ഫോടനങ്ങളെ തുടര്‍ന്ന് അവധിക്കാല യാത്രയ്ക്ക് സകുടുംബം ടിക്കറ്റെടുത്തിരുന്ന ഒട്ടേറെ മലയാളികള്‍ ടിക്കറ്റ് റദ്ദാക്കിയതായാണു ട്രാവല്‍ ഏജന്‍സികളില്‍ നിന്നു ലഭിക്കുന്ന വിവരം. ഇതും തിരുവനന്തപുരത്തേക്കുള്ള യാത്രാദുരിതം കൂട്ടാനിടയാക്കും. തിരുവനന്തപുരം സര്‍വീസ് റദ്ദാകുന്ന സാഹചര്യത്തില്‍ കൊച്ചിയിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാന്‍ ശ്രമിച്ച യാത്രക്കാര്‍ക്ക് നിരാശയാണു ഫലം. മുംബൈ, ഡല്‍ഹി സര്‍വീസുകളില്‍ മാത്രമേ ടിക്കറ്റ് മാറ്റി ലഭിക്കൂ എന്നും രണ്ടിടത്തു നിന്നും തിരുവനന്തപുരത്തേക്ക് കണക്ള്‍ഷന്‍ ഫ്‌ലൈറ്റ് ലഭ്യമാക്കുമെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

മേയ് 13ന് തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോയുടെ ടിക്കറ്റ് എടുത്തിരുന്ന ഹമദ് ആശുപത്രിയിലേ സ്റ്റാഫ് നഴ്‌സ് ആയ യാത്രക്കാരി ഒടുവില്‍ ടിക്കറ്റ് റദ്ദാക്കി ഖത്തര്‍ എയര്‍വേയ്‌സിനു ടിക്കറ്റെടുത്തു. ഫെബ്രുവരി മധ്യത്തില്‍ 985 റിയാലിനാണ് ഇവര്‍ ഇന്‍ഡിഗോയുടെ ടിക്കറ്റ് എടുത്തത്. ഖത്തര്‍ എയര്‍വേയ്‌സിലേക്കു ടിക്കറ്റ് മാറ്റിയപ്പോള്‍ 1600 റിയാലായി. കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമായി 4 ദിവസത്തെ അവധിക്ക് നാട്ടിലേക്ക് തനിച്ചുവരുന്ന തനിക്ക് മുംബൈ, ഡല്‍ഹി റൂട്ടില്‍ പോയാല്‍ 2 ദിവസം യാത്രയ്ക്കായി മാത്രം നഷ്ടമാകുമെന്ന് അവര്‍ പറഞ്ഞു.

കേരളത്തിലെ മറ്റൊരു വിമാനത്താവളത്തിലേക്കും നേരിട്ട് ഇന്‍ഡിഗോ ടിക്കറ്റുകള്‍ മാറ്റി നല്‍കുന്നില്ല. ട്രാവല്‍ ഏജന്‍സികളില്‍ നിന്നു ടിക്കറ്റ് എടുത്തവര്‍ക്ക് ഏജന്‍സികള്‍ ടിക്കറ്റ് റദ്ദാക്കി പണം മടക്കി നല്‍കുകയോ അധിക തുക ഈടാക്കി ഖത്തര്‍ എയര്‍വേയ്‌സിലേക്ക് ടിക്കറ്റ് മാറ്റുകയോ ചെയ്യുന്നുണ്ട്. ഇന്‍ഡിഗോയില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്തവരോടു മുംബൈ, ഡല്‍ഹി വഴി യാത്ര മാറ്റാനാണു മറുപടി.

ടിക്കറ്റ് റദ്ദാക്കിയാല്‍ പണം മടക്കികിട്ടാന്‍ കാലതാമസം ഉണ്ടാകുമെന്ന് അറിയിച്ചതായും ടിക്കറ്റ് റദ്ദാക്കാന്‍ ഇന്‍ഡിഗോയെ സമീപിച്ച ഒരു യാത്രക്കാരന്‍ പറഞ്ഞു. ജെറ്റിനു പുറമേ ഇന്‍ഡിഗോയുടെ തിരുവനന്തപുരം സര്‍വീസ് കൂടി നിലയ്ക്കുന്നത് ടിക്കറ്റ് ചാര്‍ജ് കുത്തനെ ഉയര്‍ത്തുകയും യാത്രാക്ലേശം രൂക്ഷമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നഷ്ടമായ സീറ്റുകള്‍ മറ്റ് എയര്‍ലൈന്‍സുകള്‍ക്കു മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു പരാതി നല്‍കുമെന്ന് ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ട ഭാരവാഹികള്‍ പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

One Reply to “യാത്രക്കാര്‍ക്ക് ഷോക്കായി ഇന്‍ഡിഗോയുടെ തീരുമാനം…നിര്‍ത്തലാക്കുന്നത് ദോഹ തിരുവനന്തപുരം സര്‍വീസ്”

Leave a Reply

Your email address will not be published. Required fields are marked *