മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ഭീതിയില്‍…അലവിക്കുട്ടി രക്ഷപ്പെട്ടത് മരണമുഖത്ത് നിന്നും; റിയാദില്‍ ഇത് പതിവ് സംഭവമോ?…

റിയാദ്; മരണമുഖത്ത് നിന്നു ഭാഗ്യത്തിന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഐടി മാനേജറായ അലവിക്കുട്ടി ഒളവട്ടൂര്‍. തന്റെ കാറിന് പുറത്ത് മൂര്‍ച്ചയുള്ള കത്തിയുമായി ഭീഷണി മുഴക്കി നിന്ന അക്രമിക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട അലവി തനിക്ക് സംഭവിച്ചത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് ഇപ്പോഴും. സാമൂഹിക പ്രവര്‍ത്തകനും എസ്ഇസി ദേശീയ ഭാരവാഹിയുമായ അലവിക്കുട്ടി ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തെ സ്ഥിരം പാര്‍ക്കിങ്ങില്‍ തന്റെ കാര്‍ നിര്‍ത്താനൊരുങ്ങുമ്പാഴായിരുന്നു സംഭവം. കറുത്ത വംശജനായ യുവാവ് പുറകില്‍ എത്തി സൈഡ് ഗ്ലാസില്‍ അടിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അലവിക്കുട്ടി വാഹനം തുറന്നില്ല. ഇതോടെ അക്രമി രോഷാകുലനാകുകയും കഠാര എടുത്ത് പുറത്ത് ചില അഭ്യാസങ്ങള്‍ കാണിക്കുകയും വാഹനത്തിന്റെ ചില്ല് കുത്തിപ്പൊട്ടിക്കുകയും ചെയ്തു.

പന്തികേട് തിരിച്ചറിഞ്ഞ അലവിക്കുട്ടി വാഹനം സെന്റര്‍ ലോക്ക് ഇട്ട് അതിനുള്ളില്‍ തന്നെ ഭയത്തോടെ ഇരിന്നു. വെളിയില്‍ ഡ്രൈവറുടെ ഭാഗത്തെ മതിലും ചില്ലിലെ കൂളിങ് സ്റ്റിക്കറുമാണ് താല്‍ക്കാലികമായെങ്കിലും തന്നെ തുണച്ചതെന്ന് അലവിക്കുട്ടി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ഇതിനിടെ എങ്ങനെയെങ്കിലും പിരിഞ്ഞ് പോകട്ടെ എന്ന നിലയില്‍ 500 റിയാല്‍ പുറത്തേക്ക് എറിഞ്ഞ് കൊടുത്തെങ്കിലും അതില്‍ തൃപ്തനാകാതെ ഇയാള്‍ പരാക്രമം തുടര്‍ന്നു. വാഹനത്തിന്റെ വാതില്‍ തുറക്കാന്‍ നിരന്തരം ആക്രോശിച്ചുകൊണ്ടുമിരുന്നു. കത്തിയുമായി അഭ്യാസ പ്രകടനം നടത്തി ഒടുക്കം വാഹനത്തിന്റെ ബോണറ്റില്‍ കയറി ഇരുന്നതോടെ ധൈര്യം വീണ്ടെടുത്ത് രണ്ടും കല്‍പിച്ച് അലവിക്കുട്ടി ഇറങ്ങി ഓടുകയായിരുന്നു. ഭാഗ്യത്തിന് അതുവഴി വന്ന പാക്കിസ്ഥാന്‍ സ്വദേശിയുടെ ലിമോസിനി(ടാക്ലി)ല്‍ കയറി മരണമുഖത്ത് നിന്നു രക്ഷപ്പെട്ടു.

തന്റെ രണ്ടാം ജന്മമാണിതെന്നാണ് അലവിക്കുട്ടി സംഭവത്തെ വിശേഷിപ്പിക്കുന്നത്. വിവരങ്ങള്‍ അന്വേഷിച്ച പാക്കിസ്ഥാനി തന്റെ സുഹൃത്ത് ഓടിച്ച മറ്റൊരു വാഹനവും കൂട്ടി സംഭവസ്ഥലത്തേക്ക് തിരിച്ച് വന്നെങ്കിലും അപ്പോഴേയ്ക്കും അക്രമി രക്ഷപ്പെട്ടിരുന്നു. പിന്നീട് പൊലീസില്‍ വിവരമറിയിച്ചു. റിയാദ് കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം അനിഷ്ട സംവങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ ഭീതിയിലാണ്. രാത്രി സമയങ്ങളിലും വിജനമായ ഗലികളിലും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് നേരെ സമാനമായ അനുഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *