ഒരു വർഷത്തിനു ശേഷം സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും തിരക്ക് അനുഭവപ്പെട്ടു

റിയാദ്∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിർത്തിവച്ച രാജ്യാന്തര യാത്ര ഒരു വർഷത്തിനു ശേഷം പുനരാരംഭിച്ചതോടെ സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും തിരക്ക് അനുഭവപ്പെട്ടു.

കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നു മുതലാണു സൗദി കര-കടൽ-വ്യോമ അതിർത്തികൾ രാജ്യാന്തര യാത്രക്കാർക്കായി തുറന്നത്.

കോവിഡ് പ്രതിരോധ കുത്തിവയ്പ്(വാക്സിൻ) സ്വീകരിച്ചവർക്കും 6 മാസത്തിനിടയിൽ കൊറോണ ബാധിച്ചു സുഖം പ്രാപിച്ച സൗദി പൗരന്മാർക്കും അതിർത്തികൾ കടക്കാം.

തിങ്കളാഴ്ച പുലർച്ചെ യാത്രക്കാരുടെ ഒഴുക്ക് ഉണ്ടായെങ്കിലും വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൂടുതൽ പേരെ ഉൾക്കൊള്ളാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

യാത്രക്കാരല്ലാത്തവരെ ടെർമിനലിനകത്തേക്ക് കയറ്റിയില്ല.

സാധുവായ ടിക്കറ്റ് കൈവശം ഉള്ളവർക്കും അംഗപരിമിതരോടൊപ്പം അവരുടെ സഹായികൾക്കും മാത്രം പ്രവേശനം അനുവദിച്ചു. 18 വയസിന് മുകളിൽ പ്രായമുള്ള ഓരോ യാത്രക്കാരും രാജ്യത്തിനു പുറത്തും കോവിഡ് ചികിത്സാ കവറേജുള്ള ആരോഗ്യ ഇൻഷുറൻസ് എടുത്തതായി തെളിയിക്കണം.

ഇതു സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ചതായിരിക്കുകയും വേണം. കൂടാതെ അഭ്യന്തര മന്ത്രാലയത്തിന്റെ ട്രാക്കിങ് ആപ്ലിക്കേഷൻ ആയ തവക്കൽ റജിസ്‌ട്രേഷൻ തുടങ്ങി സൗദി സിവിൽ ഏവിയേഷൻ അധികൃതർ പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗ നിർദേശങ്ങളും പാലിക്കണം.

പഠനം, വിനോദം, ചികിത്സ, ജോലി തുടങ്ങി ഏത് ആവശ്യത്തിന് പുറത്തു പോയതാണെതെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ ഈ നിബന്ധനകൾ പാലിച്ചിരിക്കണം എന്നതാണു വ്യവസ്ഥ.

റിയാദ് വിമാനത്താവളത്തിൽ നിന്ന് 225 ഉം ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 75 ഉം ദമാം കിങ് ഫഹദ് വിമാനത്താവളത്തിൽ നിന്ന് 66ഉം മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 19 ഉം വിമാനങ്ങൾ ഉൾപ്പെടെ രാജ്യത്ത് നിന്ന് ആകെ 385 വിമാനങ്ങൾ ഇതുവരെ പുറപ്പെട്ടു.

കൂടാതെ 300 ഓളം വാഹനങ്ങൾ ഖത്തറിലേക്ക് സൗദി അതിർത്തി കടക്കുകയും ചെയ്തു.തിങ്കളാഴ്ച പുലർച്ചെ റിയാദിൽ നിന്നു പുറപ്പെട്ട ആദ്യ രാജ്യാന്തര വിമാനം ഇന്ത്യയിലെ ഹൈദരാബാദായിരുന്നു, ജിദ്ദയിൽ നിന്നു പുറപ്പെട്ട ആദ്യ വിമാനം ബംഗ്ലാദേശിലെ ധാക്കയിലേക്കായിരുന്നു.

റിയാദിൽ ഇറങ്ങിയ ആദ്യ വിമാനം കെയ്‌റോയിൽ നിന്നും, ജിദ്ദയിൽ ആദ്യം ഇറങ്ങിയത് ഇന്തോനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്നുള്ള വിമാനവുമായിരുന്നു.

സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് 30 രാജ്യങ്ങളിലെ 43 സെക്‌ടറുകളിലേക്ക് സർവീസുകൾ പുനരാരംഭിച്ചു.

ഓരോ ആഴ്ചയും ജിദ്ദയിൽ നിന്ന് 178 ഉം റിയാദിൽ നിന്ന് 153 ഉം സർവീസുകൾ നടത്തും. 95 സ്റ്റേഷനുകളിൽ 71 സ്റ്റേഷനുകളിലേക്ക് സർവീസ് നടത്താനുള്ള സന്നദ്ധത സൗദി എയർലൈൻസ് സ്ഥിരീകരിച്ചു, അതിൽ 28 ആഭ്യന്തരവും 43 രാജ്യാന്തരവും ആയ ലക്ഷ്യസ്ഥാനങ്ങളുമാണ്.

ഓരോ യാത്രയിലും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാത്രം 50 ലധികം മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, എയർലൈൻ പാസഞ്ചർ അസോസിയേഷൻ നടത്തിയ പഠനപ്രകാരം ലോകത്തെ ഏറ്റവും സുരക്ഷിതമായ യാത്ര സമ്മാനിക്കുന്ന 10 വിമാനങ്ങളുടെ കൂട്ടത്തിൽ സൗദിയ ഇടം നേടിയിട്ടുണ്ടെന്നും സൗദിയ ഡയറക്‌ടർ ജനറൽ ഇബ്‌റാഹീം അൽ ഉമർ പറഞ്ഞു.

മഹാമാരി ആരംഭിച്ചതിനു ശേഷം 10 ലക്ഷത്തിലധികം യാത്രക്കാരുമായി ഒരു ലക്ഷത്തിലധികം വിമാന സർവീസുകൾ നടത്താനായതായും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിച്ചെങ്കിലും 13 രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യുന്നതിന് നിലവിൽ വിലക്കുണ്ടെന്നു സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപന ഭീഷണിയുള്ള ഈ രാജ്യങ്ങളിലേക്കു മുൻകൂർ അനുമതിയില്ലാതെ യാത്ര ചെയ്യാനാവില്ല. ഇന്ത്യക്കു പുറമെ ലിബിയ, യെമൻ, അർമേനിയ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാൻ, സൊമാലിയ, ബെലാറസ്, ലെബനൻ, തുർക്കി, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, വെനിസ്വേല എന്നിവയാണ് ആ രാജ്യങ്ങൾ. കൂടാതെ, ബഹ്‌റൈനിലേക്ക് പോകുന്ന യാത്രക്കാർ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരായിരിക്കണം എന്ന നിബന്ധനയുണ്ട്.

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബഹ്റൈനിലേക്ക് പോകാൻ അനുമതിയില്ലെന്നും മന്ത്രാലയം അറിയിച്ചു. നയതന്ത്ര യാത്രക്കാർ, അവരോടൊപ്പം അനുഗമിക്കുന്നവർ, വിമാന- കപ്പൽ ജോലിക്കാർ, ആരോഗ്യ രംഗത്തുള്ളവർ, ട്രക്ക് ഡ്രൈവർമാർ എന്നിവരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിബന്ധനകൾ പാലിക്കാതെ സൗദി- ബഹ്‌റൈൻ അതിർത്തിയിലെ കിങ് ഫഹദ് കോസ്‌വേയിൽ എത്തിയ നിരവധി യാത്രക്കാരെയാണ് മടക്കി അയച്ചത്.

സൗദിക്ക് പുറത്ത് നിന്നു രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രക്കാർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. നയതന്ത്രജ്ഞർ ഉൾപ്പെടെ വിദേശ യാത്രക്കാർ രണ്ടു ഡോസ് കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവരാണെങ്കിൽ അവർക്ക് ക്വാറന്റീൻ ആവശ്യമില്ല.

വാക്സീൻ എടുക്കാതെ രാജ്യത്തേക്ക് വരാൻ ഉദ്ദേശിക്കുന്നവർ, പ്രവേശിക്കുന്നതിന്റെ 72 മണിക്കൂറിനുള്ളിൽ അംഗീകൃത ലബോറട്ടറികളിൽ നിന്നു നടത്തിയ നെഗറ്റീവ് പിസിആർ പരിശോധന ഫലം ഹാജരാക്കണം.

അല്ലാത്തപക്ഷം അവരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല. സൗദി പൗരന്മാർ, റസിഡന്റ് വീസയിൽ ഉള്ള പ്രവാസികൾ, ജിസിസി പൗരന്മാർ എന്നിവരൊഴികെ സൗദി അറേബ്യയിലെത്തുന്ന മുഴുവൻ ആളുകളും കോവിഡ് ചികിത്സ കവർ ചെയ്യുന്ന മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്നതും നിർബന്ധമാണ്.

കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ ഘട്ടത്തിൽ തന്നെ അടച്ച രാജ്യാന്തര അതിർത്തികൾ ഈ വർഷം ജനുവരി 29 ന് തുറക്കാനിരുന്നതായിരുന്നു. അത് പിന്നീട് മാർച്ച് 31 ലേക്കും ശേഷം മേയ് 17 ലേക്കും നീട്ടുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *