മനാമ; ജമ്മു കാശ്മീരിലെ കഠ്വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ദിവസങ്ങളോളം പീഡിപ്പിച്ചു കൊന്നതില്‍ പ്രതിഷേധിച്ചു കെഎംസിസി ബഹ്റൈന്റെ സാംസ്കാരിക വിഭാഗമായ ‘ഒലിവ് സാംസ്കാരിക വേദി’ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി.
ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ കിരാതകൃത്യം ചെയ്തവരെ വിചാരണ കൂടാതെ തൂക്കിലേറ്റണമെന്ന് യോഗം അഭിപ്രായപ്പെട്ടു, കേവലം ഒരുപീഡനംഎന്നതിലുപരി ഒരു സമുദായത്തെ ഉന്മൂലനം ചെയ്യാനും ഭയപ്പെടുത്തി കീഴ്പ്പെടുത്താനും ഫാസിസ്റ്റ് ശക്തികളുടെ ഗൂഡലക്ഷ്യമാണിതെന്നും ഇതിനെതിരെ ഇന്ത്യയുടെ പൊതുബോധം ഉണരട്ടെ എന്നും യോഗം അഭിപ്രായപ്പെട്ടു.
ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന രീതിയില്‍ കഠ്വ, ഉന്നാവോ പീഡനങ്ങള്‍ ഭരണകൂടം നിസ്സാരവത്കരിക്കുകയും പ്രതികള്‍ക്കായി ഭരണകൂട പ്രഭുതികള്‍ നിലകൊള്ളുകയും ചെയ്തു കൊണ്ടു സംഘപരിവാര്‍ അജണ്ടകള്‍ ഇന്ത്യയില്‍ നടപ്പില്‍ വരുത്തുന്നതിന്റെ ടെസ്റ്റ് ഡോസ് എന്ന രീതിയിലാണ് ജനാധിപത്യ വിശ്വാസികള്‍ ഇതിനെ കാണുന്നത്, ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം രാജ്യത്തൊന്നടക്കം നടപ്പില്‍ വരുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. മതേതര വിശ്വാസികളായ ഉദ്യോഗസ്ഥന്മാരും ജനാധിപത്യ വിശ്വാസികളും ഈ നീചതന്ദ്രങ്ങള്ക്കെതിരെ പോരാടുക തന്നെ ചെയ്യും. കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ , മുന്‍ പ്രസിഡന്റ് സി കെ അബ്ദുറഹ്മാന് , അസ്ലം വടകര , നൗഫല്‍ എടയന്നൂര്‍, ഫിറോസ് കല്ലായി , സഹല്‍ തൊടുപുഴ , എന്നിവര്‍ സംസാരിച്ചു.പി.വി.സിദ്ധിക്ക് അധ്യക്ഷനായിരുന്നു .കെ പി മുസ്തഫ സ്വാഗതവും ഖലീല്‍ ആലംപാടി നന്ദിയും പറഞ്ഞു.