വിദേശ തൊഴിലാളികളെ ഒഴിവാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത്‌സിറ്റി: വിദേശ തൊഴിലാളികളെ ഗണ്യമായ് കുറയ്ക്കുന്നതിന്റെ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മുതിര്‍ന്ന പാര്‍ലമെന്റംഗം വലിദ് അല്‍തബ് തബായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരടിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 30 ശതമാനത്തില്‍ കൂടുതല്‍ വിദേശികളെ അനുവദിക്കില്ല. വിദേശതൊഴിലാളികള്‍ക്ക് ക്വാട്ട സമ്പ്രദായം നടപ്പാക്കാനും വിസ പുതുക്കി നല്‍കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് കരടുബില്ലില്‍ ഡോ. വലീദ് അല്‍തബ്തബായി നിര്‍ദേശിച്ചിട്ടുള്ളത്.

ഗൗരവമേറിയ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവുകയുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. തൊഴില്‍സാമൂഹിക മന്ത്രാലയം, സുപ്രിം കൗണ്‍സില്‍ ഫോര്‍ പഌനിങ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെക്രട്ടേറിയറ്റ് ജനറല്‍. പബഌക്ക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്യന്തരമന്ത്രാലയം എന്നിവയും അനുബന്ധ വകുപ്പുകളും ചേര്‍ന്ന് വിദഗ്ധ പഠനം നടത്തി. പത്ത് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പില്‍ വരുത്തണമെന്നാണ് ഡോ. വലിദ് അല്‍തബ്തബായിയുടെ നിര്‍ദേശം.

എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന് 10 വര്‍ഷംവേണമെന്ന വാദത്തോട് യോജിക്കാനാവില്ലെന്ന് മുതിര്‍ന്ന വനിതാ എം.പി. സഫ അല്‍ഹാഷിം പറഞ്ഞു. മൂന്നോ നാലോ വര്‍ഷത്തിനകം പദ്ധതി നടപ്പാക്കണമെന്ന് അവര്‍ ശക്തമായി ആവശ്യപ്പെട്ടു. ഗുരുതരമായ ഈ പ്രശ്‌നം ഇത്രയും നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന കടുത്തനിലപാടാണ് സഫ അല്‍ഹാഷിം പാര്‍ലമെന്റില്‍ സ്വീകരിച്ചത്.

വിദേശികളുടെ ആരോഗ്യ ചികിത്സാഫീസ് വര്‍ധിപ്പിച്ച ആരോഗ്യമന്ത്രിയുടെ നടപടിയെ അവര്‍ പ്രശംസിച്ചു. പെട്രോള്‍ വിലവര്‍ധന സ്വദേശികളെ ബാധിക്കാത്തവിധം കൂപ്പണ്‍ നല്‍കണമെന്നും ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ സ്വദേശികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ഉണ്ടാകണമെന്നും എം.പി. ആവശ്യപ്പെട്ടു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *