കെ. ആർ. ഗൗരിയമ്മയുടെ നിര്യാണത്തിൽ ബഹ്‌റൈനിലെ പ്രവാസി സംഘടന

മനാമ: കെ.ആര്‍.ഗൗരിയമ്മയുടെ നിര്യാണത്തില്‍ ബഹ്‌റൈനിലെ പ്രവാസി സംഘടനകള്‍ ദുഖം രേഖപ്പെടുത്തി. കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന് സുപ്രധാന പങ്കുവഹിച്ച ധീരവനിതയെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ബഹ്റൈന്‍ പ്രതിഭ അനുശോചിച്ചു.

അസാമാന്യമായ ത്യാഗവും ധീരതയും പോരാട്ടവും നിറഞ്ഞ തന്റെ ജീവിതത്തിലൂടെ കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും പൊതുസമൂഹത്തിനും ഗൗരിയമ്മ നല്‍കിയ സംഭാവന കേരളജനത എക്കാലവും ഓര്‍മ്മിക്കുമെന്നും ഗൗരിയമ്മയുടെ വിയോഗത്തില്‍ ബഹ്‌റൈന്‍പ്രതിഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും ബഹ്റൈന്‍ പ്രതിഭ സെക്രട്ടറി എന്‍.വി. ലിവിന്‍ കുമാര്‍ , പ്രസിഡണ്ട് കെ.എം. സതീഷ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു

കേരള രാഷ്ട്രീയ ചരിത്രത്തില്‍ പ്രതിസന്ധികളെയും, പ്രതിബന്ധങ്ങളെയും നേരിട്ട് വിജയിച്ച നേതാക്കളില്‍ പ്രമുഖ സ്ഥാനമാണ് കെ.ആര്‍. ഗൗരിയമ്മയ്ക്ക് എന്ന് ഒ.ഐ.സി.സി. ബഹ്റൈന്‍ ദേശീയ കമ്മറ്റിയുടെ അനുശോചനകുറിപ്പില്‍ അനുസ്മരിച്ചു. ജനങ്ങളോടൊപ്പം നില്‍ക്കുവാന്‍ ആഗ്രഹിച്ച നേതാവ് ആയിരുന്നു ഗൗരിയമ്മയെന്നും ഒ.ഐ.സി.സി. അഭിപ്രായപ്പെട്ടു.

കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവും കരുത്തുറ്റ വനിതയുമായിരുന്ന കെആര്‍ ഗൗരിയമ്മയുടെ വിയോഗത്തില്‍ കെ.എം.സി.സി. ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

സാധാരണ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനശബ്ദമായി മാറിയ ഗൗരിയമ്മ ജീവിതം തന്നെ സമരമാക്കിയ നേതാവായിരുന്നെന്ന് സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു.

അസാധാരണ മനക്കരുത്തും സംഘടനാ മികവുമുള്ള നേതാവായിരുന്നു ഗൗരിയമ്മയെന്നും നേതാക്കള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ കെ.ആര്‍. ഗൗരിയമ്മയുടെ വേര്‍പാടില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ചാപ്റ്റര്‍ വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദാലിയും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചിച്ചു.

കെ.ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

നിശ്ചയദാര്‍ഢ്യവും കലര്‍പ്പില്ലാത്ത ജനപക്ഷ സമീപനത്തിനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച് വിപ്ലവകരമായ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ധീര വനിതാ പൊതുപ്രവര്‍ത്തകയെയാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നൂ അനുശോചന സന്ദേശത്തില്‍ പ്രസിഡന്റ് നിസാര്‍ കൊല്ലവും ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു

കേരള രാഷ്ട്രീയത്തിലെ ഉജ്വല തേജസ്സായിരുന്നു കെ.ആര്‍. ഗൗരിയമ്മയെന്നു ആലപ്പുഴ രൂപത പ്രവാസി കമ്മീഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചിച്ചു.

ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിലൂടെ വളര്‍ന്ന ഗൗരിയമ്മയുടെ നിര്യാണം രാഷ്ട്രീയകേരളത്തിനു തീരാ നഷ്ടമാണെന്നും രൂപത പ്രവാസി കമ്മീഷന്‍ ബഹ്റൈന്‍ പ്രതിനിധി പീറ്റര്‍ സോളമന്‍ അനുശോചനസന്ദേശത്തില്‍ സൂചിപ്പിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *