പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയില്‍ ഫാര്‍മസി ഷോപ്പുകളിലും സ്വദേശിവല്‍ക്കരണത്തിന് മുറവിളി

ജിദ്ദ: സൗദിയിലെ ഫാര്‍മസി ഷോപ്പുകളിലും സ്വദേശിവല്‍ക്കരണത്തിന് മുറവിളി. രാജ്യത്തെ മിക്ക ഫാര്‍മസി ഷോപ്പുകളും സൗദി ജീവനക്കാരെ ജോലിക്ക് നിര്‍ത്താന്‍ വിസമ്മതിക്കുകയാണെന്നും അതിനാല്‍ ഈ മേഖലയിലും സൗദിവല്‍ക്കരണം ആനിവാര്യമാണെന്നും സൗദി ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ഖാലിദ് അല്‍ ബറൈക്കാന്‍ പറഞ്ഞു. രാജ്യത്തെ 8500ലേറെ വരുന്ന ഫാര്‍മസി ഷോപ്പുകളിലായി 21530 വിദേശികള്‍ ജോലി ചെയ്യുമ്പോഴാണ് ഫാര്‍മസി ബിരുദമുള്ള ഒട്ടനവധി സൗദി യുവതീയുവാക്കള്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലെ 25000 ഫാര്‍മസിസ്റ്റുകളില്‍ 22 ശതമാനം മാത്രമാണ് സൗദികള്‍. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പിടിപ്പുകേടാണ് ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ സാധിക്കാത്തതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓരോ ഫാര്‍മസിയിലെയും മാനേജര്‍ സൗദി പൗരനാവണമെന്ന് നിബന്ധന വയ്ക്കണമെന്നും ഫാര്‍മസികളിലെ ജോലി സമയം തൊഴില്‍ നിയമപ്രകാരം നിജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മേഖലയിലേക്ക് സൗദികളെ ആകര്‍ഷിക്കാന്‍ ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കണം. കമ്മ്യൂണിറ്റി ഫാര്‍മസികളില്‍ വനിതാ ഫാര്‍മസിസ്റ്റുകളെ നിയമിക്കാനുള്ള തീരുമാനം ശ്ലാഘനീയമാണ്. നിരവധി സൗദി ഫാര്‍മസിസ്റ്റുകള്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുകയുണ്ടായി.

അതേസമയം, വെല്ലുവിളികള്‍ നിരവധിയുണ്ടെങ്കിലും ഫാര്‍മസി മേഖലയില്‍ സൗദിവല്‍ക്കരണവുമായി മന്ത്രാലയം മുന്നോട്ടുപോവുകയാണെന്ന് സൗദി തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആരോഗ്യമന്ത്രാലയം 14,188 ഫാര്‍മസിസ്റ്റുകളെ നിയമിച്ചപ്പോള്‍ അവരില്‍ 1418 പേര്‍ മാത്രമായിരുന്നു വിദേശികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ ഫാര്‍മസികളിലെ കുറഞ്ഞ ശമ്പളമാണ് സൗദികള്‍ ആരംഗത്ത് ജോലി ചെയ്യാന്‍ വിമുഖത കാണിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സൗദി ഫാര്‍മസികളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ഈജിപ്തുകാരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *