ചതിച്ച കാമുകിയെ കൊന്ന് മൃതദേഹവുമായി ഇന്ത്യക്കാരൻ ദുബായിൽ ചുറ്റിയടിച്ചു ; നടന്നത് നാടകീയ രംഗങ്ങള്‍

ദുബായ് : കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ദുബായിൽ ഇന്ത്യൻ യുവാവ് കാറിൽ കറങ്ങിയത് മുക്കാൽ മണിക്കൂർ; അതും മുൻവശത്ത് തന്റെ അരികിലെ സീറ്റിൽ മൃതദേഹം ഇരുത്തിക്കൊണ്ട്.

ഇതിനിടെ പ്രതി ഷോപ്പിങ് നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.

പിന്നീട് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസിന്റെ വിചാരണ ദുബായ് പ്രാഥമിക കോടതിയിൽ ഞായറാഴ്ച ആരംഭിച്ചു.

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. 27കാരനാണ് ഇന്ത്യക്കാരിയായ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം തന്റെ കാറിന്റെ മുൻസീറ്റിലിരുത്തി യാത്ര ചെയ്യുകയായിരുന്നു.

പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള യാത്ര പക്ഷേ, 45 മിനിറ്റോളം നീണ്ടു. വഴിയിൽ കാർ പാർക്ക് ചെയ്ത് ഷോപ്പിങ് നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തപ്പോഴെല്ലാം മൃതദേഹം കാറിൽ തന്നെയായിരുന്നു.

പിന്നീട്, മുറഖബാദ് പൊലീസ് സ്റ്റേഷന് മുന്നിലെ പാർക്കിങ്ങിൽ കാർ നിർത്തി പ്രതി നേരെ ചെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങുകയായിരുന്നു.

വസ്ത്രത്തിൽ മുഴുവൻ ചോരപ്പാടുമായാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയതെന്നും ഇതു കണ്ടപ്പോൾ അമ്പരപ്പു തോന്നിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകി.

താൻ കാമുകിയെ കൊലപ്പടുത്തിയെന്നും മൃതദേഹം കാറിലുണ്ടെന്നും പ്രതി വെളിപ്പെടുത്തിയത് വിറച്ചുകൊണ്ടായിരുന്നു. ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കാർ പരിശോധിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കട്ടിയുള്ള സൺഷേഡ് ഒട്ടിച്ച ഗ്ലാസുകളായിരുന്നു കാറിന്റേത് എന്നതിനാലാണ് പുറത്തുള്ളവർ മൃതദേഹം കാണാത്തത്.

യുവതിയുടെ കഴുത്തു മുറിഞ്ഞ് ചോരയൊലിക്കുന്നതും പിറകിലെ സീറ്റിൽ രക്തംപുരണ്ട കത്തിയും കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അഞ്ച് വർഷത്തെ പ്രണയം; ഒടുവിൽ കൊല

കൊല്ലപ്പെട്ട യുവതിയുമായി താൻ അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി കോടതിയിൽ മൊഴി നൽകി.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും മനസിലാവുകയും, അയാളുമായി കാമുകി സംസാരിക്കുന്നത് കാണുകയും ചെയ്തു.

ഇത് അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചു. യുവതിയെ സ്നേഹം നടിച്ച് ദുബായ് ബുർജുമാൻ ഷോപ്പിങ് സെന്ററിന്റെ പാർക്കിങ്ങിലേയ്ക്ക് വരാൻ പറഞ്ഞു. മകൾ തന്നെ ചതിച്ചതിന് പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്നും ഇതിനിടെ പ്രതി യുവതിയുടെ കുടുംബത്തിന് ഇ–മെയിലുകളയച്ചിരുന്നു.

രക്തം പുരണ്ട ഇ–മെയിൽ പ്രിന്റൗട്ടുകൾ പ്രതി തനിക്ക് പിന്നീട് കൈമാറിയതായും അതുകണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

രണ്ടു മണിക്കൂറോളം പ്രതി കാറിലിരുന്ന് യുവതിയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. വിവാഹത്തിന് തന്റെ കുടുംബം എതിരാണെന്ന് യുവതി പറഞ്ഞതിൽ പ്രകോപിതനായ പ്രതി കാറിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ നെഞ്ചിലേയ്ക്കു കുത്തുകയും തുടർന്ന് കഴുത്തറുക്കുകയുമായിരുന്നുവെന്നും സമ്മതിച്ചു.

യുവതി മരിച്ചു എന്നുറപ്പായപ്പോൾ കാറിൽ വെളിയിലിറങ്ങി. അടുത്തുള്ള റസ്റ്ററന്റിൽ ചെന്ന് ഭക്ഷണവും ഒരു കുപ്പി വെള്ളവും വാങ്ങി.

കാറിലിരുന്ന് തന്നെ ഭക്ഷണം കഴിച്ചു. നഗരത്തിലൂടെ കറങ്ങുന്നതിന് മുൻപ് നന്നായി വെള്ളവും കുടിച്ചു. അവസാനം പൊലീസിൽ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

സിസിടിവിയിൽ കാറിന്റെ ദൃശ്യങ്ങൾ

ബുർജ്മാൻ സെന്ററിലെ പാർക്കിങ്ങിലെ സിസിടിവിയിൽ പ്രതിയുടെ കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

രാത്രി 9.37നാണ് കാർ പാർക്കിങ്ങിലെത്തിയത്. 11.30 വരെ അവിടത്തന്നെ കിടക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

പ്രതി ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്നും വധശിക്ഷ തന്നെ നൽകണമെന്നും വാദിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇൗ മാസം 24ന് വിചാരണ തുടരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *