ആതിര ആശുപത്രിയിൽ: നിതിന്റെ വിയോഗവാർത്ത എങ്ങനെ അറിയിക്കുമെന്നറിയാതെ ബന്ധുക്കൾ

ദുബായ്/കോഴിക്കോട് : കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിര അറിഞ്ഞിട്ടില്ല.

ആദ്യകുഞ്ഞിന്റെ പിറവി ജൻമനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭർത്താവിന്റെ വിയോഗവാർത്ത, ഒൻപതു മാസം ഗർഭിണിയായ ആതിരയെ എങ്ങനെ അറിയിക്കുമെന്നു ബന്ധുക്കൾക്കറിയില്ല.

ഇന്നലെ ഷാർജയിൽ അന്തരിച്ച പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിൻ ചന്ദ്രന്റെ ഭാര്യയാണു പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയായ ജി.എസ്.ആതിര.

ഭർത്താവിന്റെ കൂടെ ഷാർജയിലായിരുന്ന ആതിര കഴിഞ്ഞ​ മാസമാണു നാട്ടിലെത്തിയത്. ലോക്‌ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ആദ്യവിമാനത്തിൽ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിതിൻ വന്നില്ല.

ഇൻകാസ് യൂത്ത് വിങിനു വേണ്ടി ഷാഫി പറമ്പിൽ എംഎൽഎ യാണ് ആതിരയ്ക്ക് ടിക്കറ്റ് നൽകിയത്. ഇതിനു പകരമായി  ടിക്കറ്റെടുക്കാൻ ബുദ്ധിമുട്ടിയ രണ്ടു പ്രവാസികളെ ആതിരയും നിതിനും കൂടി ടിക്കറ്റിന്റെ പണം നൽകി സഹായിച്ചിരുന്നു.

ഇന്നലെ രാവിലെ നിതിന്റെ മരണവിവരമറിഞ്ഞ ബന്ധുക്കൾ, പ്രസവത്തിനു മുൻപുള്ള കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ ആതിരയെ ആശുപത്രിയിലാക്കുകയായിരുന്നു.

ആതിരയുടെ പ്രസവത്തോട് അടുപ്പിച്ച് നാട്ടിലേക്കുള്ള വരാനുള്ള ഒരുക്കത്തിലായിരുന്നു നിതിൻ.  2017 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം

യുഎഇയിൽ സാമൂഹികസേവന രംഗത്തു സജീവമായിരുന്ന നിതിൻ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സജീവപ്രവർത്തകനായിരുന്നു.

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ രക്തക്ഷാമം പരിഹരിക്കാനുള്ള പേരാമ്പ്രയിലെ രക്തദായിനി പദ്ധതിയിലേക്കു കുവൈത്തിൽ നിന്നു പണം അയച്ച രണ്ടു കുട്ടികളെക്കുറിച്ചായിരുന്നു നിതിന്റെ ഒടുവിലത്തെ ഫെയ്സ്ബുക് പോസ്റ്റ്, മരിക്കുന്നതിന്റെ മണിക്കൂറുകൾക്കു മുൻപ്.

ജൂൺ രണ്ടിനായിരുന്നു നിതിന്റെ ജന്മദിനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *