പ്രളയക്കെടുതി…കൊച്ചി വിമാനത്താവളം 26 വരെ അടച്ചിടും; പ്രവാസികളുടെ യാത്രകള്‍ അവതാളത്തില്‍; സര്‍വീസുകള്‍ കോഴിക്കോടും തിരുവനന്തപുരത്തും

കൊച്ചി; നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഈ മാസം 26ന് മാത്രമേ തുറക്കുവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. ഈ ശനിയാഴ്ച തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നിലവില്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാകാന്‍ കൂടുതല്‍ ദിവസമെടുക്കുമെന്നാണു സൂചന. പെരിയാറില്‍ നിന്നുള്ള വെള്ളത്തില്‍ ആലുവയും വിമാനത്താവളവും പരിസരവും മുങ്ങിക്കിടക്കുന്നതിനാല്‍ വെള്ളം വലിയും വരെ വിമാനം ഇറക്കാന്‍ കഴിയില്ലെന്നതാണു സ്ഥിതി. ഇതോടെ, കൊച്ചിയില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടിലായി. വിദേശത്തു പോകേണ്ടവരും വിദേശത്തു നിന്നു നാട്ടിലേക്കു വരുന്നരും അതനുസരിച്ചു യാത്രാപരിപാടിയില്‍ മാറ്റം വരുത്തേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.

Loading...

നെടുമ്പാശേരി വഴിയുള്ള വിമാനങ്ങള്‍ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേയ്ക്കും തിരിച്ചു വിട്ടു. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കാണ് പോവുക. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ലാത്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായ സാഹചര്യമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ ചെങ്ങല്‍ തോട്ടിലൂടെയുള്ള ജലമൊഴുക്കു കൂടിയതോടെയാണു വിമാനത്താവളത്തിന്റെ റണ്‍വേ ഉള്‍പ്പെടെയുള്ള ഓപ്പറേഷനല്‍ ഏരിയ മുങ്ങിയത്. റണ്‍വേയുടെ തെക്കുവശത്തെ മതില്‍ മൂന്നു ഭാഗങ്ങളിലായി ഇടിഞ്ഞതോടെ വെള്ളം ഇരമ്പിപ്പാഞ്ഞ് റണ്‍വേയിലെത്തി. നാലും അഞ്ചും അടി വരെ ഉയര്‍ന്ന വെള്ളം ഒഴുക്കിക്കളയാനായി റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്തെ മതില്‍ പൊളിച്ചു. ടെര്‍മിനലിന്റെ പ്രവേശന ഭാഗത്തു വരെ വെള്ളമെത്തി. കാര്‍ പാര്‍ക്കിങ് ഏരിയായും പ്രധാന സൗരോര്‍ജ പ്ലാന്റും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

വിമാനത്താവളത്തില്‍ റണ്‍വേയിലും ഏപ്രണിലുമെല്ലാം വെള്ളമാണ്. വെള്ളം പമ്പ് ചെയ്തു കളയാനും കഴിയില്ല, കാരണം ആ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മഴ തുടരുകയും ചെയ്യുന്നു. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ വെള്ളപ്പൊക്കത്തിനും ശമനമില്ല. ശനിയാഴ്ച വരെ നാലുദിവസമാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചിടാന്‍ നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും തുറക്കാന്‍ അതിലും വൈകുമെന്ന് സിയാല്‍ ഉന്നതര്‍ വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും പോകുന്ന എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നായിരിക്കും പുറപ്പെടുക എന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ച സാഹചര്യത്തില്‍ വിമാന യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി തിരുവനന്തപുരത്തു നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി എന്ന എന്നീ എയര്‍പോര്‍ട്ട് അധികൃതരും തിരുവനന്തപുരം, എറണാകുളം എന്നീ കെഎസ്ആര്‍ടിസി മേഖലാ അധികൃതരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് സര്‍വീസുകള്‍ ക്രമീകരിച്ച് അയയ്ക്കുന്നത്.

എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ ആകുന്നതുവരെ ഈ സര്‍വീസുകള്‍ തുടരുന്നതാണെന്നും ആവശ്യമെങ്കില്‍ അധിക സര്‍വീസുകള്‍ അയയ്ക്കുമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് പറഞ്ഞു. തല്‍സംബന്ധമായി ബന്ധപ്പെട്ട മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കും ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *