വാട്‌സാപ്പ് ഹര്‍ത്താലിനെ അനുകൂലിച്ച പ്രവാസികള്‍ കുടുങ്ങി…പലരുടെയും ഗള്‍ഫ് യാത്ര അനിശ്ചിതത്വത്തില്‍

വാട്‌സാപ്പ് ഹര്‍ത്താലില്‍ കുടുങ്ങി നിരവധി പ്രവാസികളും. കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന അപ്രഖ്യാപിത വാട്‌സാപ്പ് ഹര്‍ത്താലിനെ അനുകൂലിച്ച നിരവധി പ്രവാസികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ജമ്മുവില്‍ ബാലികയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ നിരവധി പ്രവാസികളും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരും പങ്കെടുത്തിരുന്നു. എന്നാല്‍ പലയിടത്തും ഹര്‍ത്താലിന്റെ പേരില്‍ ആക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. തുറന്നിരിക്കുന്ന കടകള്‍ അടപ്പിക്കുക, അടിച്ചു തകര്‍ക്കുക, വാഹനങ്ങളെ തടയുക തുടങ്ങിയ നിരവധി അക്രമ സംഭവങ്ങളാണ് ഈ അപ്രഖ്യാപിത ഹര്‍ത്താലില്‍ അരങ്ങേറിയത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചത്. അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പുകളേയും അഡ്മിനുകളേയും കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കി. അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിക്കാനും പോലീസ് തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ നിരവധി പ്രവാസികളും ഈ ഹര്‍ത്താലിന് വാട്‌സാപ്് ഗ്രൂപ്പുകള്‍ വഴി പിന്തുണ അറിയിച്ചിരുന്നു. ഇവരാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. ഇവരില്‍ പലരും അവധിക്ക് നാട്ടില്‍ വന്നവരാണ്. അവധി തീര്‍ന്ന് തിരിച്ചു പോകേണ്ടവരും ഇതിലുണ്ട്. കൂടാതെ ആദ്യമായി ഗള്‍ഫിലേക്ക് പോകാനൊരുങ്ങുന്നവരുമുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലടക്കം നിരവധി പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഇവരുടെ ഫോണുകളും നിരീക്ഷണത്തിലാണ്. ഒരു പെണ്‍കുട്ടിക്ക് ലഭിക്കേണ്ട നീതിയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ തെരുവിലിറങ്ങിയത. ഞങ്ങള്‍ പങ്കെടുത്തത് ഒരു ജനകീയ ഹര്‍ത്താലിലാണ്. എന്നാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഞങ്ങലുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നും പ്രവാസികള്‍ പറയുന്നു. എത്രയും പെട്ടെന്ന് ഞങ്ങള്‍ക്ക് ഇതില്‍ നിന്നും മോചനം വേണമെന്നും ഇത്തരം സംഭവങ്ങള്‍ ഒരിക്കലും പ്രവാസികളെ ബാധിക്കരുത് എന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ജനകീയ ഹര്‍ത്താലെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഹര്‍ത്താലിനിടെ വിവിധയിടങ്ങളില്‍ ആക്രമങ്ങള്‍ നടത്തിയതും ആസൂത്രിതമായാണെന്നാണ് പോലീസിന്റെ നിഗമനം. അക്രമം അഴിച്ചുവിട്ടതിന് പിന്നില്‍ തീവ്ര സ്വഭാവ സംഘടനകള്‍ പ്രവര്‍ത്തിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം. കോഴിക്കോട് ജില്ലയില്‍ പോലീസ് നിരീക്ഷണത്തിലുള്ള ചില വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരോട് ഇന്ന് വിവിധ സ്റ്റേഷനുകളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ത്താലിന് വാഹനങ്ങള്‍ തടയണമെന്നും കടകള്‍ അടപ്പിക്കണമെന്നും ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിന്‍മാരേയാണ് പോലീസ് വിളിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ നിയമവിരുദ്ധമായ സന്ദേശങ്ങള്‍ പങ്കുവച്ചാല്‍ ഷെയര്‍ ചെയ്ത ആള്‍ക്കൊപ്പം ഗ്രൂപ്പും അഡ്മിനും തുല്യഉത്തരവാദിത്വമുണ്ടെന്നാണ് ഐടി നിയമം പറയുന്നത്. വിവിധ അക്രമ സംഭവങ്ങളിലായി ഇതുവരെ ആയിരത്തിലധികം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *