അപരിചിതനു ബാങ്ക് അക്കൗണ്ട് നമ്പർ നൽകി വെട്ടിലായ മലയാളി; 5 മാസത്തെ ജയിൽ വാസം, ആ കഥ ഇങ്ങനെ…

അബഹ : സ്വന്തം അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്ത് അപരിചിതനെ സഹായിച്ചു സൗദിയിൽ കെണിയിലായ മലയാളിക്ക് ഒടുവിൽ മോചനം.

മുൻ പരിചയമില്ലാത്ത പാക്കിസ്ഥാൻ സ്വദേശിക്ക് ഇഖാമ പുതുക്കുന്നതിനു തന്റെ അക്കൗണ്ട് വഴി പണമയക്കാൻ സമ്മതിച്ചതോടെയാണു മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വേദേശിയായ സക്കീർ ഹുസൈൻ വെട്ടിലാകുന്നത്.

റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം തന്റെ അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കാൻ എടിഎം കൗണ്ടറിൽ ചെന്നപ്പോൾ അവിടെ വച്ചാണ് പാക്കിസ്ഥാനി പൗരൻ സഹായമഭ്യർഥിക്കുന്നത്.

ഇഖാമ പുതുക്കുന്നതിനു പണം ആവശ്യമുണ്ടെന്നും അബഹയിലുള്ള സഹോദരൻ അയക്കാൻ സന്നദ്ധമായ  പണം സ്വീകരിക്കാൻ  സ്വന്തമായി അക്കൗണ്ട് ഇല്ലെന്നുമായിരുന്നു ഇദ്ദേഹം ധരിപ്പിച്ചത്.

തുടർന്നുള്ള സംസാരത്തിൽ ഹുസൈന്റെ അക്കൗണ്ട് നമ്പർ ആവശ്യപ്പെടുകയും ദയ തോന്നിയ അദ്ദേഹം നമ്പർ കൈമാറുകയും ചെയ്തു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഉടനെ 4500 റിയാൽ ക്രഡിറ്റായി അപ്പോൾ തന്നെ പണം പിൻവലിച്ച് പാകിസ്ഥാനിക്ക് നൽകുകയും ചെയ്തു. പക്ഷേ ഇതൊരു കുരുക്കാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. ആ കഥ ഇങ്ങനെ;

സഹായിച്ചത് സാമ്പത്തിക തട്ടിപ്പുകാരെ

ഏതാനും ദിവസങ്ങൾക്ക് ശേഷം  സക്കീർ  ഹുസൈൻ സാമ്പത്തിക തട്ടിപ്പ്കേസിൽ പ്രതിയാണെന്നും  അബഹ പോലീസ് സ്റ്റേഷനിൽ ഹാജരാകാണാമെന്നും ആവശ്യപ്പെട്ടുള്ള  സന്ദേശം  തന്റെ സ്പോൺസർക്ക് ലഭിക്കുന്നു.

അബഹയിൽ നിന്ന് എഴുപത് കിലോമീറ്റർ ദൂരെയുള്ള റിജാൽ അൽമ എന്ന ഗ്രാമപ്രദേശത്തെ സൗദി പൗരന്റെ 91,000  റിയാൽ (ഏകദേശം 17.5 ലക്ഷം ഇന്ത്യൻ രൂപ) ബാങ്കിൽ നിന്നു ഹാക്ക് ചെയ്യപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചിരുന്നു.

അന്വേഷണത്തിൽ അതു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും പൊലീസിനു മനസ്സിലായി.

സക്കീർ ഹുസൈന്റെ അക്കൗണ്ടിലേക്കും 4500 റിയൽ വന്നതായി പൊലീസ് കണ്ടെത്തിയതോടെയാണ് ഇദ്ദേഹത്തെ വിളിപ്പിച്ചത്ത്.

സ്റ്റേഷനിൽ ഹാജരായ സക്കീറിനെ ഉടൻ  അറസ്റ്റു ചെയ്ത് ജയിലിലടക്കുകയും ചെയ്തു.

‘ഒരു ദിവസം ബാങ്കിൽ നിന്നാണ് എന്ന് പരിചയപ്പെടുത്തുകയും  വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും  പറഞ്ഞ് എടിഎം കാർഡ് നമ്പറും പാസ് വേർഡും ആവശ്യപ്പെട്ട് ഒരു ഫോൺ കാൾ വന്നു. പിന്നീട് തന്റെ ബാങ്കിലുള്ള  91,000 റിയാൽ  നഷ്ടപ്പെടുകയാണുണ്ടായതെന്ന് തട്ടിപ്പിന് ഇരയായ അബഹയിലെ  അഹമദ് അസീരി എന്ന സൗദി പൗരൻ  പറയുന്നു. ഇതു തിരിച്ചറിഞ്ഞ സൗദി പൗരൻ നൽകിയ പരാതിയിലാണ് പണം ട്രാൻസ്ഫർ ചെയ്യപ്പെട്ട ഒരു അക്കൗണ്ടിന്റെ ഉടമയായ സക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് മാസത്തോളം ജയിലിൽ

തന്റെ നിരപരാധിത്വം തെളിയിക്കാനാകാതെ അഞ്ചു  മാസത്തോളം സക്കീറിന് ജയിലിൽ കിടക്കേണ്ടി വന്നു. തുടർന്നു നാട്ടിലുള്ള സക്കീറിന്റെ കുടുംബം മക്കയിലെ ഗഫ്ഫാർ വഴി അബഹയിലെ സോഷ്യൽ ഫോറത്തിന്റെ സഹായം തേടി.

സിസിഡബ്ല്യൂഎ അംഗവും അസീർ സോഷ്യൽ ഫോറം വെൽഫയർ കൺവീനറുമായ സൈദ് മൗലവി അരീക്കോട്  സക്കീറിനെ റിജാൽ ആൽമ  ജയിലിൽ പോയി കാണുകയും കേസ് പഠിച്ച് സക്കറിന് വേണ്ടി മൂന്നു തവണ കോടതിയിൽ ഹാജരാകുകയും ചെയ്തു.

അങ്ങനെ  സക്കീറിന്റെ   നിരപരാധിത്വം ജഡ്ജിയെ ബോധ്യപ്പെടുത്താനുമായി. തുടർന്ന് പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിൽ ചില നിബന്ധനകളോടെ കോടതി സക്കീർ ഹുസൈനെ കുറ്റവിമുക്തനാക്കി ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവായി.

എന്നാൽ പബ്ലിക്ക് പ്രോസിക്യൂഷന് അപ്പീൽ നൽകാനായി അനുവദിച്ച സമയം കഴിയുന്നതിനും അപ്പീൽ കോടതിയിൽ നിന്ന്  വിധി അംഗീകാരമായി വരുന്നതിനും മുമ്പ്  സ്പോൺസർ സക്കീറിനെ ഹുറൂബാക്കിയത്  മറ്റൊരു വിനയായി. അതു കാരണം പുറത്തിറങ്ങാൻ ചില തടസ്സങ്ങൾ നേരിട്ടെങ്കിലും കഴിഞ്ഞ ദിവസം സക്കീർ മോചിതനായി.

ഇന്ത്യക്കാരുൾപ്പെടെ ചിലർ കൂടി ജയിലിൽ

ഭീമമായ തുക അക്കൗണ്ടിലേക്ക് വരികയും ഇതേ കേസിൽ കണ്ണി ചേർക്കപ്പെടുകയും ചെയ്ത  തേജ്പാൽ സിംഗ്  എന്നു പേരുള്ള ഇന്ത്യക്കാരൻ ഉൾപ്പെടെ ഏതാനും ചിലർ കൂടി  ജയിലിൽ ഇപ്പോഴുമുണ്ട്.

മക്കയിലുള്ള ഒരു സ്വദേശിയുടെ 3000 റിയാലും മഹായിൽ ഭാഗത്തുള്ള മറ്റൊരാളുടെ 10000  റിയാലും ഇതേ സംഘം തട്ടി എടുത്ത കേസും നിലവിലുണ്ട്.

അപരിചിതർക്ക് ബാങ്ക് അക്കൗണ്ട് നമ്പർ നൽകരുത്

പണം സ്വീകരിക്കുന്നതിന് അപരിചിതർക്ക് ഒരു കാരണവശാലും സ്വന്തം അക്കൗണ്ട് നമ്പർ നൽകരുതെന്നും  ഇതു പല സാമ്പത്തിക തട്ടിപ്പുകളിലും കണ്ണിയാകാൻ ഇടയാക്കുമെന്നും അബയിലെ സാമൂഹിക പ്രവർത്തകനും കേസിൽ ഇടപെട്ട മലയാളിയുമായ കോടതിയിലെ  തർജുമക്കാരൻ  സൈദ് മൗലവി അരീക്കോട് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *