തൊണ്ടയിൽ കുരുങ്ങിയ മീൻ മുള്ളിൽ തുടങ്ങിയ ദുരന്തം; ജീവിതം വീണ്ടെടുത്ത് മലയാളി

അബുദാബി : മുള്ളിൽ കുരുങ്ങി വെന്റിലേറ്റർ വരെ എത്തിയ ജീവിതം വീണ്ടെടുത്ത് ആലപ്പുഴ എടത്വ സ്വദേശി കറുകച്ചേരിൽ മനോജ് മോഹൻ നാട്ടിലേക്കു മടങ്ങി.

മാസങ്ങൾ നീണ്ട ആശുപത്രി വാസത്തിൽ നിന്നാണ് മനോജ് ജീവിതം തിരികെപ്പിടിച്ചത്.

തൊണ്ടയിൽ കുരുങ്ങിയ മീൻ മുള്ള് പുറത്തെടുക്കാൻ അബുദാബി മുസഫയിലെ  സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം അണുബാധ ഉണ്ടായതാണ് മനോജിന്റെ ജീവൻ അപകടത്തിലാക്കിയത്.

തുടർന്ന് ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിലായി.

തലച്ചോറിലും സുഷുമ്ന നാഡിയിലും  ഉണ്ടായ അണുബാധയെ തുടർന്ന് ഏറെ നാൾ അബോധാവസ്ഥയിലായിരുന്നു.

പഴുപ്പ് നീക്കാൻ അടിയന്തര ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും തളർന്നുപോയ മനോജ് 2 ആഴ്ചയിലേറെ വെന്റിലേറ്ററിലായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അത്യാധുനിക ചികിത്സയ്ക്കൊപ്പം പ്രാർഥനയും ചേർന്നതോടെ അത്ഭുതകരമായ തിരിച്ചുവരവായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

manoj-mohan-with-wife

6 ആഴ്ചകൾ നീണ്ട വിദഗ്ധ ചികിത്സയിലൂടെയാണ് മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കോവിഡ് പരിശോധന പല തവണ നടത്തിയിരുന്നു. ദൈവാനുഗ്രഹം, എല്ലാ ഫലവും നെഗറ്റീവായിരുന്നു.

കൈവിട്ടുപോകുമായിരുന്ന ജീവിതത്തെ കരയ്ക്കടുപ്പിച്ചില്ലേ, ഇനി പിടിച്ചുനിൽക്കും. കുടുംബത്തിന്റെ തണലിലെത്തുമ്പോൾ കൂടുതൽ കരുത്തുനേടും. ദൈവത്തിനു നന്ദി, ചികിത്സിച്ച ഡോക്ടർമാർക്കും, ഒപ്പം ഈ രാജ്യത്തെ ഭരണാധികാരികൾക്കും– മനോജ് ‘ പറഞ്ഞു.

ഭാര്യയും 2 മക്കളും അമ്മയുടെ അടങ്ങുന്ന കുടുംബത്തിന്റെ സ്നേഹത്തണലിൽ ഇനി കുറച്ചുനാൾ കഴിയണം, ആരോഗ്യം പൂർണമായി വീണ്ടെടുത്ത് ജോലിക്ക് വരണം, മനോജ് പറഞ്ഞുനിർത്തി.

അബുദാബി യൂണിയൻ പൈപ്പ് ഇൻഡസ്ട്രീസ് കമ്പനിയിൽ വെൽഡറായിരുന്നു. ജനുവരിയിൽ കഴിച്ച മീനിന്റെ മുള്ളാണ് 6 മാസത്തോളം മനോജിനെ  മുൾമുനയിൽ നിർത്തിയത്.  3 ആഴ്ചത്തെ ഫിസിയോ തെറപ്പി കൂടി ബാക്കിയുണ്ട്.

അത് നാട്ടിലെത്തി തുടരണം. ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. ചികിത്സയെല്ലാം സൗജന്യമാക്കിയ ആശുപത്രി അധികൃതർക്കു സഹോദരൻ ദിലീപും നന്ദി അറിയിച്ചു.

ഇതേസമയം മനോജിനെ എയർ ആംബുലൻസിൽ  എത്രയുംവേഗം നാട്ടിൽ എത്തിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും എംബസിക്കും നേരത്തെ പരാതി നൽകിയിരുന്നു.

എന്നാൽ അൽപം വൈകിയാണെങ്കിലും വീട്ടിലേക്കു നടന്നുകയറാനാവുന്നതിന്റെ സന്തോഷത്തിലാണ് മനോജ് യുഎഇയോട് യാത്ര പറഞ്ഞത്. ഇന്നലെ വന്ദേഭാരത് വിമാനത്തിൽ നാട്ടിലെത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *