യു എ ഇ യിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ഇന്നുമുതൽ

ദുബായ് : ചൂട് കടുത്തതോടെ യു.എ.ഇ.യിൽ തൊഴിലാളികൾക്കുള്ള നിർബന്ധിത ഉച്ചവിശ്രമം ചൊവ്വാഴ്ച ആരംഭിക്കും. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നുമാസമാണ് നിർബന്ധിത മധ്യാഹ്നവിശ്രമനിയമം.

ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് മൂന്നുവരെ തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കരുതെന്നാണ് നിയമം.

നിയമലംഘകരായ തൊഴിലുടമയുടെപേരിൽ 5000 ദിർഹം മുതൽ അരലക്ഷം ദിർഹംവരെ പിഴയും കടുത്ത നടപടികളുമുണ്ടാകും.

നിയമലംഘനം നടത്തുന്ന കമ്പനിയുടെ ഫയൽ മാനവവിഭവശേഷി സ്വദേശിവത്‌കരണ മന്ത്രാലയത്തിലെ താഴ്ന്ന പട്ടികയിലേക്ക് നീക്കും.

നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ചായിരിക്കും ഇക്കാര്യം തീരുമാനിക്കുക. കമ്പനികൾ നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ മന്ത്രാലയം വ്യാപകപരിശോധന നടത്തും.

യു.എ.ഇ.യിൽ 50 ഡിഗ്രിയോടടുത്താണ് നിലവിൽ ചൂടനുഭവപ്പെടുന്നത്. കഴിഞ്ഞയാഴ്ച യു.എ.ഇ.യിലെ വിവിധയിടങ്ങളിൽ 51 ഡിഗ്രി സെൽഷ്യസിനുമുകളിൽ വരെ ചൂട് രേഖപ്പെടുത്തിയിരുന്നു.

കടുത്ത ചൂടിൽനിന്ന്‌ രക്ഷനേടാനായി കഴിഞ്ഞ 12 വർഷമായി മന്ത്രാലയം തൊഴിലാളികൾക്കായി തണലൊരുക്കുന്നുണ്ട്.

അസഹനീയമായ ചൂടിൽനിന്ന് രക്ഷനേടാൻ തൊഴിലാളികൾക്കായി പ്രത്യേക ആരോഗ്യ സുരക്ഷാസംവിധാനങ്ങളും ഉണ്ടായിരിക്കണം.

ഉച്ചവിശ്രമ നിയമം സംബന്ധിച്ച് എല്ലാ തൊഴിലാളികൾക്കും അവബോധമുണ്ടായിരിക്കണം.

സൂര്യാഘാതമേൽക്കാതിരിക്കാൻ സ്വമേധയാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിർദേശിച്ചു.

ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് 80060 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *